
അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അവിടുത്തെ ഭാര്യമാരിൽ ഒരാളോടൊപ്പം ഇരുട്ടത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പരിസരത്തുകൂടി നടന്നുപോയി. തിരുനബിﷺ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം അടുത്തു വന്നപ്പോൾ നബിﷺ പറഞ്ഞു: “ഓ മനുഷ്യാ ഇത് എന്റെ ഭാര്യ ഇന്നവളാണ്.”
അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ മറ്റാരെക്കുറിച്ച് സംശയിച്ചാലും അങ്ങയെക്കുറിച്ച് സംശയിക്കില്ലല്ലോ!” അപ്പോൾ നബിﷺ പറഞ്ഞു: “തീർച്ചയായും മനുഷ്യന്റെ ശരീരത്തിൽ രക്തം സഞ്ചരിക്കുന്നതുപോലെ പിശാച് സഞ്ചരിക്കുന്നുണ്ട്.”
ഈ ഹദീസിന്റെ പശ്ചാത്തലം സഫിയ്യ ബിൻത് ഹുയയ്യ്(റ) നിവേദനം ചെയ്യുന്നു:
തിരുനബിﷺ റമളാനിലെ അവസാന പത്തു ദിവസങ്ങളിൽ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുമ്പോൾ സഫിയ്യ(റ) തിരുനബിﷺയെ സന്ദർശിക്കാൻ വന്നു. കുറച്ചുനേരം സംസാരിച്ച ശേഷം അവർ മടങ്ങിപ്പോകാൻ എഴുന്നേറ്റപ്പോൾ അവരെ യാത്രയാക്കാൻ കൂടെ എഴുന്നേറ്റു. തിരുനബിﷺയുടെ പത്നി ഉമ്മു സൽമ(റ)യുടെ വീടിന് അടുത്തുള്ള പള്ളിയുടെ വാതിലിന് സമീപമെത്തിയപ്പോൾ അൻസ്വാരികളായ രണ്ട് പുരുഷന്മാർ പരിസരത്ത് കൂടെ കടന്നുപോയി. അവർ നബിﷺക്ക് സലാം ചൊല്ലി വേഗത്തിൽ നടന്നു.
അപ്പോൾ നബിﷺ അവരോട് പറഞ്ഞു: “നിൽക്കൂ, ധൃതിയിൽ പോവല്ലേ ഇത് എന്റെ പത്നി സഫിയ്യ ബിൻത് ഹുയയ്യ്(റ) ആണ്.”
അവർ പറഞ്ഞു: “സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ ദൂതരെﷺ!” അവിടുത്തെക്കുറിച്ച് ഞങ്ങൾ മോശമായി ചിന്തിക്കുമോ എന്നോർത്ത് അവർക്ക് വലിയ വിഷമം തോന്നി. അപ്പോൾ നബിﷺ പറഞ്ഞു: “തീർച്ചയായും പിശാച് മനുഷ്യന്റെ രക്തധമനികളിലൂടെ സഞ്ചരിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങളിൽ അവൻ വല്ല ദുഷിച്ച ചിന്തകളും ഇട്ടുതരുമെന്ന് ഞാൻ ഭയപ്പെട്ടു.” ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയമാണിത്.
പിശാച് മനുഷ്യന്റെ ശത്രുവാണ്. മതിയായ തെളിവുകളില്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദുർമന്ത്രങ്ങൾ അഥവാ വസ്‌വാസ് അവൻ മനുഷ്യനിൽ ചെലുത്തുന്നു. അതുകൊണ്ടാണ് നബിﷺ അനുചരന്മാരെ പിശാചിന്റെ വസ്‌വാസുകളെക്കുറിച്ച് എപ്പോഴും താക്കീത് ചെയ്തിരുന്നത്. ഈ ഹദീസിൽ വളരെ ജാഗ്രതാപൂർവ്വമുള്ള ഒരു സമീപനമാണ് പഠിപ്പിക്കുന്നത്. തെറ്റിദ്ധാരണയുടെ സാഹചര്യങ്ങൾ തന്നെ ഇല്ലാതാക്കുകയും പിശാചിൻ്റെ ദുർബോധനങ്ങൾക്ക് വഴിപ്പെട്ട് വഴിവിട്ട വിചാരങ്ങൾ വരാതിരിക്കാനുള്ള കവാടമടക്കുകയുമാണ് ചെയ്തത്. തിരുനബിﷺയുടെ പരിസരത്തുകൂടി നടന്നുപോയ രണ്ട് അൻസ്വാരികൾ ഉസൈദ് ബിൻ ഹുദൈറും(റ) അബ്ബാദ് ബിൻ ബിശ്റു(റ)മാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു.
വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും വലിയ ദുരന്തങ്ങളിലേക്ക് എത്തിക്കാൻ പോലും ചില തെറ്റായ സാഹചര്യങ്ങൾ വഴിയൊരുക്കും. ഇരുട്ടിൽ തിരുനബിﷺയോടൊപ്പം ഒരു സ്ത്രീ ഇരിക്കുന്നു എന്ന് കണ്ടപ്പോൾ കടന്നുപോയ രണ്ടുപേരെ അടുത്തേക്ക് വിളിച്ചു ഇത് ഞാനും എൻ്റെ പത്നി സഫിയ(റ)യുമാണ് എന്ന് തിരുനബിﷺ പറയുന്നതോടെ അവിടെ ആരായിരിക്കും നബിﷺയോടൊപ്പം ഇരിക്കുന്നത്? എന്തായിരിക്കും ഇപ്പോൾ അവർ അങ്ങനെ ഇരിക്കുന്നത്? എന്നിങ്ങനെ പൈശാചികമായ ദുർബോധനങ്ങൾ വഴി അനുചരന്മാർ തെറ്റിദ്ധാരണകളിലേക്ക് വീണുപോകാനുള്ള അബദ്ധത്തിന്റെ കവാടത്തെ തിരുനബിﷺ പൂർണ്ണമായും അടച്ചു. വസ്തുതകൾ തെളിച്ചു ബോധ്യപ്പെടുത്താൻ അവസരം നൽകി. വർത്തമാനകാല സാമൂഹിക വിചാരങ്ങളിൽ ഈ അധ്യായം നൽകുന്ന പാഠങ്ങൾ എത്ര വലുതാണ്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
