Tweet 1215

    Tweet 1215
    October 11, 2025 • Saturday
    Post Header

    കിണറ്റിലെ വെള്ളം തടയരുത് എന്ന് പറഞ്ഞ തിരുനബിﷺ കിണറുകൾ കുഴിക്കുമ്പോൾ പാലിക്കേണ്ട അകലങ്ങളും പരിധികളും അടക്കം പ്രതിപാദിച്ചു പോയിട്ടുണ്ട്. തോട്ടങ്ങളിൽ കുഴിക്കുന്ന കിണറുകളാണെങ്കിൽ ഇത്ര അകലം, സാധാരണ ആടുമാടുകൾക്ക് വെള്ളം കുടിക്കാനും മറ്റുമാണെങ്കിൽ ഇത്ര ചുറ്റളവ്, മറ്റൊരാൾക്ക് കിണർ കുഴിക്കുമ്പോൾ പാലിക്കേണ്ട ദൂരം എന്നിവയെ കുറിച്ച് എല്ലാമുള്ള പരാമർശങ്ങൾ ഹദീസുകളിൽ കാണാൻ കഴിയും.

    പുതിയകാലത്ത് ജലസേചന സംവിധാനങ്ങൾ പലതും മാറിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി വെള്ളത്തിനോടും അടിസ്ഥാന ആവശ്യങ്ങളോടും മനുഷ്യൻ പുലർത്തേണ്ട സമീപനങ്ങളെ കുറിച്ചുള്ള വലിയ അധ്യാപനങ്ങൾ ഈ ഹദീസുകൾ ഉൾക്കൊള്ളുന്നുണ്ട്. ഈത്തപ്പനകൾ നനയ്ക്കാൻ വേണ്ടിയാണ് കിണർ കുഴിക്കുന്നതെങ്കിൽ ഈത്തപ്പനയുടെ ഇലകൾ വികസിച്ചു നിൽക്കുന്ന സ്ഥലം വരെയും പ്രസ്തുത കിണറുകളുടെ പരിധിയായി കാണണമെന്നും സാധാരണയിൽ കിണറുകളുടെ നാലു ചുറ്റും 40 മുഴം അകലം നാൽക്കാലികൾക്ക് വെള്ളം ഉപയോഗിക്കാൻ സൗകര്യപ്പെടുത്തണമെന്നും പഠിപ്പിക്കുന്നു.

    മൃതമായി കിടക്കുന്ന ഇടങ്ങളെ കൃഷിയും ജലസേചനവും കൊണ്ട് സജീവമാക്കുമ്പോൾ നാട്ടുനടപ്പുകൾ വച്ച് പ്രതിരോധിക്കാൻ പാടില്ലെന്ന് അവിടുന്ന് നിർദ്ദേശിക്കുന്നുണ്ട്. ഭൂമി തരിശുഭൂമിയാക്കി ഇടുന്നതിനേയും ജീവൻവെപ്പിച്ച് പ്രയോഗിക്കാതിരിക്കുന്നതിനെയും തിരുനബിﷺ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. മനുഷ്യകുലത്തിന്റെ ജീവനങ്ങൾക്കാവശ്യമായ നിർമാണ പ്രവർത്തനങ്ങളെയും പ്രകൃതിവിഭവങ്ങളോട് നിർമാണപരമായി സമീപിക്കുന്നതിനേയും പലവിധേനയും തിരുനബിﷺ പ്രചോദിപ്പിച്ചിട്ടുണ്ട്.

    തിരുനബിﷺ ജനിക്കുകയും വളരുകയും ചെയ്ത മക്കയിൽ കൂടുതൽ വ്യാപാരികളായിരുന്നുവെങ്കിലും മദീനയിലെത്തിയപ്പോൾ അവിടെ കൂടുതൽ കർഷകരായിരുന്നു. കർഷകരോട് കാർഷികവൃത്തിയെ കുറിച്ച് സംസാരിക്കുകയും ഈത്തപ്പനയുടെ പരാഗണത്തെക്കുറിച്ചും വിളവുകളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. മദീനക്കാർ വിളവെടുത്താൽ ആദ്യത്തെ ഫലം തിരുനബിﷺക്ക് കൊണ്ടുവന്നു നൽകുക പതിവായിരുന്നു. തിരുനബിﷺ അത് സ്വീകരിക്കുകയും അനുഗ്രഹത്തിനു വേണ്ടി സവിശേഷമായി പ്രാർഥിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. തിരുനബിﷺയുടെ സദസ്സിലേക്ക് കൊണ്ടുവരുന്ന വിഭവങ്ങളിൽ നിന്ന് പഴവർഗ്ഗങ്ങളാണെങ്കിൽ കൂട്ടത്തിൽ ചെറിയ പ്രായമുള്ളവർക്ക് ആദ്യം സമ്മാനിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു.

    മദീനക്കാരായ അൻസാരികളുടെ തോട്ടങ്ങളിലേക്ക് ചെല്ലുകയും വിളകളും തോട്ടങ്ങളും പരിചയപ്പെടുകയും ചിലപ്പോഴൊക്കെ തിരുനബിﷺ ചില തോട്ടങ്ങളിൽ നിസ്കരിക്കുകയും സമയം ചെലവഴിക്കുകയും ഒക്കെ ചെയ്തിരുന്നു. തിരുനബിﷺ ചില തോട്ടങ്ങളിലേക്കും നാലുകെട്ടുകളിലേക്കും ചെന്നതും സ്വഹാബികൾ അനുഗമിച്ച് അവിടെ എത്തിയതും തിരുനബിﷺ സവിശേഷമായ സന്ദേശങ്ങൾ നൽകിയതും നിരവധി ഹദീസുകളിൽ വായിക്കാൻ കഴിയും.

    മദീനക്കാരായ ആളുകൾക്ക് കൃഷികളോടുള്ള പ്രത്യേക താൽപര്യങ്ങളെ ഊന്നിക്കൊണ്ട് പലതവണയും അവിടുന്ന് സംസാരിച്ചിട്ടുണ്ട്. കർഷകരുടെ വ്യക്തിത്വഭാവങ്ങളും സ്വഭാവ ശീലങ്ങളും അൻസ്വാരികളുടെ അടിസ്ഥാന ഗുണങ്ങളിൽ ഇഴചേർന്നു നിൽക്കുന്ന കുറേയേറെ നന്മകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. ഇസ്‌ലാമിനെയും തിരുനബിﷺയെയും ഉൾക്കൊള്ളുന്നതിലും സ്വീകരിക്കുന്നതിലും മക്കക്കാരുടെയും മദീനക്കാരുടെയും സമീപനങ്ങൾ ഏറെ വിഭിന്നമാണല്ലോ.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...