Tweet 1239

    Tweet 1239
    November 4, 2025 • Tuesday
    Post Header

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ആരെങ്കിലും ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്താൽ, അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായി താഴേക്ക് ചാടിക്കൊണ്ടിരിക്കും.
    ആരെങ്കിലും വിഷം കുടിച്ച് ആത്മഹത്യ ചെയ്താൽ, അവൻ്റെ കൈയ്യിലുള്ള വിഷം അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായി കുടിച്ചുകൊണ്ടിരിക്കും.
    ആരെങ്കിലും ഒരു ഇരുമ്പിൻ്റെ ആയുധം കൊണ്ട് ആത്മഹത്യ ചെയ്താൽ, അവൻ്റെ കൈയ്യിലുള്ള ആ ആയുധം കൊണ്ട് അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായി വയറ്റിൽ കുത്തിക്കൊണ്ടിരിക്കും.”

    ഈ ഹദീസിലെ ആശയങ്ങളെ ഉപജീവിച്ചുകൊണ്ട് നമുക്കിങ്ങനെ സംഗ്രഹിക്കാം. ഇസ്‌ലാമിക ശരീഅത്തിലെ പരമമായ ലക്ഷ്യങ്ങളിൽ ഒന്നാണ് മനുഷ്യാത്മാവിൻ്റെ സംരക്ഷണം അഥവാ ഹിഫ്ദുന്നഫ്സ്. ന്യായമായ കാരണങ്ങളില്ലാതെ ഒരു ജീവൻ എടുക്കുന്നത് ഏറ്റവും വലിയ മഹാപാപങ്ങളിലൊന്നാണ്. ഒരു മുസ്‌ലിം സ്വന്തം ജീവൻ എടുക്കുന്നതിൽ നിന്ന് അവരെ തടയുന്നതിൽ തിരുനബിﷺ അതീവ ശ്രദ്ധ പുലർത്തി പറയുന്നതായിരുന്നു
    ഈ ഹദീസിൽ. അബൂ ഹുറൈറ(റ) നബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു: അവിടുന്ന് പറഞ്ഞു:

    ആരെങ്കിലും ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി. അതായത്, മനപ്പൂർവ്വം മുകളിൽ നിന്ന് ചാടി മരിച്ചാൽ അവൻ തൻ്റെ പ്രവൃത്തിക്ക് അനുയോജ്യമായ പ്രതിഫലമായി നരകത്തിൽ ശാശ്വതമായി താഴേക്ക് ചാടിക്കൊണ്ടിരിക്കും.

    ആരെങ്കിലും വിഷം കുടിച്ച് ആത്മഹത്യ ചെയ്താൽ, അതായത്, മനപ്പൂർവ്വം അത് ചെയ്താൽ, അവൻ്റെ കൈയ്യിലുള്ള വിഷം അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായി കുടിച്ചുകൊണ്ടിരിക്കും.

    ആരെങ്കിലും ഒരു ഇരുമ്പിൻ്റെ ആയുധം കൊണ്ട് ആത്മഹത്യ ചെയ്താൽ, അതായത്, ഒരു ആയുധമോ മറ്റോ ഉപയോഗിച്ച് സ്വയം കുത്തിയാൽ അവൻ്റെ കൈയ്യിലുള്ള ആ ആയുധം കൊണ്ട് അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായി വയറ്റിൽ കുത്തിക്കൊണ്ടിരിക്കും.

    “അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായിരിക്കും” എന്ന ഹദീസിലെ പ്രയോഗം വ്യാഖ്യാനിക്കപ്പെടുന്നത് ഇപ്രകാരമാണ്. ആത്മഹത്യ നിഷിദ്ധമാണ് എന്ന് അറിഞ്ഞുകൊണ്ട്, അതിനെ ഹലാലാണ് അഥവാ അനുവദനീയമാണ് എന്ന അർത്ഥത്തിൽ നിർവഹിക്കുമ്പോഴാണ് അല്ലെങ്കിൽ, ഈ കഠിനമായ താക്കീത് അവനിൽ നടപ്പാക്കപ്പെട്ടാൽ, ആത്മഹത്യ ചെയ്യുന്ന വ്യക്തി അവിടെ വളരെ കാലം താമസിക്കും എന്നതിനെയാണ് ഇത് അർത്ഥമാക്കുന്നത്. അല്ലാതെ എന്നെന്നേക്കുമുള്ള ശാശ്വതത്വം അഥവാ കാഫിറുകളും അവിശ്വാസികളും സത്യനിഷേധികളും അനുഭവിക്കുന്ന പോലെ എന്നല്ല. കാരണം, അതിനെ അനുവദനീയമായി കണക്കാക്കാതെ ആത്മഹത്യ ചെയ്യുന്നത്, കുഫ്ർ അഥവാ അവിശ്വാസത്തിന്റെ കാരണമായി പ്രമാണങ്ങളിൽ പരാമർശിച്ചിട്ടില്ല. മറിച്ച് ഒരു വലിയ പാപമാണ്.

    അപരനെ കൊല ചെയ്യുന്നതിനെക്കുറിച്ച് ഗൗരവതരമായി ചർച്ച ചെയ്തതുപോലെതന്നെ ആത്മഹത്യയെക്കുറിച്ചും മതത്തിൽ അധ്യാപനങ്ങളും വിധി നിരീക്ഷണങ്ങളുമുണ്ട്. ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കേണ്ട ആത്മപ്രതീക്ഷയും സഹിഷ്ണുതയും വിധിയിലുള്ള വിശ്വാസവും പ്രയാസഘട്ടങ്ങളിൽ അതിജീവിക്കാനുള്ള മനക്കരുത്തും ഭംഗം വരുമ്പോഴാണ് പലപ്പോഴും ആത്മഹത്യാ ചിന്തയിലേക്ക് മനുഷ്യൻ നീങ്ങുന്നത്. പുതിയകാലത്ത് അനുകരണവും അവിവേകവും ചില പ്രത്യേക താല്പര്യങ്ങളിൽ രൂപപ്പെടുന്ന മനോഗതിയും ആത്മഹത്യാ കാരണങ്ങളാകുന്നു എന്നതുകൂടി നമ്മൾ നിലയിരുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ആത്മഹത്യ എന്ന് കേൾക്കുമ്പോൾ തന്നെ മതഭ്രഷ്ട്ടെന്നോ മറ്റോ വിധിക്കാനോ നിശ്ചയിക്കാനോ പറ്റില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...