Tweet 1218

    Tweet 1218
    October 14, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ അളവിനെയും തൂക്കത്തെയും കുറിച്ചുള്ള ഒരു പരാമർശം ഇങ്ങനെ വായിക്കാൻ കഴിയും. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അബുദാവൂദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഭാരം മക്കയിലെ മാനദണ്ഡത്തിലും അളവ് മദീനയിലെ ജനങ്ങളുടെ മാനദണ്ഡത്തിലുമാണ്’,

    സ്വാഅ്, റിഥ്ൽ പോലുള്ള അളവുകളുടെയും, ദിർഹം, ദീനാർ പോലുള്ള നാണയങ്ങളുടെ തൂക്കങ്ങളുടെയും അളവുകൾ വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്തമായിരുന്നു. അതിനാൽ, തിരുനബിﷺ മതപരമായി അഥവാ ശർഇയ്യായി അംഗീകരിക്കപ്പെട്ട മാനദണ്ഡം വിശദീകരിക്കുകയാണിവിടെ. അവിടുന്ന് പറഞ്ഞു. “ഭാരം മക്കയിലെ ജനങ്ങളുടെ ഭാരമാണ്.” അതായത്, പണത്തിൻ്റെ സകാത്തിൽ പരിഗണിക്കേണ്ട ഭാരം മക്കയിലെ ജനങ്ങളുടേതാണ്. കാരണം അവർ കച്ചവടക്കാരാണ്. അളവുകളെക്കുറിച്ച് മറ്റുള്ളവരേക്കാൾ കൂടുതൽ അറിവുള്ളവരുമാണ്. “അളവ് മദീനയിലെ ജനങ്ങളുടെ അളവാണ്.” അതായത്, പാപപരിഹാരങ്ങൾ അഥവാ കഫ്ഫാറത്തുകൾ പോലുള്ളവയിൽ ഉപയോഗിക്കേണ്ട ‘സ്വാഅ്’, മറ്റ് അളവുകൾ എന്നിവയുടെ തോത് മദീനയിലെ ജനങ്ങൾ ഉപയോഗിക്കുന്നതായിരിക്കും. കാരണം അവർ കൃഷിക്കാരാണ്. അളവുകളെയും അവയുടെ തോതിനെയും കുറിച്ച് ജനങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ അറിവുള്ളവരുമാണ്. ഒരു നിവേദനത്തിൽ, “ഭാരം മദീനയുടേതും അളവ് മക്കയുടേതും” എന്നുമുണ്ട്. അതായത്, മുമ്പ് പറഞ്ഞതിൻ്റെ നേർ വിപരീതം. എന്നാൽ ഏറ്റവും പ്രബലമായത് ആദ്യം ഉദ്ധരിച്ചതാണ്.

    ജാബിർ ബിൻ അബ്ദുല്ലാഹി(റ)യിൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. വാങ്ങുന്നവന്റെയും വിൽക്കുന്നവന്റെയും അളവ് ഒത്തു വരുന്നതുവരെ ഭക്ഷണ ധാന്യങ്ങൾ വിൽക്കുന്നത് അല്ലാഹുവിൻ്റെ റസൂൽﷺ നിരോധിച്ചു.

    ജനങ്ങളുമായുള്ള ക്രയവിക്രയങ്ങളിൽ നല്ല രീതിയിൽ ഇടപാട് നടത്താനും ഓരോ അവകാശിക്കും അവകാശപ്പെട്ടത് പൂർണ്ണമായി നൽകാനും തിരുനബിﷺ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ചതി, വഞ്ചന, തൂക്കത്തിലും അളവിലുമുണ്ടാകുന്ന കുറവുകൾ എന്നിവയിൽ നിന്ന് അവിടുന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
    ഈ ഹദീസിൽ ജാബിർ ബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു. “ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത്, അതിൽ രണ്ട് ‘സ്വാഅ്’ നടപ്പാകുന്നതുവരെ അല്ലാഹുവിൻ്റെ റസൂൽﷺ നിരോധിച്ചു.” അതായത്, അതിൻ്റെ അളവ് തിട്ടപ്പെടുത്തുകയും അതിൻ്റെ അളവ് കൃത്യമായി അറിയുകയും ചെയ്യുന്നതുവരെ. “വിൽക്കുന്നവൻ്റെ സ്വാഅ്, വാങ്ങുന്നവൻ്റെ സ്വാഅ്,” അതായത്, വിൽക്കുന്നവനും വാങ്ങുന്നവനും അത് അളക്കണം. കാരണം അതാകുമ്പോൾ ബാധ്യത തീർക്കാനും സംശയങ്ങളിൽ നിന്ന് അകന്നുനിൽക്കാനും എളുപ്പമാണ്.

    ചിലർ ഈ ഹദീസിനെ വ്യാഖ്യാനിച്ചത്, രണ്ട് വ്യത്യസ്ത ഇടപാടുകളുണ്ടാകുമ്പോഴാണ് ഇത് ബാധകമാകുന്നത് എന്നാണ്. എങ്കിലും, ഒറ്റ ഇടപാടിൽ തന്നെ ഈ രണ്ട് അളവുകളുമുണ്ടാകണം എന്നതാണ് ഇതിൽ നിന്ന് പ്രാഥമികമായി മനസ്സിലാക്കാവുന്നത്. അതിൻ്റെ വിശദീകരണം ഇതാണ്, ഒരാൾ അളവനുസരിച്ച് ഭക്ഷണം വാങ്ങി. അത് മറ്റൊരാളുടെ സാന്നിധ്യത്തിൽ അളന്ന് കഴിഞ്ഞു എന്നിരിക്കട്ടെ. ശേഷം, ആ കണ്ടിരുന്നയാൾ ഈ ഭക്ഷണം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഒരു സ്വതന്ത്ര ഇടപാട് ആയതിനാൽ ഹദീസ് അനുസരിച്ച് അയാൾ വീണ്ടും അളക്കേണ്ടതുണ്ട്. കാരണം, ആദ്യത്തെ വാങ്ങുന്നവനായ, വിൽക്കുന്നവൻ അളന്നത് ഇവിടെ പരിഗണനീയമല്ല. അതിനാൽ അയാൾ രണ്ടാമതും അളക്കണം.

    എന്നാൽ, മറ്റു ചിലർ ഇങ്ങനെ പറഞ്ഞു: അളക്കുന്നത് മൂന്നാമതൊരാൾ കാണുന്നുണ്ടെങ്കിൽ, എന്നിട്ട് അവൻ അത് വാങ്ങുകയാണെങ്കിൽ, അളവ് ആവർത്തിക്കേണ്ട ആവശ്യമില്ല. കാരണം, വിൽക്കുന്ന വസ്തുവിനെക്കുറിച്ച് കൃത്യമായി അറിയുക എന്നതാണ് ഇവിടെ ആവശ്യമുള്ളത്. അത് ഇവിടെ ലഭിച്ചിട്ടുണ്ട്. എങ്കിലും, അയാൾ അളക്കുകയാണെങ്കിൽ അത് അഭികാമ്യമാണ്. അതിനാൽ, രണ്ട് ഇടപാടുകളിലും അളവ് ആവർത്തിക്കേണ്ട ആവശ്യമില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...