Tweet 1256

    Tweet 1256
    November 21, 2025 • Friday
    Post Header

    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) പറഞ്ഞു. ഞാൻ തിരുനബിﷺ യോട് ചോദിച്ചു: “അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമം ഏതാണ്?” നബിﷺ പറഞ്ഞു: “നിസ്കാരം അതിന്റെ സമയത്ത് നിർവ്വഹിക്കുക.” ഞാൻ ചോദിച്ചു: “പിന്നെ ഏതാണ്?” “പിന്നെ മാതാപിതാക്കളോട് നന്നായി വർത്തിക്കുക.” ഞാൻ ചോദിച്ചു: “പിന്നെ ഏതാണ്?” “അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ് അഥവാ ധർമസമരം.” ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “തിരുനബിﷺ ഇത്രയും എനിക്ക് പറഞ്ഞുതന്നു. ഞാൻ ഇനിയും ചോദിച്ചിരുന്നെങ്കിൽ അവിടുന്ന് കൂടുതൽ പറഞ്ഞുതരുമായിരുന്നു.”

    സ്വഹാബികൾ അല്ലാഹുവിന്റെ തൃപ്തിലഭിക്കുന്ന കാര്യങ്ങളിൽ അതീവ താൽപ്പര്യമുള്ളവരായിരുന്നതിനാൽ, അല്ലാഹുവിങ്കലേക്ക് ഏറ്റവും അടുപ്പിക്കുന്നതും ഉത്തമവുമായ കർമങ്ങളെക്കുറിച്ചും തിരുനബിﷺയോട് പതിവായി ചോദിക്കാറുണ്ടായിരുന്നു. ചോദിക്കുന്ന വ്യക്തികളുടെയും അവരുടെ അവസ്ഥകളുടെയും ഓരോരുത്തർക്കും ഏറ്റവും കൂടുതൽ ഉപകാരപ്രദമായതിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരുന്നു തിരുനബിﷺയുടെ മറുപടികൾ.

    അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതും തൃപ്തികരവുമായ കർമം നിസ്കാരം അതിന്റെ ആദ്യ സമയത്ത് നിർവ്വഹിക്കുക എന്നതാണ് ഇവിടെ ഒന്നാമതായി പറഞ്ഞത്. അതായത്, ബാങ്ക് കേട്ട ഉടൻ തന്നെ അത് കൃത്യമായി നിർവ്വഹിക്കാൻ ഒരു മുസ്‌ലിം ശ്രദ്ധിക്കുക. ഈ ശ്രേഷ്ഠത എടുത്തുപറഞ്ഞത്, നിസ്കാരത്തിലേക്ക് വേഗത്തിൽ പോകാനും അതിൽ അലസത കാണിക്കാതിരിക്കാനും വൈകിക്കാതിരിക്കാനുമാണ്. നിസ്കാരം അതിന്റെ ആദ്യ സമയത്ത് നിർവ്വഹിക്കുന്നത് അതിനോടുള്ള താൽപ്പര്യത്തിന്റെ തെളിവാണ്. ഒരു മുസ്‌ലിം അല്ലാഹുവിന്റെ അവകാശം അറിയുകയും അത് നിർബന്ധമാകുമ്പോൾ തന്നെ മാറ്റിവെക്കലോ നീട്ടിവെക്കലോ കൂടാതെ സമയത്തിന് നിർവ്വഹിക്കുകയും ചെയ്യുന്നു.

    മാതാപിതാക്കളോട് നന്നായി വർത്തിക്കുക അഥവാ ബിർറുൽ വാലിദൈനി. അവരോട് നല്ലരീതിയിൽ പെരുമാറുകയും അവരെ സേവിക്കുകയും അവരെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക ഇതാണ് രണ്ടാമത്തെ കാര്യമായി തിരുനബിﷺ പറഞ്ഞത്.

    അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ധർമസമരമാണ് മൂന്നാമതായി എണ്ണിയത്. വിശാലമായ അർത്ഥതലങ്ങളുള്ള ഒരു പ്രയോഗം കൂടിയാണിത്. അല്ലാഹു നൽകിയ ആരോഗ്യവും സമ്പത്തും അവസരങ്ങളും നന്മയുടെ സംസ്ഥാപനത്തിനും തിന്മയിൽ നിന്ന് നന്മയിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനും ശരിയായ വിശ്വാസത്തിലേക്കും കർമത്തിലേക്കും അല്ലാഹുവിൻ്റെ ദാസന്മാരെ കൂട്ടിക്കൊണ്ടുവരുന്നതിനും പ്രയോജനപ്പെടുത്തുക.

    തിരുനബിﷺയോടുള്ള അന്വേഷണങ്ങളും നിവാരണങ്ങളും ചേർത്ത് വായിക്കുമ്പോൾ ഓരോ സന്ദർഭത്തിലും വ്യക്തി ക്ഷേമവും സാമൂഹികക്ഷേമവും മുന്നിൽ വച്ചുകൊണ്ടുള്ള മറുപടികളായിരുന്നു നൽകിയിരുന്നത്. ഏറ്റവും ശ്രേഷ്ഠമായ കർമ്മം എന്ന് ചോദ്യത്തിന് ആപേക്ഷികമായിട്ടായിരുന്നു അവിടുത്തെ പല സന്ദർഭങ്ങളിലും മറുപടി. അനുവാചകന്റെ പരിസരങ്ങളെ അയാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും പ്രാഥമിക പരിഗണന നൽകി കൊണ്ടായിരുന്നു അവിടുത്തെ നിവാരണങ്ങളും മറുപടികളും.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...