Tweet 1214

    Tweet 1214
    October 10, 2025 • Friday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളുടെയും വിധിപ്രസ്താവങ്ങളുടെയും ഇടയിൽ മാനവിക പ്രാധാന്യമുള്ള വിചാരങ്ങൾ അടങ്ങുന്ന പ്രസ്താവനകൾ ഇങ്ങനെ വായിക്കാം. ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. വെള്ളം, തീ, മേച്ചിൽ പുറം എന്നിവ എല്ലാ ജനങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.

    ലളിതമായ ഒരു വാചകമാണെങ്കിലും മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളെ പറ്റിയുള്ള സുപ്രധാനമായ ഒരു പ്രസ്താവനയാണിത്. കിണർ കുത്തിയത് ഞാനാണെങ്കിലും, കിണർ നിലകൊള്ളുന്നത് എന്റെ പറമ്പിലാണെങ്കിലും വെള്ളം എന്റേത് മാത്രമായി പരിമിതപ്പെടുത്താന്‍ പാടില്ല. എൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് അപ്പുറമുള്ളത് മറ്റുള്ളവർക്ക് എടുക്കാനും ഉപയോഗിക്കാനും സൗകര്യമുണ്ടായിരിക്കണം. എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യമാണല്ലോ വെള്ളം. അത് ജനകീയമായി തന്നെ കാണാനും പൊതുവായി വിനിയോഗസ്വാതന്ത്ര്യം ഉണ്ടെന്നറിയിക്കാനും എത്ര പ്രാധാന്യത്തോടുകൂടിയാണ് തിരുനബിﷺയുടെ പ്രസ്താവന നിലകൊള്ളുന്നത്.

    തീ കൊളുത്തി വിളക്ക് കത്തിച്ച് വെളിച്ചം കാണുകയും തീ കൊളുത്തി അടുപ്പ് കത്തിച്ച് ഭക്ഷണം പാചകം ചെയ്യുകയും ചെയ്യുന്ന ഒരു സാമൂഹിക പരിസ്ഥിതിയോട് ചേർത്തു വായിക്കുമ്പോഴാണ് തീ എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന പ്രയോഗത്തിന്റെ പ്രാധാന്യമറിയുന്നത്. എൻ്റെ അടുപ്പിൽ തീ കത്തി കൊണ്ടിരിക്കുമ്പോൾ അത് പകർന്നെടുക്കാൻ വരുന്ന ആളുകൾക്ക് ഇത് എന്റേത് മാത്രമാണെന്ന് പരിമിതപ്പെടുത്താൻ പാടില്ല, യാതൊരു സ്വാർത്ഥതയും കാണിക്കാതെ അവർക്ക് പകർന്നു കൊടുക്കണം. അതുകൊണ്ട് മാത്രമേ അവർക്ക് വെളിച്ചം കാണാനും ഭക്ഷണം കഴിക്കാനും സാധിക്കുകയുള്ളൂ എന്ന് വരുമ്പോഴാണ് ഈയൊരു ജനകീയ പ്രസ്താവനയുടെ വിശാലമായ പൊരുൾ ബോധ്യപ്പെടുന്നത്.

    നാൽക്കാലികൾക്ക് മേയാനുള്ള മേച്ചിൽ പുറം എൻ്റെ ആടുകൾക്കും ഒട്ടകങ്ങൾക്കും മാത്രമുള്ളതാണെന്ന് പറഞ്ഞ് പരിമിതപ്പെടുത്തി മറ്റ് ആടുമാടുകൾ പട്ടിണി കിടക്കാനും സ്വാതന്ത്ര്യം അനുഭവിക്കാതിരിക്കാനും ഇട വന്നുകൂടാ. സഹജീവികളുടെ വിശാല സ്വാതന്ത്ര്യത്തെ മനുഷ്യൻ പരിമിതപ്പെടുത്തരുത് എന്ന ഒരു ഭാഷ കൂടി ഈ പ്രയോഗത്തിലും പ്രസ്താവനയിലും നിലകൊള്ളുന്നുണ്ട്.

    തിരുനബിﷺ കാരുണ്യത്തിന്റെ മഹാപ്രപഞ്ചമാണെന്ന വായന അവിടുത്തെ ഓരോ പ്രസ്താവനയിലും പ്രയോഗത്തിലും നമുക്ക് കണ്ടെടുക്കാനാവും. ഇപ്പോൾ വായിച്ച ഹദീസിന്റെ ആശയം എത്രമേൽ പ്രസക്തിയോടെയാണ് അത്തരമൊരു പൊരുൾ വിളിച്ചറിയിക്കുന്നത്.

    നദീജല തർക്കങ്ങളും രാജ്യങ്ങൾ തമ്മിലുള്ള കുടിവെള്ള വ്യവഹാരങ്ങളും പല കാലങ്ങളിലും ചർച്ചക്ക് വരാറുണ്ട്. ഒരു രാജ്യം, പുഴ ഡാം കെട്ടി അടച്ചാൽ മറ്റൊരു രാജ്യം ദാഹിച്ചു മരിച്ചുപോകും എന്ന് വിചാരിച്ചു കൂടാ. യുദ്ധക്കെടുതികൾക്കിടയിലും കുടിവെള്ള വിതരണവും അടിസ്ഥാന ആവശ്യസൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് എത്രമേൽ മനുഷ്യത്വ വിരുദ്ധമാണെന്ന് വായിക്കാൻ ഈയൊരു പ്രസ്താവന മാത്രം മതി.

    മനുഷ്യനെ മനുഷ്യനായും മാനുഷിക മൂല്യങ്ങളെ വ്യാപകമായ അർത്ഥത്തിലും വായിക്കാനും പ്രയോഗിക്കാനുമുള്ള മനുഷ്യവിചാരങ്ങൾ ഉണർന്നു വരേണ്ടതുണ്ട്. വ്യക്തിക്കും സമൂഹത്തിനും കുടുംബത്തിനും സ്വകാര്യ താൽപര്യങ്ങളും വിചാരങ്ങളും ഒക്കെ ഉണ്ടാവാം. അവരുടേത് നമ്മുടേത് എന്ന ചിന്തകളിലൂടെ പലതും കടന്നുപോയേക്കാം. എന്നാൽ, മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളെയും അവകാശങ്ങളെയും ലംഘിക്കുന്ന വിധത്തിലുള്ള ഒരു സ്വകാര്യവിചാരത്തെയും നമുക്ക് പ്രോത്സാഹിപ്പിക്കാനാവില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...