
തിരുനബിﷺ പലായനം ചെയ്ത് മദീനയിലെത്തിയ ഒരു ദിവസത്തെക്കുറിച്ച് മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ രാത്രിയിൽ തിരുനബിﷺക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ അവിടുന്ന് പറഞ്ഞു: “എന്റെ സ്വഹാബിമാരിൽപ്പെട്ട ഒരു നല്ല മനുഷ്യൻ ഇന്ന് രാത്രി എനിക്കുവേണ്ടി സെക്യൂരിറ്റിയായിരുന്നെങ്കിൽ!”
അപ്പോൾ ഞങ്ങൾ ആയുധത്തിന്റെ ശബ്ദം കേട്ടു. നബിﷺ ചോദിച്ചു: “ആരാണത്?” അദ്ദേഹം പറഞ്ഞു: “സഅദ്(റ) ആണ്! അല്ലാഹുവിന്റെ റസൂലേﷺ, ഞാൻ അങ്ങേയ്ക്ക് കാവൽ നിൽക്കാൻ വന്നതാണ്.” അന്ന് നബിﷺ ഉറങ്ങി, ഉറക്കിൽ ശ്വാസമയക്കുന്ന ശബ്ദം ഞങ്ങൾക്ക് കേൾക്കാമായിരുന്നു അഥവാ അത്രത്തോളം ഗാഢമായി ഉറങ്ങി. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു: ബിലാൽ(റ) ഇങ്ങനെ ഒരു കവിത ചൊല്ലി: “ഞാൻ ആഗ്രഹിക്കുന്നു, എപ്പോഴാണ് ഒരു രാത്രി ഞാൻ കഴിയുക, ഒരു താഴ്‌വരയിൽ, എന്റെ ചുറ്റും ഇദ്ഖിർ പുല്ലും ജലീൽ ചെടിയുമുള്ളപ്പോൾ.”
തിരുനബിﷺ അവിടുത്തെ സമുദായത്തിന് പഠിപ്പിക്കാനും അർപ്പിതമായ ബാധ്യത നിർവ്വഹിക്കാനും വേണ്ടി കാരണങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം അല്ലാഹുവിൽ തവക്കുൽ അഥവാ ഭരമേൽപ്പിക്കൽ ചെയ്യുന്നതിൽ മാതൃക കാണിച്ചു. ശത്രുക്കളിൽ നിന്നുള്ള ജാഗ്രതയും മുൻകരുതലെടുക്കലും ഇസ്‌ലാമികമായി ആവശ്യമായ കാര്യമാണ്.
ഈ ഹദീസിൽ, പരാമർശിച്ച സംഭവത്തെക്കുറിച്ച് ബുഖാരിയിലെയും മുസ്‌ലിമിലെയും ഒരു നിവേദനത്തിൽ പറയുന്നത് ഇത് ചില യുദ്ധങ്ങളിൽ നിന്ന് മദീനയിലേക്ക് വന്ന സമയത്തായിരുന്നു എന്നാണ്.
“എന്റെ സ്വഹാബിമാരിൽപ്പെട്ട ഒരു നല്ല മനുഷ്യൻ കാവൽ നിൽക്കാനുണ്ടായിരുന്നെങ്കിൽ എന്ന് തിരുനബിﷺ ആഗ്രഹിച്ചു. ഇത് കാരണങ്ങൾ സ്വീകരിക്കുന്നതിൽപ്പെട്ടതാണ്.
അപ്പോഴേക്കും സഅദ് ബ്നു അബീ വഖാസ്(റ) രാത്രി കാവൽ നിൽക്കാൻ റെഡിയായി വന്നു കഴിഞ്ഞിരുന്നു. അല്ലാഹു തന്റെ പ്രവാചകന്റെﷺ ആഗ്രഹത്തിന് ഉത്തരം നൽകുകയും സഅദി(റ)ന് അതിനുള്ള പ്രചോദനം നൽകുകയും ചെയ്തു. സ്വഹീഹ് മുസ്‌ലിമിലെ ഒരു നിവേദനത്തിൽ വന്നിരിക്കുന്നു: തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങോട്ട് വന്നത്? അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിﷺന്റെ കാര്യത്തിൽ എന്റെ മനസ്സിൽ ഒരു ഭയം തോന്നി, അതിനാൽ ഞാൻ കാവൽ നിൽക്കാൻ വന്നു.”
ആഇശ(റ) പറഞ്ഞു: “അങ്ങനെ തിരുനബിﷺ നന്നായി ഉറങ്ങി.
‘ജനങ്ങളിൽ നിന്ന് അല്ലാഹു തങ്ങളെ കാത്തുകൊള്ളും’ എന്ന മാഇദ സൂറത്തിലെ 67ാം സൂക്തം അവതരിക്കുന്നതിന് മുമ്പായിരുന്നു ഇത് എന്ന് ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. തിർമിദിയിൽ ആഇശ(റ)യിൽ നിന്നുള്ള നിവേദനത്തിൽ പറയുന്നു: “ഈ ആയത്ത് അവതരിക്കുന്നത് വരെ നബിﷺക്ക് കാവൽ നിന്നിരുന്നു. ഈ ആയത്ത് അവതരിച്ചപ്പോൾ റസൂലുല്ലാഹിﷺ കൂടാരത്തിൽ നിന്ന് തല പുറത്തേക്ക് ഇട്ടുകൊണ്ട് അവരോട് പറഞ്ഞു: ”ജനങ്ങളേ, നിങ്ങൾ പിരിഞ്ഞുപൊയ്ക്കൊള്ളുക, തീർച്ചയായും അല്ലാഹു എന്നെ കാത്തുരക്ഷിച്ചിരിക്കുന്നു.”
തിരുനബിﷺക്ക് അവതരിപ്പിച്ചു കൊടുത്ത ഖുർആനിലും അതിലെ ഓരോ പരാമർശങ്ങളിലും തിരുനബിﷺക്ക് എത്രമാത്രം ആത്മാർത്ഥതയും സത്യസന്ധതയുമുണ്ടായിരുന്നു എന്നതിൻ്റെ ഏറ്റവും ശക്തമായ പ്രമാണം കൂടിയാണ് ഈ സംഭവം. ജീവരക്ഷയ്ക്ക് വേണ്ടി കാവൽക്കാരായി നിന്ന ആളുകളോട് അല്ലാഹു കാത്തുകൊള്ളും എന്ന് സൂക്തം അവതരിച്ച ഉടനെ അതേ രാത്രിയിൽ അതേ നിമിഷം തന്നെ നിങ്ങൾ പൊയ്ക്കൊള്ളൂ ഞാൻ അല്ലാഹുവിൻ്റെ സുരക്ഷയിലായിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ പരിശുദ്ധ ഖുർആനിലെ ആജ്ഞകളോടും പ്രസ്താവനകളോടും തിരുനബിﷺക്കുണ്ടായിരുന്ന സത്യസന്ധത ബോധ്യപ്പെടുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
