Tweet 1255

    Tweet 1255
    November 20, 2025 • Thursday
    Post Header

    കുർസ് ബിൻ അൽഖമ അൽ-ഖുസാഇ(റ)യില് നിന്ന് അൽ ഹാകിം(റ) നിവേദനം ചെയ്യുന്നു. “അല്ലാഹുവിൻ്റെ ദൂതരേﷺ, ഇസ്‌ലാമിന് ഒരവസാനമുണ്ടോ?” എന്ന് ഒരറബി നബിﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: “അതെ, അറബികളിലോ അനറബികളിലോ പെട്ട ഏതൊരു വീട്ടുകാരെയും അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്ക് ഇസ്‌ലാം നൽകുന്നു.” അവർ ചോദിച്ചു: “അതിനുശേഷം എന്താണ്, അല്ലാഹുവിൻ്റെ ദൂതരേﷺ?” “അതിനുശേഷം മേഘങ്ങൾ പോലെ തോന്നിക്കുന്ന ഫിത്നകൾ അഥവാ കുഴപ്പങ്ങൾ സംഭവിക്കും.” അപ്പോൾ ഒരറബി പറഞ്ഞു: “ഇല്ല, അല്ലാഹുവിൻ്റെ ദൂതരേﷺ അങ്ങനെ സംഭവിക്കില്ല”

    അപ്പോൾ നബിﷺ പറഞ്ഞു: “എൻ്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! നിങ്ങൾ അസാവിദ് പോലുള്ള അതായത് കറുത്തതും വിഷമുള്ളതുമായ പാമ്പുകളെപ്പോലെ ആ കുഴപ്പങ്ങളിലേക്ക് തിരിച്ചുപോകും. നിങ്ങളിൽ ചിലർ മറ്റുചിലരുടെ കഴുത്തറുക്കും.”

    അല്ലാഹു അവൻ്റെ ദൂതനെﷺ ഇസ്‌ലാമുമായും തൗഹീദ്, ഈമാൻ എന്നിവയിലേക്കുള്ള ക്ഷണവുമായും നിയോഗിച്ചപ്പോൾ, തുടക്കത്തിൽ ആളുകളുടെ പ്രതികരണം കുറവായിരുന്നു. പിന്നീട് ഇസ്‌ലാം വികസിക്കുകയും വ്യാപിക്കുകയും ചെയ്തു. ആളുകൾ കൂട്ടംകൂട്ടമായി ഒപ്പം ചേരുകയും മുസ്‌ലിംകൾ വർദ്ധിക്കുകയും ചെയ്തു.
    ഈ ദീൻ വ്യാപിക്കുമെന്നും ഒരു വീടും ഇത് പ്രവേശിക്കാതെ ബാക്കിയാവുകയില്ല എന്നുമാണ് തിരുനബിﷺ പറഞ്ഞത്. എന്നാൽ അതിനുശേഷം കുഴപ്പങ്ങൾ സംഭവിക്കുമെന്നും, അത് വർദ്ധിച്ച് ആളുകൾ പരസ്പരം കൊല്ലുന്ന അവസ്ഥയിലേക്ക് എത്തുമെന്നും അവിടുന്ന് അറിയിച്ചു. ഒരാൾ തിരുനബിﷺയോട് ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേﷺ, ഇസ്‌ലാമിന് ഒരു ‘മുൻതഹാ’ അഥവാ അവസാന ഘട്ടമുണ്ടോ?” അപ്പോഴായിരുന്നു അറബികളും അനറബികളുമായി എല്ലാ ജനപദങ്ങളിലേക്കും ഇസ്‌ലാം എത്തുമെന്ന് പറഞ്ഞത്.
    അപ്പോൾ ആ മനുഷ്യൻ ചോദിച്ചു: “പിന്നെന്താണ്?”
    അതിനുശേഷം മേഘങ്ങൾ പോലെ തോന്നിക്കുന്ന ഫിത്നകൾ സംഭവിക്കും.” അതായത്, നിങ്ങളിൽ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുകയും വർദ്ധിക്കുകയും ചെയ്യും.
    അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഇൻഷാ അല്ലാഹ് ഇല്ല!” അതായത്, അല്ലാഹുവിൻ്റെ അനുവാദത്തോടെ ഞങ്ങളിൽ ഫിത്നകൾ പ്രത്യക്ഷപ്പെടുകയോ പുറത്തുവരുകയോ ഇല്ല! അദ്ദേഹം നിഷേധിക്കുകയോ തിരുനബിﷺയുടെ വാക്കുകളെ തള്ളിക്കളയുകയോ ചെയ്തതല്ല, മറിച്ച് ഇസ്‌ലാം അവസാനകാലം വരെ നിലനിൽക്കണം എന്ന തൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു: “അതെ, എൻ്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം!” ഫിത്നകൾ അവരിൽ സംഭവിക്കുകയും, അതിൻ്റെ കാഠിന്യം കാരണം അവർ ‘അസാവിദ്’ പോലുള്ളവരായി തിരിച്ചുപോകും. വിഷമുള്ളതും വലുതുമായ പാമ്പുകളുടെ ബഹുവചനമാണിത്. ‘സുബ്ബൻ’ എന്നത്, ആകാശത്തുനിന്ന് ജനങ്ങളുടെ മേൽ ചൊരിയപ്പെട്ട പാമ്പുകളെപ്പോലെ എന്നാണ്. കടിച്ചെടുക്കാൻ ഉദ്ദേശിക്കുമ്പോൾ കറുത്ത പാമ്പ് ഉയരുകയും ശേഷം ഇരയുടെ മേൽ പതിക്കുകയും ചെയ്യുന്നതുപോലെ.
    അവർ: “ചിലർ മറ്റു ചിലരുടെ കഴുത്തറുക്കും.”
    അതിൻ്റെ അർത്ഥം: വിഷപ്പാമ്പുകൾ ഇരകളെ ദയയും അനുകമ്പയുമില്ലാതെ നശിപ്പിക്കുന്നതുപോലെ നിങ്ങൾ പരസ്പരം നശിപ്പിക്കും. ഇത് ഈമാൻ ദുർബലമാവുകയും കുറയുകയും ചെയ്യുന്നതിനാലാണ്.

    അന്ത്യനാൾ വരുമ്പോൾ മനുഷ്യകുലത്തിന് ആകെയും വിശ്വാസ ദൗർബല്യം കൊണ്ട് സമുദായത്തിനിടയിലും ഉണ്ടായിത്തീരുന്ന വിപത്തുകളെയും നാശങ്ങളെയുമാണ് തിരുനബിﷺ ഇവിടെ സൂചിപ്പിക്കുന്നത്. തിരുനബിﷺയോടുള്ള അന്വേഷണങ്ങളും അവിടുന്ന് നൽകിയ വിശദീകരണങ്ങളും ചില ഉദാഹരണങ്ങളിലൂടെ നമ്മൾ വായിച്ചു പോവുകയാണല്ലോ.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...