
തിരുനബിﷺയുടെ മഹാ ജീവിതത്തെ വായിക്കുമ്പോൾ ‘ജിഹാദ് ‘എന്ന അധ്യായത്തെ കൂടി പരാമർശിക്കാതെ കടന്നുപോകാനാവില്ല. ലോകത്ത് വളരെയേറെ സംവാദങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിധേയമായ ഒരു പദമാണ് ‘ജിഹാദ്’. ജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ ഭയംനിറഞ്ഞ വിചാരങ്ങളാണ് കടന്നു വരിക. ലോകത്തു നടക്കുന്ന മുഴുവൻ വിധ്വംസക പ്രവർത്തനങ്ങളെയും തീവ്രവാദ ഭീകരവാദ വിചാരങ്ങളെയും ജിഹാദ് എന്ന തലവാചകത്തിന് കീഴിൽ കൊണ്ടുവരാൻ തെറ്റിദ്ധാരണ മൂലമോ തെറ്റിദ്ധാരണ സൃഷ്ടിച്ച് ചൂഷണങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കപ്പെടാറുണ്ട്. ജിഹാദും ജിഹാദിയും ഏതു സാമൂഹിക പ്രവണതയോട് ചേർത്തുവച്ചാലും എത്ര നല്ല കാര്യമാണെങ്കിലും അത് അപകടമായിപ്പോകും എന്ന ഒരു നരേശൻ മാധ്യമങ്ങളും തല്പരകക്ഷികളും നിർമ്മിച്ചെടുത്തത് പോലെയാണ്. ലൗ ജിഹാദും, ഹലാൽ ജിഹാദും ഒരു സാമൂഹിക പ്രതിസന്ധിയിൽ നിന്ന് രൂപപ്പെട്ടുവന്ന പദാവലികളല്ല. സമൂഹത്തിലെ സംഭവങ്ങളോട് അപകടകരമായ ചില മനോനിലകളാൽ രൂപപ്പെട്ടുവന്ന ആരോപണ പരമായ ആയുധങ്ങളുടെ പേരാണ്. അവൻ ജിഹാദിയാണെന്ന് ആരോപിച്ചാൽ ഏറ്റവും അപകടകരമായ ഒരു വിലാസം അയാൾക്ക് നൽകിയിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം.
ജിഹാദ് എന്ന പദം അമുസ്‌ലിം സാന്നിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയുള്ള സായുധ ഭീകരതയാണെന്ന പൊതുവിചാരം സമൂഹത്തിൽ രൂപപ്പെടുത്തിയെടുത്തപ്പോഴാണ് ചിലർക്ക് ഇതുകൊണ്ടൊക്കെ വലിയ മുതലെടുപ്പുകൾക്ക് സാധ്യമായത്. മുസ്‌ലിംകളിൽ പോലും ന്യൂനമായ ചില പൊതുബോധങ്ങളെ രൂപപ്പെടുത്താൻ ഇത്തരം പ്രയോഗങ്ങൾക്കും പദാവലികൾക്കും സാധ്യമായിട്ടുണ്ട്. ജിഹാദ് എന്നോ മുജാഹദ് എന്നോ സംഭാഷണത്തിൽ എവിടെയും ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ഫോടനാത്മകമായി മാറിയിരിക്കുന്നു സാമൂഹിക വിചാരങ്ങൾ.
ഇവിടെയാണ് ജിഹാദ് എന്ന പദവും അതിന്റെ പൊരുളും പ്രഭവവും പ്രഭാവവും എല്ലാം കൃത്യമായി പ്രബോധിപ്പിക്കേണ്ടി വരുന്നത്. ജിഹാദ് ഒരു അറബി പദമാണ്. അറബി ഭാഷയില്‍ എപ്രകാരമാണ് ഇത് വിവരിക്കപ്പെട്ടിട്ടുള്ളത് എന്ന് പരിശോധിക്കാതെ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടിട്ടുള്ള പ്രചാരണങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം ജിഹാദിന് അര്‍ഥം നല്‍കാന്‍ ശ്രമിച്ചതാണ് പലപ്പോഴും സംഭവിച്ചു പോയ അബദ്ധങ്ങൾ.
ജിഹാദ് എന്ന പദം ‘ജാഹദ’ എന്ന ക്രിയയുടെ ധാതുവാണ്. ജാഹദ എന്ന പദത്തിന് നിഘണ്ടുകളിലും ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ള വിവക്ഷ അധ്വാനിക്കുകയും കഠിനപ്രയത്നം ചെയ്യുകയും ചെയ്യുക, പരമാവധി പരിശ്രമിക്കുക എന്നിങ്ങനെയൊക്കെയാണ്. അഥവാ മുഴുവന്‍ കഴിവും ശക്തിയും ഉപയോഗിച്ചുകൊണ്ടുള്ള ശ്രമം എന്നാണ് ജിഹാദിന്റെ യഥാര്‍ഥ ആശയം. ഖുർആനോ ഹദീസോ പ്രത്യേകമായ ഒരു നിർവചനം ഈ പദത്തിന് നൽകിയിട്ടില്ലെങ്കിലും പദം പ്രയോഗിച്ച സാഹചര്യങ്ങളും സന്ദർഭങ്ങളും പദത്തിന്റെ പൊരുളിനെ ക്രമാനുഗതമായി മനസ്സിലാക്കാനുള്ള ആശയപരിസരം രൂപപ്പെടുത്തുന്നു. അപ്രകാരം വായിക്കുമ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ, അല്ലെങ്കിൽ അവന്റെ പ്രീതിക്കുവേണ്ടി നിർവഹിക്കുന്ന ഏതുവിധത്തിലുള്ള ത്യാഗ പരിശ്രമങ്ങളെയും ജിഹാദ് എന്ന് വിളിക്കാം.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അവൻ ഏറ്റവും പരിശ്രമിക്കേണ്ടി വരുന്നത് അവന്റെ തന്നെ വിചാരങ്ങളെയും വികാരങ്ങളെയും നിയന്ത്രിച്ചു നിർത്താനും അപകടകരമായ വികാരങ്ങളെ തോൽപ്പിക്കാനുമാണ്. അങ്ങനെ വരുമ്പോൾ ഒരു വ്യക്തി തന്നോട് തന്നെ ചെയ്യുന്ന ആത്മീയമായ പരിശ്രമങ്ങളും ആധ്യാത്മികമായ സ്വയം പ്രതിരോധങ്ങളും ജിഹാദ് എന്ന പദത്തിന്റെ ആശയപരിഗണനയിൽ ഒന്നാം നിലവാരത്തിൽ വരും. ഈയൊരു വായനയിൽ നിന്നുമാണ് മുജാഹദത്തുന്നഫ്‌സ് എന്ന ആധ്യാത്മിക പദാവലികൾ രൂപപ്പെട്ടുവരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
