
ഇമാം അഹ്മദ്(റ) അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം വായിച്ചു നോക്കാം. തിരുനബിﷺ പറഞ്ഞു. മനുഷ്യരുടെ കര്‍മങ്ങള്‍ വ്യാഴാഴ്ച ദിവസം അഥവാ വെള്ളിയാഴ്ച രാവില്‍ അല്ലാഹുവിങ്കൽ പ്രദര്‍ശിപ്പിക്കപ്പെടും. എന്നാല്‍ കുടുംബബന്ധം വിഛേദിച്ചവന്റെ കര്‍മങ്ങളൊന്നും അന്ന് അല്ലാഹു സ്വീകരിക്കുകയില്ല.
പരലോകത്ത് സ്വർഗപ്രവേശത്തിന്റെ മുമ്പ് കടന്നു പോകേണ്ട പ്രധാനപ്പെട്ട കടമ്പയാണല്ലോ സ്വിറാത്. കുടുംബബന്ധം വിച്ഛേദിച്ചവർക്ക് പ്രസ്തുത ഘട്ടത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസത്തെ കുറിച്ച് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പറഞ്ഞു. …. അമാനത്തും കുടുംബബന്ധവും അയക്കപ്പെടുകയും അവ സ്വിറാത്തിന്റെ ഇടതും വലതുമായ ഇരുപാ൪ശ്വങ്ങളിലും നില്‍ക്കുകയും ചെയ്യുന്നു. അഥവാ അത്തരം ആളുകൾക്ക് സുഗമമായി ഈ കടമ്പ കടന്നുപോകാൻ കഴിയില്ല. ഒരുപക്ഷേ അവിടെ ശിക്ഷയിലേക്ക് വലിച്ച് തള്ളപ്പെടും.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്ന ഹദീസ് ഈ വിഷയത്തിന്റെ ഗൗരവം അതീവ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. ആശയം ഇപ്രകാരമാണ്. ജുബൈർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. കുടുംബ ബന്ധം വിഛേദിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.
ഇപ്പോൾ നാം വായിച്ച മുഴുവൻ ഹദീസുകളുടെയും ആശയം കുടുംബബന്ധം മുറിക്കുന്നത് എത്ര മേൽ അപകടകരമായ കുറ്റമാണ് എന്നാണ്. ഓരോ വ്യക്തിയും ബന്ധങ്ങളെ കരുതലോടെ കാത്തുസൂക്ഷിക്കുകയും പരമാവധി ചേർത്തു നിർത്താനും പരസ്പരം നന്മയിൽ വർത്തിക്കാനും ശ്രദ്ധിക്കണം.
അണു കുടുംബ വ്യവസ്ഥിതിയോ എല്ലാ ബന്ധങ്ങളിൽ നിന്നും വിട്ടുമാറി സ്വന്തം സുഖം, ക്ഷേമം എന്ന സങ്കുചിതമായ വിചാരമോ അല്ല തിരുനബിﷺ മുന്നോട്ടുവയ്ക്കുന്നത്. ഉറ്റവരെയും ഉടയവരെയും പരിസരങ്ങളെയും ശരിയായ വിധത്തിൽ ഉൾക്കൊള്ളുകയും കൃത്യമായ പാരസ്പര്യങ്ങൾ പരിപാലിക്കുകയും ചെയ്യണമെന്നാണ് അവിടുന്ന് പഠിപ്പിക്കുന്നത്. ഒറ്റയാനായി ഒഴിഞ്ഞു പോകാനോ ഒന്നും കണ്ടില്ലെന്നു നടിച്ച് മാറി സഞ്ചരിക്കാനോ അല്ല പഠിപ്പിക്കുന്നത്.
നോവും നനവും വികാരവിചാരങ്ങളും അറിഞ്ഞും അറിയിച്ചും അതിജീവനവും ആത്മവിശ്വാസവും പരസഹായവും പരസ്പര പങ്കുവെക്കലുകളും ഒക്കെ ചേർന്ന ഭദ്രമായ ഒരു സാമൂഹിക ഘടനയാണ് വിവാഹ കുടുംബ ബന്ധങ്ങളിലൂടെ പ്രവാചകൻﷺ സൈദ്ധാന്തിക്കുന്നത്. തിരുനബിﷺയുടെ വിവാഹങ്ങൾ മദീനയിലെ സാമൂഹിക ഘടനയിൽ ഉയർന്ന ബന്ധങ്ങൾ രൂപപ്പെടുത്തുകയും ഒരുപാട് അടിമകൾക്ക് വിമോചനം സാധ്യമാക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട പലരെയും പരിഗണിക്കണമെന്ന് പഠിപ്പിക്കുകയും സംരക്ഷിക്കപ്പെടേണ്ടവർ സംരക്ഷിക്കപ്പെടണം എന്ന് ഉദ്ബോധിപ്പിക്കുകയും ഒക്കെ ചെയ്തു. പ്രസ്തുത സാമൂഹിക നിർണയത്തിലൂടെ ലോകത്തെവിടെയും വെളിച്ചം പകർത്താൻ പറ്റുന്ന ഒരു മഹാ സംഹിതയെ അവതരിപ്പിക്കാൻ സാധിച്ചു.
ദാനധർമങ്ങളിലും സഹായങ്ങൾ എത്തിക്കുന്നതിലും രക്തബന്ധുക്കളെയും കുടുംബ ബന്ധുക്കളെയും അയൽവാസികളെയും പ്രാധാന്യത്തോടെ പരിഗണിക്കുകയും മുൻഗണനാക്രമത്തിൽ അവരെ ആദ്യം കാണുകയും ചെയ്യണമെന്ന് തിരുനബിﷺ അധ്യാപനം നൽകി. സ്വന്തം മാതാവിനെ അവഗണിച്ചു സുഹൃത്തിൻ്റെ മാതാവിൻ്റെ പരിചരണം ചെയ്യുന്ന പുതിയ കാഴ്ചകൾ സമൂഹത്തിൽ രൂപപ്പെടുത്തിയ താളമില്ലായ്മയെ അഭിസംബോധന ചെയ്യാൻ ഇത്തരം മുൻഗണനാക്രമങ്ങൾ അനിവാര്യമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
