Tweet 1278

    Tweet 1278
    December 13, 2025 • Saturday
    Post Header

    സൈദ് ബ്നു സാബിത്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു മനുഷ്യൻ സൈദ് ബ്നു സാബിത്തി(റ)ന്റെ അടുത്തുവന്ന് എന്തോ ഒരു കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ സൈദ്(റ) അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾക്ക് അബൂ ഹുറൈറ(റ)യെ സമീപിക്കാം. കാരണം, ഒരിക്കൽ ഞാനും അബൂ ഹുറൈറ(റ)യും മറ്റൊരാളും പള്ളിയിൽ ഇരുന്ന് പ്രാർത്ഥിക്കുകയും നമ്മുടെ റബ്ബായ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്തപ്പോൾ, തിരുനബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്ന് ഞങ്ങളോടൊപ്പമിരുന്നു. അപ്പോൾ ഞങ്ങൾ നിശബ്ദരായി. അപ്പോൾ തിരുനബിﷺ പറഞ്ഞു: ”നിങ്ങൾ ചെയ്തുകൊണ്ടിരുന്ന കാര്യം തുടർന്നോളൂ.”

    സൈദ്(റ) പറഞ്ഞു: അപ്പോൾ ഞാനും എന്റെ കൂട്ടുകാരനും അബൂ ഹുറൈറ(റ)ക്ക് മുമ്പേ പ്രാർത്ഥിച്ചു. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് തിരുനബിﷺ ആമീൻ പറഞ്ഞു. അതിനുശേഷം അബൂ ഹുറൈറ(റ) പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവേ, എന്റെ ഈ രണ്ട് കൂട്ടുകാർ ചോദിച്ചതുപോലുള്ള കാര്യങ്ങൾ ഞാൻ നിന്നോട് ചോദിക്കുന്നു. കൂടാതെ, മറന്നുപോകാത്ത അറിവും ഞാൻ നിന്നോട് ചോദിക്കുന്നു.”
    അപ്പോൾ തിരുനബി ﷺ ആമീൻ പറഞ്ഞു. അപ്പോൾ ഞങ്ങൾ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേﷺ, ഞങ്ങൾക്കും മറന്നുപോകാത്ത അറിവ് അല്ലാഹുവിനോട് ചോദിക്കാമോ?” അപ്പോൾ തിരുദൂതർﷺ പറഞ്ഞു: ‘ദൗസ് ഗോത്രക്കാരനായ ആ യുവാവ് നിങ്ങളെക്കാൾ മുമ്പ് അത് ചോദിച്ചു, അതിൽ വിജയിച്ചു.”

    തിരുനബിﷺ അനുചരന്മാരോടൊപ്പം എത്രമേൽ ഇടകലർന്നും സഹവസിച്ചും ജീവിച്ചിരുന്നു എന്നതിൻ്റെ മികച്ച ഒരു ഉദാഹരണമാണ് ഈ നിവേദനം. അവരുടെ പ്രാർത്ഥനകളിലും അവരോടൊപ്പം നിൽക്കുക. അവർ ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുമ്പോൾ പിന്നിൽ നിന്നുകൊണ്ട് സ്വീകരിക്കേണമേ എന്ന് ആമീൻ ചൊല്ലുക. അവർ നല്ല കാര്യങ്ങൾ പ്രാർത്ഥിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക. ആവേശപൂർവം പുതിയ കാര്യങ്ങളറിയാൻ അനുചരന്മാർ ചോദിക്കുമ്പോൾ കൗതുകത്തോടെയും സൗമനസ്യത്തോടെയും പ്രതികരിക്കുക. എന്തെല്ലാം ഹൃദ്യമായ അനുഭവങ്ങളാണ് ഇതുവഴി നാം പകർന്നെടുക്കുന്നത്.

    ഒരാളുടെ ഉള്ളിൽനിന്ന് ആത്മാർത്ഥമായി ഉറവ എടുക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഹദീസ് കൂടിയാണിത്. ആരും പറഞ്ഞിട്ടോ ആരുടേതും കേട്ടിട്ടോ ആയിരുന്നില്ലല്ലോ അബൂഹുറൈറ(റ) അറിവിന് വേണ്ടി പ്രാർത്ഥിച്ചത്. തിരുനബിﷺ ഹൃദയം അറിഞ്ഞ് അദ്ദേഹത്തിന് ആമീൻ ചൊല്ലുകയും ചെയ്തു. അതുവഴി അബൂഹുറൈറ(റ) അറിവിന്റെ സ്രോതസ്സും നിവേദനങ്ങളുടെ ഉറവിടവുമായി മാറി. ആ പ്രാർഥന കേട്ടു കഴിഞ്ഞപ്പോൾ അനുകരണമായി വന്ന ആളുകളോട് തിരുനബിﷺയുടെ പ്രതികരണം ഏറെ കൗതുകം നിറഞ്ഞതാണ്. ദൗസ് ഗോത്രക്കാരനായ ആ ചെറുപ്പക്കാരൻ അത് ചോദിച്ചു വാങ്ങി കഴിഞ്ഞു എന്നായിരുന്നു മറുപടി. ചിലതൊക്കെ അങ്ങനെയാണ്. ഒരു സുവർണ്ണാവസരത്തിൽ ലഭിക്കുന്ന മികച്ച സമ്മാനങ്ങൾ ചുരുക്കം ആളുകൾക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യങ്ങളാണ്. അത് അപ്പോൾ അവർക്കു മാത്രം ലഭിച്ചു പോകുന്നു. കേട്ടും കേട്ടറിഞ്ഞും ചെന്നാൽ എനിക്കും ഇരിക്കട്ടെ എന്ന് ചിന്തിക്കുമ്പോൾ അത് ലഭിച്ചു കൊള്ളണമെന്നില്ല.

    വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ കടക്കാനുള്ള പ്രാർത്ഥനയിൽ ഉക്കാശ(റ) ഇടപെട്ടതും ഇതുപോലെയായിരുന്നു. അദ്ദേഹത്തിന് ഓഫർ ലഭിച്ചു എന്ന് കണ്ടപ്പോൾ കേട്ടുനിന്ന ചില ആളുകൾക്കും തോന്നി അത്തരമൊരു ഓഫർ നമുക്കും കിട്ടിയാൽ കൊള്ളാമെന്ന്. അപ്പോഴും തിരുനബിﷺയുടെ മറുപടി അബൂഹുറൈറ(റ)യെ കുറിച്ച് പറഞ്ഞതുപോലെയായിരുന്നു. ഉക്കാശ(റ) ആ സമ്മാനം വാങ്ങി കഴിഞ്ഞു എന്ന്. അറിവിന്റെയും ആലോചനകളുടെയും ഒരുപാട് സന്ദേശങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് തിരുനബിﷺയുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...