Tweet 1139

    Tweet 1139
    July 27, 2025 • Sunday
    Post Header

    മാർക്കറ്റിൽ നിന്ന് വിഭവങ്ങൾ പരിശോധിക്കുന്ന സന്ദർഭങ്ങൾ മദീനയിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബൂ മൂസൽ അശ്അരി(റ) പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം ബഖീഅ് മാർക്കറ്റിലേക്ക് പോയി. കച്ചവടക്കാരൻ സാധനം വെച്ചിരിക്കുന്ന പാത്രത്തിലേക്ക് അവിടുത്തെ തിരുകരങ്ങൾ പ്രവേശിപ്പിച്ചു. അപ്പോൾ വഞ്ചന പുറത്തായി. മുകളിൽ നല്ല സാധനങ്ങളും അകത്ത് അത്ര നല്ലതല്ലാത്തതും വെച്ചിരിക്കുന്നു. അവിടെ നിന്ന് തിരുനബിﷺ വിളിച്ചുപറഞ്ഞു. വഞ്ചിക്കുന്നവർ നമ്മിൽ പെട്ടവനല്ല.
    സമാനമായ സന്ദർഭങ്ങളും സംഭവങ്ങളും വ്യത്യസ്ത നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
    മാർക്കറ്റിൽ നിന്ന് വ്യത്യസ്ത സാധനങ്ങൾ വാങ്ങുകയും ഇടപാടുകൾ നടത്തുകയും ചെയ്തതിന്റെ അനുഭവങ്ങളും തിരുനബിﷺക്ക് പങ്കുവെക്കാനുണ്ട്. മികച്ച അടിമകളെ വാങ്ങുമ്പോൾ കൂടുതൽ അടിമകളെ പകരം വിലയായി നൽകിയതും ഇമാം അബൂദാവൂദ്(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
    ഖദീജ ബീവി(റ)യുടെ കച്ചവട സാധനങ്ങളുമായി സിറിയയിലേക്ക് പോവുകയും ഏറ്റവും മികച്ച വ്യാപാര സംഘമായി തിരിച്ചുവരികയും ചെയ്തത് തിരുനബിﷺയുടെ വിവാഹത്തിന് മുമ്പുതന്നെയുള്ള വ്യാപാരാനുഭവമാണല്ലോ. തിരുനബി ചരിത്രം വായിക്കുന്ന ആരും പ്രസ്തുത അധ്യായം വായിക്കാതെ പോവുകയില്ല.
    തിരുനബിﷺ മറ്റുള്ളവരോട് കൂറുചേർന്നുകൊണ്ടും വ്യാപാരങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. മക്കാവിജയ ദിവസം സാഇബ് ബിൻ അബീ സാഇബ്(റ) നബിﷺയുടെ അടുത്തേക്ക് വന്നു. എന്റെ സഹോദരനും കൂറുകാരനും സ്വാഗതം എന്നു പറഞ്ഞു കൊണ്ടാണ് നബിﷺ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇസ്‌ലാമിക പ്രബോധന കാലത്തിനു മുമ്പ് അദ്ദേഹത്തോടൊപ്പം ചേർന്ന് കച്ചവടം ചെയ്തതിന്റെ ഓർമയിലാണ് എൻ്റെ കൂറുകാരൻ എന്ന് തിരുനബിﷺ പ്രയോഗിച്ചത്. ഒരുമിച്ച് കച്ചവടം ചെയ്യുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ഇടപാടിലെ ഗുണങ്ങളും നന്മകളും തിരുനബിﷺ എണ്ണിപ്പറയുകയും ചെയ്തു.
    വ്യാപാര വ്യവഹാര രംഗങ്ങളിലെ മറ്റൊരു കാര്യമാണല്ലോ വക്കാലത്ത് ഏൽപ്പിക്കൽ. തിരുനബിﷺക്ക് വേണ്ടി സാധനങ്ങൾ വാങ്ങാനും ഇടപാടുകൾ നടത്താനും മറ്റുള്ളവരെ ഏൽപ്പിക്കുന്ന രീതിയും അവിടുത്തേക്കുണ്ടായിരുന്നു.
    ഒരു ദീനാറിന് ബലി മൃഗത്തെ വാങ്ങാൻ ഹകീം ബിൻ ഹിസാമി(റ)നെ നബിﷺ ഏൽപ്പിച്ചു വിട്ടു. അദ്ദേഹം ആദ്യം ഒരു ദീനാറിന് ഒരു മൃഗം വാങ്ങി. അത് രണ്ടു ദീനാറിന് വിറ്റു. അതിൽ നിന്ന് ഒരു ദീനാറിന് അറുക്കാനുള്ള ആടിനെ വാങ്ങി. ഒരു ദീനാറും ഒരാടുമായി അദ്ദേഹം തിരിച്ചുവന്നു. തിരുനബിﷺ പറഞ്ഞു. ആ ആടിനെ അറുക്കുക. മെച്ചമുള്ള ഒരു ദീനാർ ധർമം ചെയ്യുക. ഇമാം അബൂദാവൂദും(റ) തുർമുദി(റ)യും ഇത് ഉദ്ധരിക്കുന്നുണ്ട്.
    റമളാനിലെ സക്കാത്ത് സ്വത്തുക്കൾ സൂക്ഷിക്കാൻ തിരുനബിﷺ എന്നെ ഏൽപ്പിക്കുമായിരുന്നു എന്ന് അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസുകൾ പലതുമുണ്ട്. ഖൈബറിൽ ചെന്നാൽ എന്റെ വക്കീലുമായി നിങ്ങൾ ഇന്നാലിന്ന ഇടപാടുകൾ നടത്തണമെന്ന് ജാബിറി(റ)നോട് തിരുനബിﷺ പറഞ്ഞ കാര്യം ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു.
    വ്യാപാര വ്യവഹാരങ്ങളിലെ എല്ലാ ശൈലിയും ഭാവവും ഏതൊക്കെ രീതിയിൽ കൈകാര്യം ചെയ്യണമെന്നും സത്യസന്ധതയും വിശ്വസ്തതയും ചോർന്നു പോകാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ പാലിക്കണമെന്നും എത്ര നിഷ്ഠയോടെയും ചിട്ടയോടെയുമാണ് തിരുനബിﷺ പഠിപ്പിച്ചിട്ടുള്ളത്.
    കേവലമായ ചില ആധ്യാത്മിക അധ്യാപനങ്ങളും മന്ത്രങ്ങളും മാത്രം പറയുന്ന ദർശനമല്ല ഇസ്‌ലാം. അവകൾ മാത്രം പകർന്നുപോയ പ്രവാചകനല്ല മുഹമ്മദ് നബിﷺ. മനുഷ്യജീവിതത്തിന്റെ മുഴുവൻ വ്യവഹാര മേഖലകളെയും അതിമനോഹരമായി സമീപിക്കുകയും ഉൽകൃഷ്ടമായ നിയമ നിർദ്ദേശങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു എന്നതിൻ്റെ ശ്രേഷ്ഠമായ അധ്യായങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്.
    തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളെ വായിക്കുമ്പോൾ അവിടുന്ന് സാധനങ്ങൾ വാങ്ങിയതിനെ കുറിച്ച് കൂടി നമുക്ക് വായിക്കേണ്ടതുണ്ടല്ലോ. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺ ഒരു ജൂതന്റെ പക്കൽ നിന്നും സാധനങ്ങൾ വാങ്ങി. പകരം പണയമായി അവിടുത്തെ പടയങ്കി നൽകി.
    ഇരുപത് സാഅ് ഗോതമ്പോ ബാർലിയോ ആയിരുന്നു തിരുനബിﷺ വാങ്ങിയത് എന്ന് ഇമാം ബുഖാരി(റ)യും അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്ന ഹദീസുകളിൽ കാണാം. തിരുനബിﷺയുടെ തിരു ദേഹവിയോഗ സമയത്ത് പ്രസ്തുത ജൂതന്റെ പക്കൽ തിരുനബിﷺയുടെ പടയങ്കി പണയത്തിലായിരുന്നു എന്നും കുടുംബത്തിനുവേണ്ടി മുപ്പത് സാഅ് ധാന്യത്തിന് പകരമായിരുന്നു എന്നും ഇമാം അഹ്മദും(റ) തുർമുദി(റ)യും നസാഈ(റ)യും ഉദ്ധരിക്കുന്ന ഹദീസിലുണ്ട്.
    തിരുനബിﷺയുടെ വിയോഗ നേരത്ത് അവിടുത്തെ പടയങ്കി പണയത്തിലായിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി നിവേദനങ്ങളും ഹദീസുകളും വായിക്കാനാവും.
    സമ്പന്നരായ സത്യവിശ്വാസികളുണ്ടായിരുന്നിട്ടും ഇതര മത വിശ്വാസിയിൽ നിന്ന് വായ്പ വാങ്ങിയത് ഒരു സാമൂഹിക ക്രമത്തിന്റെ ചിത്രം പകർന്നു നൽകാൻ വേണ്ടി കൂടിയാണ്. തിരുനബിﷺക്ക് വായ്പ നൽകാതെ സൗജന്യമായി തന്നെ എന്തും നൽകാൻ സന്നദ്ധരായ സ്വഹാബികളിൽ സമ്പന്നരായവർ തന്നെയുണ്ടായിരുന്നു. പക്ഷേ, മറ്റൊരു മത വിശ്വാസിയിൽനിന്ന് വ്യവഹാരം നടത്തുക വഴി ഒരു ബഹുസ്വര സമൂഹത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് തിരുനബിﷺ പഠിപ്പിച്ചു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന ഇതര മതവിശ്വാസികളോട് തിരുനബിﷺയുടെ സമീപനം എന്തായിരുന്നുവെന്നും സമ്പർക്കം എപ്രകാരമായിരുന്നുവെന്നും ഒക്കെ വായിക്കാൻ ഈ സംഭവം ലോകത്തിന് അവസരം നൽകുന്നു. മദീനയിൽ സമ്പൂർണ്ണ അധികാരമുണ്ടായിരുന്നപ്പോഴും ആജ്ഞാനുവർത്തികളായ അനുയായികൾ ചുറ്റും നിറഞ്ഞു നിന്നപ്പോഴും ഇതര മതവിശ്വാസികൾക്ക് സ്വതന്ത്രമായി ജീവിക്കാനും അവരുടെ ജീവിത വ്യവഹാരങ്ങൾ സുതാര്യമായി നടത്താനും അവരോട് സുഗമമായി തിരുനബിﷺ തങ്ങൾക്ക് തന്നെ ക്രയവിക്രയങ്ങൾ നടത്താനും പറ്റുന്ന ഒരു സാമൂഹിക അന്തരീക്ഷം മദീനയിലുണ്ടായിരുന്നു എന്ന് വായിക്കാൻ വേറെ സംഭവങ്ങൾ ആവശ്യമില്ല.
    അബൂ സഈദ് അല് ഖുദ്രി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. അദ്ദേഹത്തിന് നൽകാനുള്ള കടം വീട്ടി കൊടുക്കാൻ പറഞ്ഞു. അപ്പോൾ തിരുനബിﷺയുടെ പക്കൽ കടം വീട്ടാനുള്ളതില്ലായിരുന്നു. അദ്ദേഹത്തോട് സാവധാനം ചോദിച്ചെങ്കിലും ഇപ്പോൾതന്നെ കിട്ടണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പറഞ്ഞ അവധി എത്തുമ്പോൾ എന്തായാലും നൽകുമെന്ന് തിരുനബിﷺ പറഞ്ഞെങ്കിലും ഇപ്പോൾ തന്നെ നൽകിയില്ലെങ്കിൽ ഞാൻ പ്രയാസപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു. ഇതു കേട്ട സ്വഹാബികൾ അയാളെ വിരട്ടാൻ ശ്രമിച്ചു. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ഉടനെ തിരുനബിﷺ ചോദിച്ചു. നിങ്ങൾ അവകാശം ലഭിക്കാനുള്ള ആളുടെ കൂടെയല്ലേ നിൽക്കുന്നത്. അദ്ദേഹം അദ്ദേഹത്തിനു കിട്ടാനുള്ളതാണല്ലോ ചോദിക്കുന്നത്.
    ശേഷം തിരുനബിﷺ ഖൗല ബിൻത് ഖൈസി(റ)ൻ്റെ അടുത്തേക്ക് ആളെ അയച്ചു. അവധിയും നിബന്ധനയും പറഞ്ഞു കടം വാങ്ങി. ഗ്രാമീണനായ അറബിക്ക് നൽകാറുള്ളത് കൃത്യമായി നൽകി. അദ്ദേഹം പറഞ്ഞു. കൃത്യമായും അവിടുന്ന് കരാർ പാലിച്ചിരിക്കുന്നു. അല്ലാഹു അവിടുത്തേക്ക് അനുഗ്രഹങ്ങൾ നൽകട്ടെ. എൻ്റെ പക്കൽ നിന്ന് വാങ്ങിയ വായ്പ തിരിച്ചു നൽകിയിരിക്കുന്നു.
    അദ്ദേഹം സന്തോഷവാനായി മടങ്ങി. അതിമനോഹരമായ ഒരു മാതൃക തിരുനബിﷺ ലോകത്തിന് അവതരിപ്പിക്കുകയായിരുന്നു. ഇടപാടുകൾ എത്ര വ്യക്തവും സ്വതാര്യവും സമയബന്ധിതവുമായിരിക്കണം എന്ന ശ്രേഷ്ഠമായ ഒരു അധ്യാപനമാണ് ഇവിടെ നൽകിയത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...