
മഴ വൈകിയപ്പോൾ തിരുനബിﷺ അവിടുത്തെ ഉമ്മത്തിന് വേണ്ടി നടത്തിയ പ്രാർഥന ഇസ്തിസ്ഖാഉം, മഴ അധികമായപ്പോൾ അത് നിർത്താൻ നടത്തിയ പ്രാർഥന ഇസ്തിസ്വാഉം.
അബ്ദുല്ലാഹ് ഇബ്‌നു ഉമർ(റ) പറയുന്നു: “തിരുനബിﷺ മഴയ്ക്ക് വേണ്ടി പ്രാർഥിക്കുന്നത് കാണുമ്പോൾ പലപ്പോഴും ഞാൻ കവിയുടെ ആ വരികൾ ഓർക്കാറുണ്ട്. അവിടുന്ന് പ്രാർഥിച്ചു തീരുമ്പോഴേക്കും എല്ലാ പാത്തികളിലൂടെയും വെള്ളം കുത്തിയൊലിച്ചു വരാറുണ്ടായിരുന്നു.” ആ കവിത ഇതാണ്:
“ആ വെളുത്ത തിരുമുഖം മുഖേനയാണ് മേഘങ്ങളോട് മഴ തേടുന്നത്; അവിടുന്ന് അനാഥരുടെ അത്താണിയും വിധവകളുടെ സംരക്ഷകനുമാണ്.”
ബുഖാരി(റ)യും ഇബ്‌നു മാജ(റ)യും ഇതു നിവേദനം ചെയ്തിട്ടുണ്ട്.
അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ വെള്ളിയാഴ്ച ദിവസം തിരുനബിﷺ മിമ്പറിൽ ഖുതുബ നിർവ്വഹിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയുടെ വാതിലിലൂടെ അകത്തേക്ക് വന്നു. അദ്ദേഹം തിരുനബിﷺക്ക് അഭിമുഖമായി നിന്നുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, കന്നുകാലികൾ നശിച്ചു, വഴികൾ മുറിഞ്ഞു യാത്ര തടസ്സപ്പെട്ടു. അതിനാൽ ഞങ്ങൾക്ക് മഴ നൽകാൻ അല്ലാഹുവിനോട് പ്രാർഥിച്ചാലും.” അനസ്(റ) പറയുന്നു: ഉടൻ തന്നെ തിരുനബിﷺ ഇരു കൈകളും ഉയർത്തി “അല്ലാഹുവേ, ഞങ്ങൾക്ക് മഴ നൽകേണമേ! അല്ലാഹുവേ, ഞങ്ങൾക്ക് മഴ നൽകേണമേ!” എന്ന് രണ്ടുതവണ പ്രാർഥിച്ചു. അല്ലാഹുവാണെ സത്യം! ആ സമയത്ത് ആകാശത്ത് ഒരു മേഘശകലമോ തുണ്ടോ ഞങ്ങൾ കണ്ടിരുന്നില്ല. ഞങ്ങളുടെയും ‘സൽഅ്’ മലയുടെയും ഇടയിൽ വീടുകളോ കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മേഘം വരുന്നത് വ്യക്തമായി കാണാമായിരുന്നു. പെട്ടെന്ന് മലയുടെ പിന്നിൽ നിന്ന് പർവ്വത സമാനമായ ഒരു മേഘം ഉയർന്നുവന്നു.
നബിﷺ മിമ്പറിൽ നിന്ന് താഴെ ഇറങ്ങുന്നതിന് മുൻപേ തന്നെ അവിടുത്തെ താടിയിലൂടെ മഴവെള്ളം ഇറ്റുവീഴുന്നത് ഞാൻ കണ്ടു. അന്ന് മുതൽ അടുത്ത വെള്ളിയാഴ്ച വരെ സൂര്യനെ ഞങ്ങൾ കണ്ടിട്ടില്ല. അത്രയും മഴയായിരുന്നു. പിന്നീട് അടുത്ത വെള്ളിയാഴ്ച തിരുനബിﷺ ഖുതുബ നിർവ്വഹിച്ചുകൊണ്ടിരിക്കെ അതേ വാതിലിലൂടെ ആ മനുഷ്യൻ വീണ്ടും വന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, കെട്ടിടങ്ങൾ തകർന്നു, കന്നുകാലികൾ നശിച്ചു. അതിനാൽ ഇത് നിർത്തിത്തരാൻ അല്ലാഹുവിനോട് പ്രാർഥിച്ചാലും.”
അപ്പോൾ നബിﷺ വീണ്ടും കൈകൾ ഉയർത്തി ഇപ്രകാരം പ്രാർഥിച്ചു:
“അല്ലാഹുവേ, ഇത് ഞങ്ങളുടെ മേലെയല്ല, ഞങ്ങളുടെ ചുറ്റുമുള്ള സ്ഥലങ്ങളിൽ മഴ പെയ്യിക്കേണമേ. അല്ലാഹുവേ, കുന്നുകളിലും മലകളിലും താഴ്‌വരകളിലും മരങ്ങൾ വളരുന്ന ഇടങ്ങളിലും മഴ പെയ്യിക്കേണമേ.”
അവിടുന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച ഭാഗത്തെ മേഘങ്ങളെല്ലാം നീങ്ങിപ്പോയി. മദീനയുടെ മുകൾഭാഗം ഒരു വൃത്തം പോലെ തെളിഞ്ഞു വന്നു. ഒരു മാസക്കാലം ആ താഴ്‌വരയിലൂടെ വെള്ളം ഒഴുകിക്കൊണ്ടിരുന്നു. വരുന്നവരെല്ലാം തന്നെ വലിയ മഴയെക്കുറിച്ച് അഥവാ അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.
ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്‌ലിമും(റ) വിവിധ പരമ്പരകളിലൂടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരു ഗ്രാമീണൻ /അഅ്റാബി തിരുനബിﷺയുടെ അരികിൽ വന്നു പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നത് ദയനീയാവസ്ഥയിലാണ്. ഞങ്ങൾക്ക് ഒച്ചയുണ്ടാക്കാൻ ഒരു ഒട്ടകം പോലുമില്ല, വിശന്നു കരയാൻ പോലും കരുത്തില്ലാത്ത അവസ്ഥയിലാണ് ഞങ്ങളുടെ കുട്ടികൾ.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
