Tweet 1155

    Tweet 1155
    August 12, 2025 • Tuesday
    Post Header

    വിവാഹ സൽക്കാരവും ക്ഷണവും സ്വീകരണവും സംബന്ധിച്ച ചില ഹദീസുകളിലൂടെ നമുക്ക് സഞ്ചരിക്കാം. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. നിങ്ങൾ ഭക്ഷണത്തിലേക്ക് ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കണമെന്ന് തിരുനബിﷺ പ്രസ്താവിച്ചു. ഇഷ്ടമുണ്ടെങ്കിൽ ഭക്ഷിക്കാം അല്ലെങ്കിൽ ഭക്ഷിക്കാതിരിക്കുകയും ചെയ്യാം.
    ക്ഷണം സ്വീകരിക്കുന്നതിന്റെ പ്രാധാന്യമാണ് ഈ ഹദീസ് നമ്മോട് പറയുന്നത്. ഭക്ഷണം കഴിക്കാതിരിക്കേണ്ട സാഹചര്യങ്ങളുമുണ്ടാവാം. രോഗമോ മറ്റോ കാരണമായി യോഗ്യമല്ലാത്ത ഭക്ഷണം, നോമ്പുകാരൻ ആയതിന്റെ പേരിൽ കഴിക്കാൻ പറ്റാതിരിക്കുക ഒക്കെ പരിഗണിച്ചുകൊണ്ടാണ് വേണമെങ്കിൽ ഭക്ഷിക്കാം അല്ലെങ്കിൽ ഭക്ഷിക്കാതിരിക്കുകയും ചെയ്യാമെന്ന് പറഞ്ഞത്. ഭക്ഷണം കഴിക്കാൻ ആവില്ലല്ലോ എന്ന് കരുതി ക്ഷണം നിരസിക്കേണ്ടതില്ല എന്ന ഒരു അധ്യാപനം കൂടി ഇതിലുണ്ട്.
    ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂ ശുറൈഹ് അൽ കഅ്ബി(റ) പറഞ്ഞു. അല്ലാഹുവിൻ്റെ ദൂതർﷺ പ്രസ്താവിച്ചു. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അതിഥിയെ സൽക്കരിക്കട്ടെ! ഒരു ദിവസത്തെ സൽക്കാരം നിർബന്ധമാണ്. മൂന്നു ദിവസം വരെ അതിഥിക്ക് പരിഗണ ലഭിക്കേണ്ട ദിവസങ്ങളാണ്. പിന്നെയും നൽകുന്ന പരിഗണന ധർമമാണ്. വീട്ടുകാരൻ പോകാൻ പറയുന്നതുവരെ ഒരിടത്ത് താമസിക്കുന്നത് ഉചിതമല്ല.
    മറ്റൊരാളുടെ വീട്ടിലേക്ക് പോകുന്നതിന്റെയും വീട്ടിൽ പ്രവേശിക്കുന്നതിന്റെയും ചിട്ടകളും മര്യാദകളും കൂടി ചേർത്തുവച്ചുകൊണ്ടാണ് ഇത്തരം അധ്യായങ്ങൾ കടന്നുപോകുന്നത്. ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിലും അബൂ ദാവൂദും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ബിശ്ർ(റ) പറഞ്ഞു. മറ്റു ഗ്രന്ഥങ്ങളുടെ നിവേദനങ്ങളിൽ ജാബിറും(റ) ഇതേ കാര്യം തന്നെ പറയുന്നുണ്ട്. അൻസ്വാരികളിൽ പെട്ട അബൂ ശുഹൈബ്(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്നു. അവിടുന്ന് വിശക്കുന്നുണ്ട് എന്ന് മുഖത്ത് നോക്കിയപ്പോൾ മനസ്സിലായി. ഞാൻ എൻ്റെ അടിമകളുടെ കൂട്ടത്തിലെ കശാപ്പുകാരന്റെ അടുക്കൽ വന്ന് പറഞ്ഞു. അഞ്ചുപേർക്ക് ഭക്ഷണമുണ്ടാക്കാൻ. ശേഷം, തിരുനബിﷺയെ ഭക്ഷണത്തിലേക്ക് ക്ഷണിച്ചു. അഞ്ചിൽ അഞ്ചാമനായി തിരുനബിﷺ വീട്ടിലേക്ക് വന്നു. പിന്നിൽ ഒരാളും കൂടി വരുന്നുണ്ടായിരുന്നു. വാതിൽക്കൽ എത്തിയപ്പോൾ തിരുനബിﷺ പറഞ്ഞു. ഒരാൾ കൂടി എൻ്റെ കൂടെ വന്നിട്ടുണ്ട്. നിങ്ങൾ സമ്മതം നൽകിയാൽ അദ്ദേഹത്തെയും കൂട്ടാം. ഇതുകേട്ടതും ഞാൻ ആറാമത്തെ ആൾക്കും സമ്മതം നൽകി.
    എത്ര മാതൃകാപരമായ അച്ചടക്കങ്ങളാണ് തിരുനബിﷺ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്ഷണം സ്വീകരിക്കുന്നതിന്റെ രീതി. ഒപ്പമുള്ളവരെ കൂട്ടിക്കൊണ്ടുപോകുമ്പോൾ കൂടെയുള്ളവർക്ക് നൽകുന്ന മുൻഗണനയും പരിഗണനയും. ആതിഥേയൻ പ്രതീക്ഷിക്കുന്നതിലേറെ ആളുകൾ വരുമ്പോൾ സമ്മതത്തോടുകൂടി മാത്രം പ്രവേശിക്കാൻ പഠിപ്പിക്കുക. ആതിഥേയൻ ഹൃദയപൂർവ്വം സ്വീകരിക്കുക. ക്ഷണിച്ചവർക്ക് പ്രയാസമാകാത്ത വിധം ക്ഷണം സ്വീകരിച്ച് എത്തുക. ഇന്നും പണ്ടും മനുഷ്യൻ പാലിച്ചിരിക്കേണ്ട ഒരുപാട് ജാഗ്രതകളെയും ശ്രദ്ധയെയും ആതിഥ്യ മര്യാദയെയും ഒരുമിച്ചു പഠിപ്പിക്കുകയാണല്ലോ ഈ ഹദീസ് നിർവഹിക്കുന്ന ദൗത്യം.
    തിരുനബിﷺക്ക് വേണ്ടി ഭക്ഷണം ഒരുക്കിവെച്ച് ക്ഷണം നിർവഹിച്ചപ്പോൾ എൻ്റെ സഅദി(റ)നെയും കൂടെ കൂട്ടട്ടെ എന്ന് ചോദിച്ച അതിമനോഹരമായ പരാമർശം ഉൾക്കൊള്ളുന്ന ഹദീസ് അബൂ മൈസറ(റ)യിൽ നിന്ന് മുസ്നദിൽ നിവേദനം ചെയ്യുന്നുണ്ട്.
    സൽക്കാരത്തിന് ക്ഷണിക്കണമെന്നും ക്ഷണം സ്വീകരിക്കേണ്ടതാണെന്നും ആതിഥ്യ മര്യാദകൾ പാലിക്കപ്പെടണമെന്നും അതിമനോഹരമായി തിരുനബിﷺ നമ്മോട് ഉപദേശിച്ചു കൊണ്ടിരിക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...