Tweet 1279

    Tweet 1279
    December 14, 2025 • Sunday
    Post Header

    അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു.
    “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണെ സത്യം! എന്നോടൊപ്പം വരാൻ താല്പര്യമുള്ള ഒരു കൂട്ടം സത്യവിശ്വാസികൾ ഉള്ളതുകൊണ്ടും അവർക്ക് വാഹനമായി നൽകാൻ എനിക്ക് വല്ലതും കണ്ടെത്താൻ കഴിയാത്തതുകൊണ്ടും അല്ലെങ്കിൽ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു സൈന്യത്തിൽ നിന്നും ഞാൻ പിന്നോട്ട് നിൽക്കുകയില്ലായിരുന്നു.
    എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണെ സത്യം! അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞാൻ കൊല്ലപ്പെടണം, പിന്നെ ജീവിപ്പിക്കപ്പെടണം, പിന്നെയും കൊല്ലപ്പെടണം, പിന്നെ ജീവിപ്പിക്കപ്പെടണം, പിന്നെയും കൊല്ലപ്പെടണം, പിന്നെ ജീവിപ്പിക്കപ്പെടണം, പിന്നെയും കൊല്ലപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.”

    അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ധർമസമരത്തിനും അതിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതിനും മഹത്തായ പ്രതിഫലമുണ്ട്. ആത്യന്തികമായി ഈ ലോകത്തെ ഏറ്റവും വലിയ സത്യവും ധർമവും സ്ഥാപിക്കാനുള്ള സൽകർമമാണത്. നീതിയും ന്യായവും സത്യസന്ധതയും സുരക്ഷിതത്വബോധവും മനുഷ്യർക്കിടയിലെ പരസ്പര ബന്ധങ്ങളുടെ ഊഷ്മളമായ അധ്യായങ്ങളും നമ്മെ പടച്ച് പരിപാലിക്കുന്ന അല്ലാഹുവിൻ്റെ മുമ്പിൽ സമർപ്പിക്കുന്ന ശരിയായ ആരാധനയും ഓരോരുത്തർക്കും അവകാശപ്പെട്ടത് കൃത്യമായി വകവച്ചു കൊടുക്കുന്ന നീതിന്യായ വ്യവസ്ഥിതിയും ഇതൊക്കെയാണല്ലോ ഇസ്‌ലാമിക ദർശനം മുന്നോട്ട് വെക്കുന്നത്. ഇത്തരം മൂല്യങ്ങൾക്ക് വേണ്ടിയുള്ള ജീവത്യാഗത്തെയും അതിനുവേണ്ടി സർവാത്മനാ സമർപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തെയുമാണ് ജിഹാദ് എന്ന പദപ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഒരു വർഗീയ പ്രവർത്തനമോ വംശീയ ഉന്മൂലനമോ മാനവിക വിരുദ്ധമായ ഏതെങ്കിലും ഒരു ആശയമോ ജിഹാദ് സംവഹിക്കുന്നില്ല.

    ഇസ്‌ലാം വിരുദ്ധ വിചാരങ്ങളും രചനകളും ആവിഷ്കാരങ്ങളും രൂപപ്പെടുത്തിയ ഒരു നരേശനിലൂടെയാണ് ജിഹാദ് ലോകത്ത് തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വായിക്കപ്പെടുകയും ചെയ്തത്. ഇതു സംബന്ധിയായ പല വിശദാംശങ്ങളും കഴിഞ്ഞ അധ്യായങ്ങളിൽ കടന്നുപോയിട്ടുണ്ട്.

    മൂല്യങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിക്കുക എന്ന വലിയൊരു ആശയമാണ് ഈ ഹദീസ് നമുക്ക് നൽകുന്നത്. ഈ ലോകത്തെ നാലുനാൾ സന്തോഷങ്ങളിൽ പരിമിതപ്പെടുന്നതല്ല ജീവിതമെന്നും ഇവിടുത്തെ ജീവിതം ഒരു കുടുംബം പോറ്റി സന്തോഷകരമായി കടന്നുപോവുക എന്നത് മാത്രമല്ലെന്നും ഗുണപരമായ ഒരുപാട് ആശയങ്ങൾ സ്ഥാപിക്കാനും നന്മകളെ സംസ്ഥാപിക്കാനും ലോകത്തിനും മനുഷ്യനും മുഴുവനും പ്രയോജനപ്പെടുന്ന ഉത്തമ വിചാരങ്ങളെയും സംഹിതകളെയും സമർപ്പിക്കുന്നത് മനുഷ്യ ജീവിതത്തിലെ ഉത്തമമായ ഒരു കർമമാണെന്നും മേൽ ഹദീസിലെ പ്രയോഗങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

    തിരുനബിﷺ ലോകത്തിന് എന്തെല്ലാം ഓഫറുകളും വാഗ്ദാനങ്ങളും നൽകി! അത് കേവലം ചില സങ്കല്പങ്ങളല്ല, മറിച്ച് യഥാവിധി സംഭവിക്കാനുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് അത്തരം വിഷയങ്ങളിൽ തിരുനബിﷺയുടെ തീർച്ചയും പ്രതീക്ഷയും. നാളെ സ്വർഗ്ഗം കിട്ടും എന്നത് കേവലം ഒരു പ്രത്യാശ നൽകി പ്രവർത്തിപ്പിക്കാനുള്ളതല്ല, സംഭവിക്കാനുള്ള യാഥാർത്ഥ്യമാണെന്നും ഓരോ കർമങ്ങൾക്കും തിരുനബിﷺ വാഗ്ദാനം ചെയ്ത പ്രതിഫലങ്ങൾ യഥാർത്ഥത്തിൽ തന്നെ ലഭിക്കാനുള്ളതാണെന്നും അവിടുന്ന് മുന്നോട്ടുവെക്കുന്ന ഇത്തരം ഉദാഹരണങ്ങളും പ്രയോഗങ്ങളും നമ്മെ പഠിപ്പിക്കുന്നു. ഈ ലോകത്ത് നമ്മുടെ ഓരോരുത്തരുടെയും ജീവിതം നന്മകൾക്ക് വേണ്ടി അടയാളപ്പെടുന്നതും തിന്മകളെ ഇല്ലായ്മ ചെയ്ത് സാർത്ഥകമാക്കുന്നതുമാകണം.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...