Tweet 1129

    Tweet 1129
    July 17, 2025 • Thursday
    Post Header

    തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളിൽ വളരെ സുപ്രധാനമായ ഒരു അധ്യായമാണ് അവിടുത്തെ പ്രാർഥനകൾ. അഥവാ അല്ലാഹുവിൻ്റെ ഔദാര്യവും അനുഗ്രഹവും രക്ഷയും തേടിയുള്ള അർഥനകൾ. പ്രാർഥനയ്ക്ക് പ്രത്യേകമായി ചിട്ടയും ഭാവവും ഒക്കെ ഉണ്ടായിരുന്നു. സലമത്തുബിന് അക്’വഇൽ(റ)നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ എപ്പോൾ പ്രാർഥന നിർവഹിക്കുമ്പോഴും ”സുബ്ഹാന റബ്ബി അല് അഅ്ലൽ വഹാബ്” ഉന്നതനും ഔദാര്യവാനുമായ എൻ്റെ പരിപാലകന്റെ മഹത്വത്തെ വാഴ്ത്തുന്നു എന്ന ആമുഖത്തോടെ ആയിരുന്നു ആരംഭിച്ചിരുന്നത്.
    അന്ത്യം പ്രാസമൊപ്പിക്കുക, വാചകങ്ങൾ ഒരേ ഘടനയിൽ ആക്കുക എന്ന കാര്യങ്ങളിലൊക്കെ ശ്രദ്ധ ഊന്നുന്നതിനേക്കാൾ സാരവത്തായ പ്രാർഥനകളായിരുന്നു അവിടുന്ന് നിർവഹിച്ചിരുന്നത്. പ്രാസം ഒപ്പിക്കാൻ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ അവിടുന്ന് നിരുത്സാഹപ്പെടുത്തി.
    “റബ്ബനാ ആത്തിനാ ഫിദ്ദുൻയാ ഹസനത്തൻ വഫില്‍ ആഖിറത്തി ഹസനത്തൻ വഖിനാ അദാബന്നാർ” അല്ലാഹുവേ ഈ ലോകത്തും പരലോകത്തും ഞങ്ങൾക്ക് നന്മ ചൊരിയുകയും നരകത്തിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ! എന്ന പ്രാർഥന ആവർത്തിച്ചാവർത്തിച്ച് നിരന്തരം അവിടുന്ന് നിർവഹിക്കാറുണ്ടായിരുന്നു. ഒരു നൂറ് പ്രാവശ്യമെങ്കിലും തുടക്കത്തിലും ഒടുക്കത്തിലും ഈ പ്രാർഥന നിർവഹിച്ച പ്രാർഥനാ ഘട്ടങ്ങളുണ്ടായിരുന്നു എന്ന് അനസുബ്നു മാലിക്ക്(റ) പറയുന്നുണ്ട്. രണ്ടു വാചകങ്ങളിലാണ് പ്രാർഥിക്കുന്നതെങ്കിലും അതിലൊന്ന് ഈ വാചകമായിരിക്കും.
    ഒരു മനുഷ്യൻ്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാ ഉൾക്കൊള്ളുന്ന ആശയവ്യാപ്തിയുള്ള രണ്ട് വാചകങ്ങളാണ് മേൽ ഉദ്ധരിച്ച പ്രാർഥന. തിരുനബിﷺയുടെ പ്രാർഥനകളിൽ തുടക്കത്തിലും ഒടുക്കത്തിലും അവസാനത്തിലും ചിലപ്പോൾ ഈ വാചകങ്ങളുണ്ടാകാറുണ്ടായിരുന്നു എന്ന് ബഖിയ്യ് ബിൻ മഖ്‌ലദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
    പ്രാർഥനാ വേളകളിൽ ഇരുകൈകളും വാനലോകത്തേക്ക് ഉയർത്തുക തിരുനബിﷺയുടെ രീതിയായിരുന്നു. അല്ലാഹുവിനോട് അപേക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന വിഷയങ്ങൾക്ക് അനുസരിച്ചുള്ള ഭാവങ്ങളും ശരീരഭാഷകളും ഉണ്ടാകാറുണ്ട്. അഹ്സാബ് യുദ്ധ വേളയിൽ പ്രതിസന്ധികൾ നേരിട്ടപ്പോൾ മേൽ മുണ്ട് ഒഴിവാക്കി രണ്ടു കൈകളും വാനലോകത്തേക്ക് നന്നായി ഉയർത്തി അവിടുന്ന് പ്രാർഥിച്ചിരുന്നു. ജാബിർ ബിൻ അബ്ദുല്ലാഹ്(റ) ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്.
    വലിയ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന ഘട്ടങ്ങളിൽ കക്ഷം നേരിട്ട് കാണാവുന്ന വിധത്തിൽ കൈയുയർത്തി പ്രാർഥിക്കാറുണ്ടായിരുന്നു. സാധാരണ പ്രാർഥനകളിൽ മുഖത്തിന് നേരെയായിരുന്നു കൈവെള്ള ഉയർത്തിയിരുന്നത്. അറഫയിൽ വെച്ച് പ്രാർഥന നിർവഹിക്കുമ്പോൾ ദീർഘനേരം കൈകൾ ഉയർത്തി നിൽക്കുന്നത് കണ്ട അനുഭവങ്ങൾ നിരവധി നിവേദനങ്ങളിൽ കാണാം.
    മഴ തേടിയുള്ള പ്രാർഥനകളിൽ സവിശേഷമായ ഭാവങ്ങളും ഏറെനേരം കൈ ഉയർത്തി നിന്നുള്ള തേടലുകളും നബി ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. വന്നുചേർന്ന വിപത്ത് ഉയർന്നു പോകുന്നതിന് കൈ കമിഴ്ത്തി പിടിക്കുകയും കാരുണ്യം തേടിയുള്ള പ്രാർഥനകളിൽ കൈവെള്ള ആകാശത്തേക്ക് കാണിച്ച് ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പ്രാർഥന പൂർത്തിയാകുന്ന നേരത്ത് ഇരുകൈകൾ കൊണ്ടും മുഖം തടവുമായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) തിരുനബിﷺയിൽ നിന്ന് അത്തരം രംഗങ്ങൾക്ക് സാക്ഷിയായത് രേഖപ്പെടുത്തുന്നുണ്ട്. പ്രാർഥനക്കിടയിൽ പ്രധാന പ്രമേയങ്ങൾ മൂന്നുപ്രാവശ്യം ആവർത്തിക്കുകയും പൊറുക്കലിനെ തേടുന്ന വാചകങ്ങൾ അത് പ്രകാരം തന്നെ മൂന്നുപ്രാവശ്യം ചൊല്ലുകയും തിരുനബിﷺയുടെ പതിവായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...