
കവിതയുടെ തുടർച്ച ഇങ്ങനെയാണ്..
വരൾച്ച കാരണം സ്തനങ്ങളിൽ നിന്ന് രക്തം പൊടിയുന്ന അവസ്ഥയിൽ ഞങ്ങൾ അങ്ങയുടെ അരികിൽ വന്നിരിക്കുന്നു. കുഞ്ഞിനെപ്പോലും ശ്രദ്ധിക്കാൻ കഴിയാത്തവിധം ഉമ്മമാർ പ്രയാസത്തിലാണ്.
വിശപ്പും തളർച്ചയും കാരണം കൈകൾ നിലത്തൂന്നി നിൽക്കുന്ന കുട്ടിക്ക് കയ്പ്പോ മധുരമോ തിരിച്ചറിയാൻ കഴിയുന്നില്ല.
കയ്പ്പുള്ള കാട്ടുക്കായകളും രക്തം കലർത്തിയ രോമങ്ങളുമല്ലാതെ ജനങ്ങൾ ഭക്ഷിക്കുന്ന യാതൊന്നും ഞങ്ങളുടെ പക്കലില്ല. അങ്ങയിലേക്കല്ലാതെ ഞങ്ങൾക്ക് അഭയമില്ല; പ്രവാചകരിലേക്കല്ലാതെ ജനങ്ങൾ മറ്റെങ്ങോട്ടാണ് ഓടിപ്പോകുക?”
ഇത് കേട്ട തിരുനബിﷺ എഴുന്നേറ്റ് മിമ്പറിൽ കയറി ഇരു കൈകളും ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു:
“അല്ലാഹുവേ! ഞങ്ങൾക്ക് മഴ നൽകേണമേ; ആശ്വാസപ്രദവും സുഖകരവും സമൃദ്ധവും സർവ്വവ്യാപിയും ഒട്ടും വൈകാത്തതും ഉപകാരപ്രദവും ഉപദ്രവകരമല്ലാത്തതുമായ മഴ നൽകേണമേ. അതുവഴി അകിടുകളിൽ പാൽ നിറയ്ക്കാനും കൃഷികൾ മുളപ്പിക്കാനും മരിച്ചു കിടക്കുന്ന ഭൂമിക്ക് ജീവൻ നൽകാനും നീ അനുഗ്രഹിക്കേണമേ. ഇപ്രകാരം തന്നെയാണ് പരലോകത്ത് നിങ്ങളെയും പുറത്തെടുക്കപ്പെടുക.”
അല്ലാഹുവാണെ സത്യം! തിരുനബിﷺ കൈകൾ താഴേക്ക് താഴ്ത്തുന്നതിന് മുൻപേ തന്നെ ആകാശം അതിന്റെ ഭാരം മുഴുവൻ മഴയായി താഴേക്ക് ചൊരിഞ്ഞു. ജനങ്ങൾ ആകെ മഴയിൽ നനഞ്ഞു…
മഴ ശക്തമായപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർ ഒച്ചവെച്ചുകൊണ്ട് ഓടിവന്നു പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ! ഞങ്ങൾ മുങ്ങിപ്പോകാൻ തുടങ്ങിയിരിക്കുന്നു, അത്രയും വലിയ പേമാരി!”
അപ്പോൾ തിരുനബിﷺ അവിടുത്തെ കൈകൾ ആകാശത്തേക്ക് ഉയർത്തി പ്രാർഥിച്ചു: “അല്ലാഹുവേ, ഇത് ഞങ്ങളുടെ മേലെയല്ല, ഞങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളിൽ പെയ്യിക്കേണമേ.” ഉടൻ തന്നെ മദീനയുടെ മുകളിൽ നിന്ന് മേഘങ്ങൾ ഒഴിഞ്ഞുപോയി. അപ്പോൾ നബിﷺ തന്റെ അണപ്പല്ലുകൾ കാണുമാറ് ചിരിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: “അബൂ ത്വാലിബ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കണ്ണ് കുളിർക്കുമായിരുന്നു! ആരാണ് അദ്ദേഹത്തിന്റെ കവിതയൊന്നു ചൊല്ലിത്തരുക?”
അപ്പോൾ അലി(റ) എഴുന്നേറ്റു പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അവിടുന്ന് ഉദ്ദേശിച്ചത് ഈ വരികളാണോ?”
“ആ വെളുത്ത തിരുമുഖം മുഖേനയാണ് മേഘങ്ങളോട് മഴ തേടുന്നത്; അവിടുന്ന് അനാഥരുടെ അത്താണിയും വിധവകളുടെ സംരക്ഷകരുമാണ്.”
അപ്പോൾ കിനാന ഗോത്രത്തിൽപ്പെട്ട ഒരാൾ എഴുന്നേറ്റു നിന്ന് ഇപ്രകാരം പാടി:
“സ്തുതി നിനക്കാണ്, സ്തുതി അർഹിക്കുന്നവനാണ് നന്ദിയുള്ളവൻ. തിരുനബിﷺയുടെ തിരുമുഖം മുഖേന ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു.
അവിടുന്ന് സ്രഷ്ടാവായ അല്ലാഹുവിനോട് പ്രാർഥിച്ചു; കണ്ണുകൾ അവങ്കലേക്ക് ഉയർത്തി.
> മുളർ ഗോത്രത്തിലെ ഉന്നതർക്ക് അല്ലാഹു മഴ നൽകി; ഈ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച നേരത്തെ കേട്ട ആ വാർത്തയുടെ പ്രവചനത്തിന്റെ സാക്ഷ്യമാണ്.
> കൈകൾ താഴ്ത്തുന്ന സമയം പോലും എടുത്തില്ല, അതിവേഗം മഴത്തുള്ളികൾ മുത്തുകൾ പോലെ പെയ്യുന്നത് ഞങ്ങൾ കണ്ടു.”
> അവിടുത്തെ പിതൃവ്യൻ അബൂ ത്വാലിബ് പറഞ്ഞതുപോലെ തന്നെയായിരുന്നു കാര്യങ്ങൾ: പ്രശോഭിതമായ മുഖത്തിന്റെ ഉടമയാണ് അവിടുന്ന്.”
> “അവർ മുഖേന അല്ലാഹു മേഘങ്ങളിൽ നിന്ന് മഴ വർഷിക്കുന്നു. അല്ലാഹുവിനെ ആര് നിഷേധിക്കുന്നുവോ അവൻ നാശത്തെ അഭിമുഖീകരിക്കും.”
> ഇത് കേട്ടപ്പോൾ നബിﷺ പറഞ്ഞു: “തീർച്ചയായും നീയും നന്നായി പാടിയിരിക്കുന്നു.”
ബൈഹഖി(റ)യും ഇബ്‌നു അസാകിറും(റ) റിപ്പോർട്ട് ചെയ്തതിന്റെ സംഗ്രഹമാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
