Tweet 1243

    Tweet 1243
    November 8, 2025 • Saturday
    Post Header

    “തെളിവ് വാദിയുടെ ബാധ്യതയാണ്. സത്യപ്രതിജ്ഞ പ്രതിയുടെ ബാധ്യതയും.”

    ഈ ഹദീസ് അടിസ്ഥാനപരമായി ഇസ്‌ലാമിക നിയമവ്യവസ്ഥയിലെ ജുഡീഷ്യറി അഥവാ വിധി നിർണ്ണയ തത്വമാണ്. അൽ-ബയ്യിനത്തു അലൽ മുദ്ദഈ.
    വാദിയുടെ ഏതെങ്കിലും അവകാശം ഉന്നയിച്ച് കേസ് നൽകുന്നയാൾ, സാക്ഷ്യം അല്ലെങ്കിൽ വാദം ശരിയാണെന്ന് സ്ഥാപിക്കുന്ന രേഖകൾ ഹാജരാക്കണം.
    വൽ യമീനു അലൽ മുദ്ദആ അലൈഹി.
    പ്രതിയുടെ അഥവാ മുദ്ദആ അലൈഹി അയാളുടെ പക്ഷം ബോധ്യപ്പെടുത്താൻ അൽ-യമീൻ അഥവാ സത്യം ചെയ്യൽ സ്വീകരിക്കണം. വാദിയുടെ കൈവശം മതിയായ തെളിവുകൾ ഇല്ലെങ്കിൽ, തൻ്റെ മേൽ ആരോപിക്കപ്പെട്ട വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ പ്രതിക്ക് സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്.
    ഈ തത്വം ഇന്നും ലോകമെമ്പാടുമുള്ള നിയമവ്യവസ്ഥകളിൽ ഉപയോഗിക്കുന്ന ‘burden of proof’ അഥവാ തെളിയിക്കാനുള്ള ബാധ്യത എന്ന ആശയത്തിന് സമാനമാണ്.

    താബിഈ അഥവാ നബിﷺയുടെ അനുചരരെ കണ്ടവരിൽ പെട്ട അബ്ദുല്ലാഹ് ഇബ്നു അബീ മുലൈക്ക(റ) പറയുന്നു: “ഞാൻ ഇബ്നു സുബൈറി(റ)നു വേണ്ടി താഇഫിലെ ഖാളി/ന്യായാധിപനായിരുന്നു.” അദ്ദേഹം രണ്ട് സ്ത്രീകളുടെ കഥ വിവരിച്ചു. ഇമാം ബുഖാരി(റ)യുടെ സ്വഹീഹിൽ ഈ സംഭവം വിശദീകരിക്കുന്നുണ്ട്:
    രണ്ട് സ്ത്രീകൾ ഒരു വീട്ടിലോ മുറിയിലോ ഇരുന്ന് തുന്നൽ ജോലി ചെയ്യുകയായിരുന്നു. അതിൽ ഒരു സ്ത്രീ പുറത്തുവന്നപ്പോൾ അവരുടെ കൈപ്പത്തിയിൽ തുന്നൽ സൂചി പോലുള്ള ഉപകരണം തറച്ചിരുന്നു. ആ സ്ത്രീ മറ്റേ സ്ത്രീയാണ് തന്നെ മുറിവേൽപ്പിച്ചതെന്ന് വാദിച്ചു. എന്നാൽ, മറ്റേ സ്ത്രീ അത് നിഷേധിച്ചു.
    ഇബ്നു അബീ മുലൈക്ക(റ) പറയുന്നു. “ഈ കേസിലെ വിധി തേടി ഞാൻ ഇബ്നു അബ്ബാസി(റ)ന് കത്തെഴുതി.”
    അപ്പോൾ ഇബ്നു അബ്ബാസ്(റ) അദ്ദേഹത്തിന് മറുപടി എഴുതി: തീർച്ചയായും തിരുനബിﷺ പറഞ്ഞിരിക്കുന്നു:
    “ജനങ്ങൾക്ക് അവരുടെ വാദങ്ങൾക്കനുസരിച്ച് മാത്രം വിധി നൽകിയിരുന്നുവെങ്കിൽ, ചിലർ മറ്റുള്ളവരുടെ സമ്പത്തും രക്തവും തങ്ങളുടേതാണെന്ന് വാദിക്കുമായിരുന്നു. അതിനാൽ, തെളിവ് വാദിയുടെ ബാധ്യതയാണ്. നിഷേധിക്കുന്നവന്റെ ബാധ്യത സത്യപ്രതിജ്ഞയും അഥവാ യമീൻ ആകുന്നു.”

    പ്രഖ്യാപിതമായ അടിസ്ഥാന തത്വത്തിന് ഒരുപാട് പ്രത്യേകതകളും മൂല്യങ്ങളുമുണ്ട്. ഒരുപക്ഷെ വാദി ഉന്നയിക്കുന്ന കാര്യങ്ങൾ പ്രാഥമികമായി ശരിയാകാൻ ആയിരിക്കും കൂടുതൽ സാധ്യത. പ്രതിയേതായാലും തെളിവുകൾ ഉണ്ടാവുകയുമില്ല. ഇത്തരമൊരു അവസരത്തിൽ ശക്തമായ നിയമ സംവാദങ്ങളിൽ വാദി മതിയായ രേഖകൾ കൊണ്ടുവരണം. അതിൻ്റെ അഭാവത്തിലും പ്രതിയായി ആരോപിക്കപ്പെട്ട ആൾക്ക് തൻ്റെ നിജസ്ഥിതി ബോധ്യപ്പെടുത്താനും സത്യപ്രതിജ്ഞ എന്നത് ഒരു നിയമാവകാശമായി പരിഗണിക്കുകയാണ് ഇവിടെ.

    വർത്തമാനകാല നിയമവ്യവഹാരങ്ങളിലും സത്യവാങ്മൂലം സമർപ്പിക്കുക എന്നത് ഒരു നടപടിക്രമമായി പരിഗണിക്കാറുണ്ട്. എത്ര ദീർഘവീക്ഷണത്തോടെയും സാധ്യതകളുടെ ലോകത്തെ പരിഗണിച്ചുകൊണ്ടുമാണ് തിരുനബിﷺയുടെ നിയമ സമീപനങ്ങളും ന്യായ സംരക്ഷണ നടപടികളും നിലനിൽക്കുന്നത്.

    തിരുനബിﷺയുടെ ദർശനങ്ങൾ സർവ്വതലസ്പർശി ആണെന്ന് കേവലമായ ഒരു അവകാശവാദമല്ല. ഓരോ അധ്യായങ്ങളെയും വിശദമായി വായിക്കുമ്പോൾ എല്ലാ അധ്യായത്തിലും വർത്തമാനകാല സമസ്തകളോട് ചേർത്തുവയ്ക്കാൻ പറ്റുന്ന നിദാനങ്ങളെയും സമാനതകളെയും തിരുനബിﷺ അവതരിപ്പിക്കുകയും നിവാരണങ്ങളോ വീക്ഷണങ്ങളോ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...