Tweet 1131

    Tweet 1131
    July 19, 2025 • Saturday
    Post Header

    ഓരോ സമയങ്ങളിലും സന്ദർഭങ്ങളിലും തിരുനബിﷺ ഉണർത്തിയ ആത്മീയ വിചാരങ്ങൾ അതാത് സമയങ്ങളിലെ ആത്മീയ അനുഷ്ഠാനമായി രൂപാന്തരപ്പെട്ടു. പ്രഭാതത്തിലും പ്രദോഷത്തിലും തിരുനബിﷺയിൽ ഉണർന്ന ആത്മീയ ചിന്തകൾ വാക്കുകളും വാചകങ്ങളും മന്ത്രങ്ങളുമായി ആവിഷ്കരിക്കപ്പെടുകയും അവകളെല്ലാം പിന്നീട് ആത്മീയ അനുഷ്ഠാനങ്ങളായി പരിപാലിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഖാസിമി(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അയൽവാസിയായിരുന്ന ഒരു മഹതി പറഞ്ഞു. പ്രഭാതമാകുമ്പോൾ തിരുനബിﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു. “അല്ലാഹുമ്മ ഇന്നീ അഊദുബിക മിൻ അദാബിൽ ഖബ്’രി വ മിൻ ഫിത്നതിൽ ഖബ്ർ” അല്ലാഹുവേ ഖബറിലെ ശിക്ഷയിൽ നിന്നും നാശത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു.
    മേൽ പറയപ്പെട്ടത് ഒരു പ്രാർഥനാ വാചകം എന്നതിലപ്പുറം നിരന്തരമായി ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കേണ്ട ആത്മീയ ആലോചനയെ കുറിച്ചുള്ള അധ്യാപനമാണ്. എപ്പോഴാണ് ഈ വീടുവിട്ട് മൺ വീട്ടിലേക്ക് പോവുക എന്നറിയില്ല. അവിടുത്തെ ക്ഷേമത്തിനും സന്തോഷത്തിനും ഉപകരിക്കുന്ന വിചാരങ്ങളും അനുഷ്ഠാനങ്ങളും എപ്പോഴും ഉണ്ടായിരിക്കണം.
    അബൂ സഈദ് അല് ഖുദ്രി(റ)യിൽ നിന്ന് ഇമാം ബസ്സാർ(റ) നിവേദനം ചെയ്യുന്നു. പ്രഭാതമായി സൂര്യനുദിച്ചാൽ തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കും. നീ സാക്ഷ്യപ്പെടുത്തുകയും നിന്റെ മലക്കുകളെയും വിജ്ഞാനികളെയും സാക്ഷി നിർത്തുകയും ചെയ്ത ഒരു യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട് ഞാൻ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നു. അല്ലാഹുവേ, നീ തന്നെയാണ് ശാന്തി അഥവാ സലാം. നിന്നിൽ നിന്നാണ് സമാധാനത്തിന്റെ തുടക്കം. നിന്നിലേക്കാണ് സമാധാനത്തിന്റെ മടക്കം. അല്ലയോ പ്രതാപവും മഹത്വവുമുള്ള രക്ഷിതാവേ! ഞങ്ങളുടെ പ്രാർഥനകൾക്ക് നീ ഉത്തരം നൽകേണമേ! ആഗ്രഹങ്ങളെ നീ സഫലമാക്കേണമേ! നീ നിൻ്റെ സൃഷ്ടികൾക്ക് ഐശ്വര്യം നൽകിയതിൽ നിന്ന് ഞങ്ങൾക്കും നീ ഐശ്വര്യവും പ്രതാപവും നൽകേണമേ! എൻ്റെ എല്ലാ കാര്യങ്ങളുടെയും പവിത്രത നിലകൊള്ളുന്ന ദീനീ കാര്യങ്ങളെ നീ ചിട്ടപ്പെടുത്തി തരേണമേ! ജീവനോപാധികൾ നിലനിൽക്കുന്ന ഭൗതിക ജീവിതത്തെയും നീ നന്നാക്കി തരേണമേ! മടങ്ങിയെത്തുന്ന പാരത്രിക ജീവിതത്തെയും നീ ക്ഷേമകരമാക്കി തരേണമേ!
    മേൽ ഉദ്ധരിച്ച ഹദീസിന്റെ വാചകങ്ങളും ആശയവും എല്ലാം ഒരു വിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട പ്രഭാതവിചാരങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഒരു മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ കുറിച്ചുമാണ് അതിലെ ഓരോ പരാമർശങ്ങളും. മത ജീവിതത്തെയും പൊതുജീവിതത്തെയും അതിലെല്ലാം ഉപരിയായി അനന്തമായ പാരത്രിക ജീവിതത്തെയും നിരന്തരമായി ആലോചിച്ചു കൊണ്ടായിരുന്നു അവിടുത്തെ അനുഷ്ഠാനങ്ങളും ഇടപെടലുകളുമെല്ലാം. മനുഷ്യൻ പക്ഷേ താൽക്കാലികമായി നേരിട്ടു കാണുന്ന ഇഹലോക ജീവിതത്തെക്കുറിച്ചു മാത്രം ആലോചിച്ചു മതിയാക്കുന്നു. ഇവകളെല്ലാം താൽക്കാലിക വ്യവഹാരങ്ങൾ മാത്രമാണെന്ന് പലപ്പോഴും മറന്നുപോകുന്നു.
    പ്രവാചകന്മാരും ആത്മീയ ഗുരുക്കന്മാരും ജീവിതത്തിൻ്റെ എല്ലാതരങ്ങളെയും ആലോചിക്കാനും അറിയാനും ചിട്ടപ്പെടുത്താനും പഠിപ്പിക്കുന്നു. മനസ്സറിഞ്ഞുകൊണ്ട് നിർവഹിക്കുന്ന പ്രാർഥനാ വചനങ്ങളിൽ തന്നെ ജീവിതയാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുക എന്ന് വന്നാൽ, ശരിയായ വിചാരങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഒരു വിശ്വാസിക്ക് സാധ്യമല്ല. അല്ലാഹുവിനെ നമുക്ക് ചെന്നുചേരാനുള്ള അപേക്ഷ സ്ഥാനമായി അവതരിപ്പിച്ചു വെച്ചാൽ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ശരിയായ ദിശയിലേക്ക് മാത്രം മനുഷ്യൻ ചിന്തിക്കും. ക്ഷേമകരമായ ഒരു ദിനത്തിൻ്റെ തുടക്കമാണ് ശുഭകരമായ ഒരു പ്രഭാതം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...