
അബൂ നുഐമി(റ)ൻ്റെ റിപോർട്ടിൽ അബൂ റാഫിഅ്(റ) നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺക്കൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു: “ജനങ്ങളേ, ഓരോരുത്തരും അവരവരുടെ തോൽപാത്രങ്ങളിൽ വെള്ളമുണ്ടോ എന്ന് തിരയട്ടെ.”
അവർക്ക് ഒരാളുടെ പക്കൽ നിന്നല്ലാതെ വെള്ളം കണ്ടെത്താനായില്ല. തിരുനബിﷺ അത് ഒരു പാത്രത്തിലേക്ക് ഒഴിച്ചു, എന്നിട്ട് പറഞ്ഞു: “നിങ്ങൾ വുളൂഅ് /അംഗശുദ്ധി വരുത്തുക.” അബൂ റാഫിഅ്(റ) പറയുന്നു: “തിരുനബിﷺയുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവയെടുക്കുന്നത് ഞാൻ കണ്ടു. ആ യാത്രാസംഘത്തിലുള്ള എല്ലാവരും വുളൂഅ് ചെയ്തു തീരുന്നത് വരെ അത് തുടർന്നു. ശേഷം അവിടുത്തെ ഇരു കൈകളും ചേർത്തുവെച്ചു. അപ്പോൾ ആ പാത്രത്തിൽ ആദ്യം ഒഴിച്ച അത്ര തന്നെ വെള്ളമേ ഉണ്ടായിരുന്നുള്ളൂ അഥവാ അതിൽ നിന്നും ഒന്നും കുറഞ്ഞതായി എനിക്ക് തോന്നിയില്ല.”
അബൂ ഉംറ അൽ അൻസ്വാരി(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലിﷺനോടൊപ്പം ഒരു യുദ്ധത്തിലായിരുന്നു. അന്ന് ജനങ്ങൾ കടുത്ത വിശപ്പും ദാഹവും അനുഭവിക്കുകയായിരുന്നു. അപ്പോൾ നബിﷺ ഒരു പാത്രം ആവശ്യപ്പെട്ടു, അത് അവിടുത്തെ മുൻപിൽ ഹാജരാക്കി. ശേഷം അൽപ്പം വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും അത് അതിൽ ഒഴിക്കുകയും ചെയ്തു. പിന്നീട് നബിﷺ ആ പാത്രത്തിന്മേൽ കൈ തടവുകയും അല്ലാഹു ഉദ്ദേശിച്ച ചില വാക്കുകൾ പ്രാർഥിക്കുകയും ചെയ്തു. അതിനുശേഷം അവിടുന്ന് ചെറുവിരൽ അതിൽ ഇറക്കി വെച്ചു. അബൂ ഉംറ(റ) സത്യം ചെയ്ത് പറയുന്നു: “അല്ലാഹുവാണെ സത്യം! നബിﷺയുടെ വിരലുകൾക്കിടയിലൂടെ ഒരു ഉറവയായി വെള്ളം പുറത്തേക്ക് പ്രവഹിക്കുന്നത് ഞാൻ കണ്ടു.”
പിന്നീട് ജനങ്ങളോട് കുടിക്കാനും അവരുടെ തോൽപാത്രങ്ങളും വലിയ പാത്രങ്ങളും നിറയ്ക്കാനും നബിﷺ കൽപ്പിച്ചു. എല്ലാവരും അത് നിറച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ അണപ്പല്ലുകൾ കാണുമാറ് സന്തോഷത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ആരെങ്കിലും ഈ രണ്ടു കാര്യങ്ങളിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കില്ല.”
അബൂ നുഐം(റ) റിപ്പോർട്ട് ചെയ്ത നിവേദനമാണിത്.
മുസ്‌ലിം(റ), ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ റിപ്പോർട്ട് ചെയ്തു. ജാബിർ(റ) പറയുന്നു: ദാത്തുർ-രിഖാഅ് യുദ്ധവേളയിൽ തിരുനബിﷺ എന്നോട് പറഞ്ഞു: “ജാബിർ(റ), വുളൂഅ് ചെയ്യാൻ വെള്ളമുണ്ടോ എന്ന് വിളിച്ചു ചോദിക്കൂ.” ഞാൻ വിളിച്ചു ചോദിച്ചു: “വുളൂഅ് ചെയ്യാൻ വെള്ളമുണ്ടോ? വുളൂഅ് ചെയ്യാൻ വെള്ളമുണ്ടോ?”
ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, യാത്രാസംഘത്തിൽ ഒരിറ്റു വെള്ളം പോലും ഞാൻ കണ്ടില്ല.” അൻസ്വാരികളിൽപ്പെട്ട ഒരാൾ നബിﷺക്ക് വേണ്ടി വെള്ളം തണുപ്പിച്ചു വെക്കാറുണ്ടായിരുന്നു. നബിﷺ എന്നോട് പറഞ്ഞു: “നീ ഇന്ന അൻസ്വാരിയുടെ അടുക്കൽ പോയി അദ്ദേഹത്തിന്റെ തോൽപാത്രങ്ങളിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കൂ.” ഞാൻ അവിടെ ചെന്നു നോക്കിയപ്പോൾ ഒരു തോൽപാത്രത്തിന്റെ വായ്‌വട്ടത്തിൽ ഒരിറ്റു വെള്ളമല്ലാതെ മറ്റൊന്നും കണ്ടില്ല. ഞാൻ അത് പകരാൻ ശ്രമിച്ചാൽ അതിന്റെ ഉണങ്ങിയ ഭാഗം തന്നെ അത് വലിച്ചെടുത്തേക്കാം അത്രയും കുറഞ്ഞ അളവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ തിരുനബിﷺയോട് വിവരം പറഞ്ഞു. അവിടുന്ന് പറഞ്ഞു: “നീ പോയി അത് എടുത്തു കൊണ്ടുവരൂ.”
ഞാൻ അത് കൊണ്ടുവന്നു. തിരുനബിﷺ അത് കയ്യിലെടുത്തു. എന്നിട്ട് എനിക്ക് മനസ്സിലാവാത്ത എന്തോ ചില വാക്കുകൾ മന്ത്രിക്കുകയും തിരുകരം കൊണ്ട് അതിൽ അമർത്തുകയും ചെയ്തു. ശേഷം എനിക്ക് നൽകിക്കൊണ്ട് പറഞ്ഞു: “ജാബിർ(റ), വലിയൊരു പാത്രം കൊണ്ടുവരാൻ പറയൂ.” ഞാൻ പാത്രം കൊണ്ടുവന്നു. അത് തിരുനബിﷺയുടെ മുന്നിൽ വെച്ചു. നബിﷺ കൈ ആ പാത്രത്തിൽ വെച്ചു, വിരലുകൾ വിടർത്തിപ്പിടിച്ചു പാത്രത്തിന്റെ അടിഭാഗത്ത് വെച്ചു. എന്നിട്ട് പറഞ്ഞു: “ജാബിർ(റ), നീ ഇത് എന്റെ കയ്യിലേക്ക് ഒഴിക്കൂ, ബിസ്മില്ലാഹ്’ എന്ന് പറയുകയും ചെയ്യൂ.” ജാബിർ(റ) പറയുന്നു: “അവിടുത്തെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവയെടുക്കുന്നത് ഞാൻ കണ്ടു! ആ വലിയ പാത്രം നിറഞ്ഞു കവിയുന്നത് വരെ വെള്ളം വന്നുകൊണ്ടിരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: ‘വെള്ളം ആവശ്യമുള്ളവർ വരട്ടെ’. ജനങ്ങളെല്ലാം വന്ന് ദാഹം തീർക്കുകയും വെള്ളം ശേഖരിക്കുകയും ചെയ്തു. തിരുകരം പാത്രത്തിൽ നിന്ന് എടുത്തപ്പോഴും ആ പാത്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
