Tweet 1147

    Tweet 1147
    August 4, 2025 • Monday
    Post Header

    തിരുനബിﷺയുടെ വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ അവിടുന്ന് സ്വീകരിച്ച ഉപഹാരങ്ങൾ കൂടി കടന്നു വരുന്നു. പ്രമുഖരിൽ നിന്നും രാജാക്കളിൽ നിന്നും ഒക്കെയുള്ള സമ്മാനങ്ങൾ തിരുനബിﷺ സ്വീകരിച്ചിരുന്നു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അലിയ്യ് ബിൻ അബീത്വാലിബ്(റ) പറഞ്ഞു. കിസ്റ ചക്രവർത്തി തിരുനബിﷺക്ക് ഒരു സമ്മാനം നൽകി. അവിടുന്ന് സ്വീകരിച്ചു. കൈസർ ചക്രവർത്തി ഉപഹാരം കൊടുത്തയച്ചു. അതും സ്വീകരിച്ചു. രാജാക്കന്മാർ പലരും നൽകിയ ഉപഹാരങ്ങളും സമ്മാനങ്ങളും അവിടുന്ന് നിരസിച്ചില്ല.
    ഇമാം അഹ്മദ്(റ) അനസുബ്നു മാലിക്(റ) നിന്ന് നിവേദനം ചെയ്യുന്നു. മഹാനവർകൾ പറഞ്ഞു. കിസ്റ രാജാവ് തിരുനബിﷺക്ക് ഒരു ഭരണിയിൽ ‘മന്ന് ‘ കൊടുത്തയച്ചു. തിരുനബിﷺ അത് സ്വീകരിച്ചു. അതിൽ നിന്ന് ഓരോ കഷ്ണങ്ങൾ എടുത്ത് ചുറ്റുമുള്ള സ്വഹാബികൾക്ക് നൽകി. ജാബിറി(റ)നും ഒരു കഷ്ണം നൽകി. രണ്ടാമതും ജാബിറി(റ)ന് നൽകാൻ ഒരുങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് കിട്ടിയല്ലോ എന്ന്. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇത് അബ്ദുല്ലാഹിയുടെ പെൺമക്കൾക്കുള്ളതാണ്. അഥവാ ജാബിറി(റ)ന്റെ സഹോദരിമാർക്ക്.
    ഇമാം മുസ്‌ലിം(റ) മറ്റും നിവേദനം ചെയ്യുന്നു. ബദർ(റ) എന്നവർ തിരുനബിﷺക്ക് ഒരു പട്ടു വസ്ത്രം സമ്മാനിച്ചു. തിരുനബിﷺ പട്ടുവസ്ത്രം വിലക്കിയിരിക്കെ ഈ സമ്മാനം അവരെ ആശ്ചര്യപ്പെടുത്തി. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. എൻ്റെ ആത്മാവിൻ്റെ ഉടമസ്ഥൻ തന്നെ സാക്ഷി! നാളെ സ്വർഗ്ഗത്തിൽ സഅദ് ബിൻ മുആദി(റ)ന് ലഭിക്കുന്ന തൂവാല ഇതിനേക്കാൾ മനോഹരമായിരിക്കും.
    ഭൗതികതയോട് പ്രമത്തത വരാനിടയുള്ള ഓരോ സ്ഥലങ്ങളിലും ഈ ലോകം ക്ഷണികമാണെന്നും പരലോകമാണ് യഥാർത്ഥ ലോകമെന്നും തിരുനബിﷺ നിരന്തരമായി ഉത്ബോധിപ്പിച്ചു കൊണ്ടിരുന്നു. ഇസ്‌ലാം ദർശനത്തിന്റെ ആത്മാവും അടിത്തറയും ഈ ലോകത്തെ കുറിച്ചുള്ള ശരിയായ വീക്ഷണം കൂടിയാണ്. പട്ടിലും പരവതാനിയിലും മയങ്ങിപ്പോയി അനന്തമായ പരലോകം നഷ്ടപ്പെട്ടു പോകരുത് എന്ന നിർബന്ധവും കണിശതയും അനുയായികളെ സന്ദർഭോചിതമായി ഉദ്ബോധിപ്പിച്ചു.
    സ്വദഖ അഥവാ ധർമത്തിന്റെ ഭാഗമായി എത്തുന്ന സമ്പാദ്യങ്ങളോ വിഭവങ്ങളോ തിരുനബിﷺ ഉപയോഗിച്ചിരുന്നില്ല. ഒരാൾ ഉപഹാരവുമായി വന്നാൽ നബിﷺ ചോദിക്കും. ഇത് സ്വദഖയാണോ അതല്ല ഹദിയ അഥവാ സമ്മാനമാണോ എന്ന്. ഹദിയ ആണെങ്കിൽ തിരുനബിﷺ സ്വീകരിക്കുകയും സ്വദഖ അഥവാ ധർമമാണെങ്കിൽ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്തു.
    സാമ്പത്തിക സമാഹരണത്തിൽ ഉറവിടം പവിത്രമാവുക എന്നത് പ്രവാചക ദർശനത്തിന്റെ അടിത്തറയാണ്. സമ്പാദ്യത്തിനും വിനിയോഗത്തിനും വിനിമയത്തിനും വ്യവഹാരത്തിനും എല്ലാം കൃത്യമായ നിയമങ്ങളും ചിട്ടകളും പ്രവാചകൻﷺ മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോ സമ്പത്തും എവിടെ നിന്ന് വന്നു എന്നും എന്തിനു വിനിയോഗിച്ചു എന്നും സമ്പത്തിന്റെ മുഴുവൻ യഥാർത്ഥ ഉടമസ്ഥനായ അല്ലാഹുവിനോട് കണക്കു പറയേണ്ടി വരും എന്ന വീക്ഷണം ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ ഏറ്റവും സമഗ്രവും നൈതികവുമായ അടിസ്ഥാനമാണ്. എൻ്റെ സ്വത്ത് എൻ്റെ ഇഷ്ടം എൻ്റെ വിനിയോഗം എന്ന് ആലോചിക്കുന്നതിനപ്പുറം യഥാർത്ഥ ഉടമസ്ഥൻ ആരെന്ന ചിന്തയിൽ നിന്നു കൊണ്ടായിരിക്കണം ഓരോ ഇടപാടുകളും നിർവഹിക്കേണ്ടത്. സമ്പത്ത് ഉണ്ടെന്നു കരുതി തന്നിഷ്ടപ്രകാരം വിനിയോഗിക്കാൻ പാടില്ലെന്നതാണ് ശരി. സമ്പന്നരായ പലരും ഞങ്ങളുടെ സ്വത്ത് ഞങ്ങളുടെ ഇഷ്ടപ്രകാരം പ്രയോഗിക്കുമെന്ന വിചാരത്തിലാണ് സഞ്ചരിക്കുന്നത്. എന്നാൽ അവർ ഈ ലോകത്തേക്ക് വന്നപ്പോൾ ഒന്നിന്റെയും ഉടമസ്ഥരായിരുന്നില്ല എന്നും എല്ലാം വിട്ടേച്ചു പോകേണ്ടവരാണ് എന്നും ആലോചിക്കാതെ പോകുന്നതുകൊണ്ടാണ് അപ്രകാരമൊക്കെ ചിന്തിക്കുന്നത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...