Tweet 1169

    Tweet 1169
    August 26, 2025 • Tuesday
    Post Header

    കുടുംബബന്ധം ചേർക്കുന്നതിന്റെയും പുലർത്തുന്നതിന്റെയും ശ്രേഷ്ഠത പറയുന്നതോടൊപ്പം തന്നെ കുടുംബ ബന്ധം വിച്ഛേദിക്കുന്നതിന്റെ വിപത്തുകളും നഷ്ടങ്ങളും അറിയിക്കുന്ന ഹദീസുകളും ഗൗരവതരമായി നമുക്ക് വായിക്കാനുണ്ട്.
    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പ്രസ്താവിച്ചു. തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്‍റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും.
    ഇത് നേരത്തെ വായിച്ചുപോയ ഹദീസാണെങ്കിലും ഈ അധ്യായത്തിൽ ഒന്നുകൂടി ഹൃദയം ചേർത്തുവെക്കേണ്ടതുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും സഹിക്കാനാവാത്ത കാര്യമാണ് അല്ലാഹു വിട്ടുകളയും എന്ന താക്കീത്. അല്ലാഹു കൈവിട്ടുകളയുമെന്ന് വന്നാൽ പിന്നെ തേടാൻ ആരുമില്ലെന്ന അടിസ്ഥാന വിശ്വാസത്തിൽ മുന്നോട്ടുപോകുന്ന ഒരു സത്യവിശ്വാസിക്ക് ഇതിലേറെ ഒരു താക്കീത് ഇല്ലേയില്ല. എത്രമാത്രം ഗൗരവത്തോടെയാണ് ഈ വിഷയത്തെ ഇസ്‌ലാം നിരീക്ഷിക്കുന്നത് എന്നതിന്റെ തെളിവു കൂടിയാണിത്.
    ഇതു സംബന്ധിയായി മറ്റൊരു പരാമർശം ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്ന ഹദീസിൽ നിന്ന് ഇങ്ങനെ വായിക്കാം. തിരുനബിﷺ പറഞ്ഞു. കുടുംബബന്ധം വിഛേദിച്ചയാളുടെ കൂട്ടത്തിലേക്ക് കാരുണ്യം വർഷിക്കുകയില്ല.
    കുടുംബബന്ധം മുറിക്കുക വഴി വന്നുചേരുന്ന വിപത്തുകളിൽ ഒന്നിനെ കുറിച്ച് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇപ്രകാരമാണ്. അബൂസഈദ് അൽ ഖുദ്രി(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. പാപവും കുടുംബബന്ധം മുറിക്കുന്നതുമല്ലാത്ത എന്തെങ്കിലും ഒരു കാര്യം ഒരു മുസ്‌ലിം പ്രാ൪ത്ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാ൪ത്ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു. അല്ലെങ്കില്‍ പ്രാർത്ഥനയുടെ ഫലം പരലോകത്തേക്ക് നീട്ടി വെക്കുന്നു. അതുമല്ലെങ്കില്‍ സമാനമായ ഒരു തിന്മയിൽ നിന്ന് അവന് സുരക്ഷ നൽകുന്നു. സ്വഹാബികള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ പ്രാ൪ത്ഥന അധികരിപ്പിക്കുകയോ? തിരുനബിﷺ പ്രതികരിച്ചു. അല്ലാഹു തന്നെയാണ് സത്യം! അധികരിപ്പിക്കൂ.
    കുടുംബബന്ധം മുറിക്കുന്ന വിധത്തിലുള്ള പ്രാർത്ഥനകൾ സ്വീകാര്യമല്ലെന്നും പരിഗണിക്കപ്പെടേണ്ട പ്രാർത്ഥനകളുടെ കൂട്ടത്തിൽ അത്തരം ഉള്ളടക്കങ്ങൾ ഉണ്ടാവരുതെന്നുമാണ് ഉൽബോധിപ്പിക്കുന്നത്.
    കുടുംബ ബന്ധം മുറിക്കുന്നവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടെന്ന് വരെ അറിയിക്കുന്ന ഖുർആനിക സൂക്തം നമുക്ക് വായിക്കാനുണ്ട്. വിശുദ്ധ ഖുർആൻ 47ാം അധ്യായം 22 ,23 സൂക്തങ്ങളുടെ പ്രാഥമിക ആശയം ഇപ്രകാരമാണ്. “എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്‌. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അവരെ അന്ധരാക്കുകയും ചെയ്തിരിക്കുന്നു.
    ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഗൗരവകരമായ മറ്റൊരാശയം കൂടി രേഖപ്പെടുത്തിയിരിക്കുന്നു. അബൂബക്റ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. പരലോകത്ത് അല്ലാഹു ശിക്ഷ കരുതിവെക്കുകയും ഇഹലോകത്ത് തന്നെ ശിക്ഷ ധൃതിപ്പെട്ട് നല്‍കുകയും ചെയ്യുന്ന പാപം കുടുംബബന്ധം മുറിക്കുകയും അക്രമം പ്രവ൪ത്തിക്കലുമല്ലാതെ മറ്റൊരു പാപവുമില്ല’.
    ഇന്നും എന്നും ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി ബന്ധവിച്ഛേദങ്ങളെ അവതരിപ്പിക്കുക വഴി ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനുള്ള എത്ര വലിയ കരുതലാണ് ഖുർആൻ മുന്നോട്ടുവച്ചിട്ടുള്ളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...