
വിവാഹം പരസ്യപ്പെടുത്തി നടത്തണമെന്നാണ് പ്രവാചകരുﷺടെ അധ്യാപനം. സന്തോഷമൂഹൂർത്തങ്ങളെ അങ്ങനെ തന്നെ കാണണമെന്നും ആഘോഷിക്കണമെന്നും അവിടുന്ന് പഠിപ്പിക്കുന്നു. ഒരു അനാഥ വനിതയുടെ വിവാഹം നടക്കുന്നതിനെക്കുറിച്ച് തിരുനബിﷺ അന്വേഷിച്ചു. ഒപ്പം ദഫ് മുട്ടാൻ ആളെ അയച്ചിരുന്നോ എന്ന് തിരുനബിﷺ അന്വേഷിചു. മണവാട്ടിയുടെ ആഗമനത്തെ അറിയിക്കുന്ന ദഫും സ്വീകരണവും ഒക്കെ ഉണ്ടാവട്ടെ എന്ന് സമ്മതിച്ചു.
എല്ലാ ആഘോഷങ്ങൾക്കും അടിസ്ഥാനപരമായ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ധൂർത്തോ പിശുക്കോ അവിടുത്തെ മാർഗ്ഗമല്ല. അമിതവ്യയം നടത്തുന്നവർ പിശാചിൻ്റെ കൂട്ടുകാരാണെന്നും എന്നാൽ ആവശ്യത്തിന് വ്യയം ചെയ്യാത്ത വിധം നിങ്ങളാരും പിശുക്കന്മാർ ആകാൻ പാടില്ലെന്നുമാണ് അവിടുത്തെ അധ്യാപനം.
മദീന നിവാസികളായ അൻസ്വാരികൾ നടത്തിയിരുന്ന ആനന്ദകരമായ ആഘോഷ രീതികളെ ശരിവെച്ചു കൊണ്ടായിരുന്നു തിരുനബിﷺയുടെ സമീപനങ്ങളുണ്ടായിരുന്നത്. കല്യാണവേളകളിൽ അങ്ങനെയൊക്കെ ഇല്ലേ എന്ന് തിരുനബിﷺ ആഇശ(റ)യോട് ചോദിച്ച രംഗവുമുണ്ട്.
അതയ്‌നാക്കും അതയ്നാക്കും..
ഫഹയ്യൂനാ നുഹയ്യീക്കും….
എന്നിങ്ങനെ അന്ന് ദഫ് മുട്ടിയപ്പോൾ പാടിയ പാട്ടിൻ്റെ ശകലങ്ങൾ ഹദീസ് നിവേദനങ്ങളിൽ കാണാം.
ഞങ്ങൾ ഇതാ വന്നു, ഞങ്ങൾ ഇതാ വന്നു…. നിങ്ങൾ മംഗളം നേർന്നു കൊള്ളൂ.. ഞങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്നു..
ആഘോഷം എന്നത് ആഭാസത്തിന്റെ പര്യായമല്ല. അങ്ങനെ തെറ്റിദ്ധരിക്കുകയും എന്തുമാവാം എന്ന് വിചാരിക്കുകയും ചെയ്യുന്ന പുതിയ സാമൂഹിക ഘടനയിൽ നിന്ന് മാറി മൂല്യങ്ങളെ പരിപാലിക്കുകയും സാമൂഹിക സന്തുലിതാവസ്ഥയെ പരിഗണിക്കുകയും ചെയ്യുന്ന ആഘോഷങ്ങളെയാണ് പ്രവാചകൻﷺ പരിചയപ്പെടുത്തിയത്.
മാനുഷിക സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബം പവിത്രമായ പരിസരങ്ങളിലൂടെ രൂപപ്പെടുകയും പരസ്പരമുള്ള മാനുഷിക ബന്ധങ്ങൾ മുഴുവനും പരിപാവനമായി പരിപാലിക്കപ്പെടുകയും ചെയ്യണം എന്നത് കണിശമായ ഇസ്ലാമിക അധ്യാപനമാണ്. ക്ഷണം സ്വീകരിക്കേണ്ടതും സൽക്കാരം നൽകേണ്ടതുമൊക്കെ ബന്ധങ്ങളെയും പാരസ്പര്യങ്ങളെയും ഏറ്റവും ഗുണകരമായി പരിപാലിക്കാൻ വേണ്ടിയാണ്. സമ്മാനങ്ങൾ നൽകൂ പരസ്പരം സ്നേഹം വർദ്ധിപ്പിക്കു എന്നത് അവിടുത്തെ സവിശേഷമായ ഒരു നിർദ്ദേശമാണ്.
എത്ര ലളിതമായ ക്ഷണവും സ്വീകരിക്കുകയും എത്ര വിനീതമായ സദ്യയിലും സന്തോഷത്തോടെ പങ്കെടുക്കുകയും ചെയ്തത് കഴിഞ്ഞ അധ്യായങ്ങളിൽ നിന്നും വായിച്ചു പോയിട്ടുണ്ട്. രാജാവ് ക്ഷണിച്ചാലും അടിമകൾ ക്ഷണിച്ചാലും ക്ഷണത്തിന് ഉത്തരം ചെയ്യുന്നതിന്റെ മൂല്യം സവിശേഷമായി തന്നെ അവിടുന്ന് പഠിപ്പിച്ചു. ഒരിക്കൽ ഒരു ജൂതൻ ലളിതമായ റൊട്ടിയും പഴകിയ എണ്ണയും മാത്രമുള്ള ഒരു സൽക്കാരത്തിലേക്ക് ക്ഷണിച്ചതും തിരുനബിﷺ ആ ക്ഷണം സ്വീകരിച്ച് എത്തിയതും ഇമാം അഹ്മദ്(റ) മുസ്നദിൽ ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിﷺയോടൊപ്പം വ്യത്യസ്ത ഭാവത്തിലും രീതിയിലുമുള്ള സൽക്കാരങ്ങൾ സ്വീകരിച്ചതും തിരുനബിﷺയുടെ പരിചാരകനായ അനസുബ്നു മാലിക്(റ) വ്യത്യസ്ത നിവേദനങ്ങളിൽ പങ്കുവെക്കുന്നുണ്ട്. പരസ്പരം ഉണ്ടാകേണ്ട ബന്ധങ്ങളുടെയും പരിഗണനകളുടെയും ഉന്നതിയിൽ നിന്നുകൊണ്ടായിരുന്നു ആ സംഭാഷണങ്ങൾ മുഴുവൻ.
മതപരമായ മൂല്യങ്ങളെയും വിശ്വാസപരമായ അടിത്തറകളെയും എവിടെയും ലംഘിക്കാറുണ്ടായിരുന്നില്ല. അധാർമികമായ കാര്യങ്ങൾ നിലകൊള്ളുന്ന ഭവനങ്ങളിലെ സൽക്കാരം അവിടുന്ന് സ്വീകരിച്ചിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
