Tweet 1146

    Tweet 1146
    August 3, 2025 • Sunday
    Post Header

    ഇമാം ത്വബ്റാനി(റ), ഇമാം അഹ്മദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഉമ്മുസുമ്പുല(റ) ഒരു പാത്രത്തിൽ പാല് തിരുനബിﷺക്ക് സമ്മാനമായി കൊണ്ടുവന്നു. അവർ വന്നപ്പോൾ തിരുനബിﷺ ഉണ്ടായിരുന്നില്ല. അഅ്റാബികളുടെ ഭക്ഷണം വാങ്ങുന്നതിൽ നിന്ന് തിരുനബിﷺ ഞങ്ങളെ വിലക്കിയിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോഴേക്കും തിരുനബിﷺ അങ്ങോട്ട് കടന്നു വന്നു. ഒപ്പം അബൂബക്കറും(റ) ഉണ്ടായിരുന്നു. അപ്പോൾ നബിﷺ ഉമ്മു സുമ്പുല(റ)യോട് ചോദിച്ചു. എന്താണിത്? അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, തങ്ങൾക്ക് സമ്മാനമായി കൊണ്ടുവന്ന പാലാണ്. എന്നാൽ പാത്രത്തിലേക്ക് ഒഴിക്കൂ. അവർ ഒഴിച്ചു. ഒഴിച്ചുവെച്ച പാല് ആഇശ(റ)യെ വിളിച്ചു കുടിക്കാൻ കൊടുത്തു. ആഇശ(റ) പാനം ചെയ്തു. വീണ്ടും ഒഴിക്കാൻ പറഞ്ഞു. അബൂബക്കറി(റ)നും കൊടുത്തു. അദ്ദേഹവും പാനം ചെയ്തു. ശേഷം, തിരുനബിﷺയും കുടിച്ചു. ആഇശ(റ) ചോദിച്ചു. അവിടുന്ന് പറഞ്ഞിട്ടില്ലേ അഅറാബികളുടെ ഭക്ഷണം അങ്ങനെ വാങ്ങി കഴിക്കരുത് എന്ന്. ഓ ഇവർ അഅ്റാബികൾ ഒന്നുമല്ല. ഇവർ നമ്മുടെ ഗ്രാമീണരും നമ്മൾ അവരുടെ പട്ടണക്കാരുമാണ്. അവർ ക്ഷണിച്ചാൽ നമ്മൾ ക്ഷണം സ്വീകരിക്കും.
    പാവപ്പെട്ടവരുടെയും ഗ്രാമീണരുടെയും വരെ ഉപഹാരങ്ങൾ സ്വീകരിക്കുകയും തിരിച്ചു സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്ത ഏറെ അനുഭവങ്ങൾ നബി ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. പരസ്പരമുള്ള ബന്ധങ്ങൾ വർദ്ധിക്കാനും നന്മകളിൽ പങ്കാളികളാവാനുമുള്ള വലിയ സന്ദേശം ഉപഹാരങ്ങൾ നൽകുന്നതിലും സ്വീകരിക്കുന്നതിലുമുണ്ട്.
    സെയ്ദുബ്നു അസ്‌ലമി(റ)ൽ നിന്ന് ഇമാം അബ്ദുറസാഖ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ വീട്ടിലേക്ക് വരുമ്പോൾ കയ്യിൽ എന്തോ വഹിച്ചുകൊണ്ട് ഒരു സ്ത്രീ പുറത്തേക്ക് പോകുന്നു. നബിﷺ ചോദിച്ചു. ഇതെന്താ ഭക്ഷണമാണോ? അതെ, ഞാൻ ആഇശ(റ)ക്ക് സമ്മാനമായി നൽകിയതായിരുന്നു. പക്ഷേ അവിടുന്ന് സ്വീകരിച്ചില്ല. ഞാൻ അതുമായി മടങ്ങുകയാണ്. തിരുനബിﷺ ആഇശ(റ)യോട് ചോദിച്ചു. ആദ്യം അത് അവരുടെ കയ്യിൽ നിന്ന് സ്വീകരിച്ചു കൂടായിരുന്നോ? അപ്പോൾ മഹതി പറഞ്ഞു. അവർ എന്നെക്കാൾ ആവശ്യക്കാരി ആണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ സ്വീകരിക്കാതിരുന്നത്. കൊണ്ടുവന്നതങ്ങ് സ്വീകരിച്ചിട്ട് അതിനെക്കാൾ മെച്ചപ്പെട്ടത് തിരിച്ചു നൽകിയാൽ പോരായിരുന്നോ? തിരുനബിﷺ ചോദിച്ചു.
    നൽകുന്നവരെ നിരാശപ്പെടുത്തരുതെന്ന വലിയ ഒരു ആശയമാണ് തിരുനബിﷺ ഈ പ്രസ്താവനയിലൂടെ കൈമാറുന്നത്. തരുന്നവർ എത്ര ചെറിയവരാണെങ്കിലും സമ്മാനം എത്ര ചെറുതാണെങ്കിലും സ്വീകരിക്കുമ്പോൾ നൽകുന്നവരുടെ ഹൃദയത്തിന് ലഭിക്കുന്ന ഒരു സന്തോഷമുണ്ട്. അത് വളരെ വലുതാണ്. അത് അവർക്ക് നൽകുന്ന വലിയ സമ്മാനവുമാണ്. മനുഷ്യരെയും അവരുടെ മാനസിക വിചാരങ്ങളെയും വളരെ കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് തിരുനബിﷺ ഇത്തരം അധ്യാപനങ്ങൾ നിർവഹിക്കുന്നത്.
    ഇമാം അഹ്മദും(റ) ഇബ്നു ഹിബ്ബാനും(റ) ഉദ്ധരിക്കുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. സാഹിർ എന്ന ഗ്രാമീണനായ മനുഷ്യൻ തിരുനബിﷺക്ക് ഉപഹാരങ്ങളുമായി വരുമായിരുന്നു. സമ്മാനങ്ങളൊക്കെ തിരുനബിﷺ സ്വീകരിക്കും. അവർ മടങ്ങി പോകുമ്പോഴേക്കും പട്ടണത്തിൽ കിട്ടുന്ന നല്ല സാധനങ്ങളൊക്കെ കരുതി വലിയ സമ്മാനങ്ങൾ നൽകി യാത്രയാക്കും. ഇദ്ദേഹം നമ്മുടെ ഗ്രാമീണനാണെന്നും നമ്മൾ അദ്ദേഹത്തിൻ്റെ പട്ടണക്കാരാണെന്നും തിരുനബിﷺ വിശദീകരിക്കും.
    മനുഷ്യപ്പറ്റിന്റെ വ്യാപാര വ്യവഹാരങ്ങളെയാണ് തിരുനബിﷺ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. കേവലം കച്ചവടം, സമ്പാദ്യം എന്നതിനപ്പുറം മൂല്യങ്ങളിലൂന്നി നിന്നുകൊണ്ടുള്ള സാമ്പത്തിക സമാഹരണവും ഇടപാടുകളുമായിരുന്നു അവിടുന്ന് പഠിപ്പിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...