Tweet 1335

    Tweet 1335
    February 8, 2026 • Sunday
    Post Header

    ഹിബ്ബാൻ ഇബ്നു ബുഹ് അസ്സുദാഈ(റ) പറയുന്നു: “എന്റെ ഗോത്രക്കാർ അവിശ്വാസികളായി ഇസ്‌ലാമിൽ നിന്ന് പുറത്തുപോയി എന്ന ധാരണയിൽ തിരുനബിﷺ അവർക്കെതിരെ ഒരു സൈന്യത്തെ സജ്ജമാക്കിയതായി എനിക്ക് വിവരം ലഭിച്ചു. ഞാൻ നബിസവിധത്തിൽ ചെന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ ഗോത്രക്കാർ ഇസ്‌ലാമിൽ തന്നെയാണ്.’ തിരുനബിﷺ ചോദിച്ചു: ‘അങ്ങനെയാണോ?’ ഞാൻ പറഞ്ഞു: ‘അതെ.’

    അന്ന് രാത്രി മുഴുവൻ ഞാൻ നബിﷺയെ അനുഗമിച്ചു. പ്രഭാതമായപ്പോൾ ഞാൻ നിസ്കാരത്തിന് ബാങ്ക് വിളിച്ചു. തിരുനബിﷺ എനിക്ക് ഒരു പാത്രം നൽകി, ഞാൻ അതിൽ നിന്ന് വുളൂഅ് ചെയ്തു. നബിﷺ തിരുവിരലുകൾ ആ പാത്രത്തിൽ വെച്ചു. അപ്പോൾ അതിൽ നിന്ന് ഉറവകൾ പൊട്ടിയൊഴുകി. തിരുനബിﷺ പറഞ്ഞു: ‘നിങ്ങളിൽ ആർക്കെങ്കിലും വുളൂഅ് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്തുകൊള്ളുക.’

    ഞാൻ വുളൂഅ് ചെയ്യുകയും നിസ്കരിക്കുകയും ചെയ്തു. ശേഷം നബിﷺ എന്നെ എന്റെ ഗോത്രക്കാരുടെ നേതാവായി നിശ്ചയിക്കുകയും അവരുടെ സ്വദഖ ശേഖരിക്കാൻ ഏൽപ്പിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേﷺ, ഇന്ന ആൾ എന്നോട് അക്രമം കാണിച്ചു.’ അപ്പോൾ റസൂൽﷺ പറഞ്ഞു: ‘ഒരു മുസ്‌ലിമിന് നേതൃപദവിയിൽ ഗുണമില്ല.’

    തുടർന്ന് മറ്റൊരാൾ സ്വദഖ ചോദിച്ചുകൊണ്ട് വന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘തീർച്ചയായും സ്വദഖ എന്നത് തലവേദനയും വയറ്റിലെ അസ്വസ്ഥതയും അല്ലെങ്കിൽ രോഗവുമാണ്.’ ഇത് കേട്ടപ്പോൾ ഞാൻ എന്റെ നേതൃത്വത്തിന്റെ നിയമന ഉത്തരവ് തിരികെ നൽകി. തിരുനബിﷺ ചോദിച്ചു: ‘നിനക്ക് എന്തുപറ്റി?’ ഞാൻ പറഞ്ഞു: ‘അവിടുന്ന് ഇത്തരം കാര്യങ്ങൾ കേട്ട സ്ഥിതിക്ക് ഞാനിത് എങ്ങനെ സ്വീകരിക്കും?’ തിരുനബിﷺ പറഞ്ഞു: ‘നീ കേട്ടത് സത്യം തന്നെയാണ്.'”

    വുളൂഅ് ചെയ്യുന്ന പാത്രത്തിലെയും കുടത്തിലെയും വെള്ളത്തിൽ നബിﷺ ബറക്കത്ത് ചൊരിഞ്ഞ് വർദ്ധിപ്പിച്ചത് സംബന്ധിച്ച ചില നിവേദനങ്ങളിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്.

    ഇമാം അഹ്‌മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ഇബ്നു ജരീർ അത്ത്വബരി(റ) അബൂ ഖതാദ(റ)യിൽ നിന്നും ബൈഹഖി(റ) അനസ്(റ)ൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ ഒരു യാത്രയിലായിരുന്നു. അവിടുന്ന് അബൂ ഖതാദ(റ)യോട് ചോദിച്ചു: “നിങ്ങളുടെ കൈവശം വെള്ളമുണ്ടോ?” ഞാൻ പറഞ്ഞു: “അതെ, വുളൂഅ് ചെയ്യുന്ന പാത്രത്തിൽ അല്പം വെള്ളമുണ്ട്.” തിരുനബിﷺ പറഞ്ഞു: “അത് ഇങ്ങോട്ട് കൊണ്ടുവരിക.” അബൂ ഖതാദ(റ) പറയുന്നു: ഞാൻ അത് കൊണ്ടുവന്നു. അപ്പോൾ നബിﷺ അനുചരന്മാരോട് പറഞ്ഞു: “വരൂ, ഇതിൽ തൊടൂ, വുളൂഅ് ചെയ്യൂ.” നബിﷺ അവർക്ക് വെള്ളം ഒഴിച്ചുകൊടുത്തു, എല്ലാവരും വുളൂഅ് ചെയ്തു. അവസാനം ഒരു തുള്ളി മാത്രം ബാക്കിയായി. അപ്പോൾ നബിﷺ പറഞ്ഞു: “അബൂ ഖതാദാ(റ), ഇത് സൂക്ഷിച്ചു വെക്കുക. ഇതിന് വലിയൊരു അത്ഭുതം സംഭവിക്കാനുണ്ട്.”

    പിന്നീട് ആളുകൾ ദാഹത്താൽ വലഞ്ഞപ്പോൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾ ദാഹിച്ചു നശിച്ചുപോയിരിക്കുന്നു, ഞങ്ങളുടെ കഴുത്തുകൾ അറ്റുപോകുന്ന അത്രയും ദാഹം.” തിരുനബിﷺ പറഞ്ഞു: “നിങ്ങൾ നശിക്കുകയില്ല.” ശേഷം പറഞ്ഞു: “അബൂ ഖതാദാ(റ), ആ പാത്രം കൊണ്ടുവരൂ.” ഞാൻ അത് കൊണ്ടുവന്നു. നബിﷺ പറഞ്ഞു: “എന്റെ പാത്രം അഴിച്ചു തരൂ.” ഞാൻ അത് അഴിച്ചു കൊടുത്തു. തിരുനബിﷺ അതിൽ വെള്ളം പകരുകയും ആളുകൾക്ക് കുടിക്കാൻ നൽകുകയും ചെയ്തു.

    ജനം വെള്ളത്തിനായി തിക്കും തിരക്കും കൂട്ടിയപ്പോൾ നബിﷺ പറഞ്ഞു: “ജനങ്ങളേ, മാന്യമായി പെരുമാറൂ, നിങ്ങൾക്കെല്ലാവർക്കും കുടിക്കാൻ കിട്ടും.” അങ്ങനെ എല്ലാവരും കുടിച്ചു, മൃഗങ്ങൾക്ക് നൽകി, വാഹനങ്ങൾക്ക് നൽകി, അവരുടെ കൈവശമുള്ള പാത്രങ്ങളിലും തുകൽ പാത്രങ്ങളിലും വെള്ളം നിറച്ചു. അവസാനം ഞാനും നബിﷺയുമല്ലാതെ മറ്റാരും ബാക്കിയുണ്ടായിരുന്നില്ല.

    നബിﷺ പറഞ്ഞു: “അബൂ ഖതാദാ(റ), കുടിക്കൂ.” ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അവിടുന്ന് കുടിച്ചാലും.” അപ്പോൾ നബിﷺ പറഞ്ഞു: “ഒരു ജനതയ്ക്ക് വെള്ളം നൽകുന്നവൻ അവരിൽ ഏറ്റവും അവസാനമേ കുടിക്കാവൂ.” അങ്ങനെ ഞാൻ കുടിച്ചു, എനിക്ക് ശേഷം നബിﷺയും കുടിച്ചു. അത്ഭുതമെന്നു പറയട്ടെ മുന്നൂറോളം ആളുകൾ ഉണ്ടായിരുന്നിട്ടും ആ പാത്രത്തിൽ ആദ്യമുണ്ടായിരുന്ന അത്രയും വെള്ളം അപ്പോഴും ബാക്കിയുണ്ടായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...