Tweet 1128

    Tweet 1128
    July 16, 2025 • Wednesday
    Post Header

    തിരുനബിﷺയും ഖുർആൻ പാരായണവും എന്ന അധ്യായത്തിൽ വളരെ ആശ്ചര്യകരമായ ഒരു നിവേദനം ഇങ്ങനെ ആണ്. അനസുബിനു മാലികി(റ)ൽ ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ഉബയ്യുബിന് കഅ്ബി(റ)നോട് തിരുനബിﷺ പറഞ്ഞു. നിങ്ങൾക്ക് ‘ലം യകുനി’ എന്ന് തുടങ്ങുന്ന അഥവാ സൂറത്തുൽ ബയ്യിന പാരായണം ചെയ്തു തരാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു. ഉബയ്യ്(റ) ചോദിച്ചു. അള്ളാഹു എൻ്റെ പേര് എടുത്തുപറഞ്ഞുവോ പ്രവാചകരെﷺ! അതെ എന്ന് പറഞ്ഞതും ഉബയ്യ്(റ) കരയാൻ തുടങ്ങി.
    ഇമാം ത്വബ്റാനി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കാണാം. ഉബയ്യ്(റ) പറഞ്ഞു. ഞാൻ തിരുനബിﷺക്ക് ഖുർആൻ ഓതി കേൾപ്പിച്ചു. അപ്പോൾ തിരുനബിﷺ എന്നോട് പറഞ്ഞു. നിങ്ങൾക്ക് ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു.
    ഇതേ സംഭവം തന്നെ ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. തിരുനബിﷺ ഉബയ്യി(റ)നോട് പറഞ്ഞു. അല്ലയോ അബുൽ മുന്ദിറെ(റ) നിങ്ങൾക്ക് ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അപ്പോൾ ഉബയ്യ്(റ) പറഞ്ഞു. ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു. തങ്ങളിലൂടെ ഇസ്‌ലാം സ്വീകരിച്ചു. അവിടുത്തെ സന്നിധിയിൽ നിന്ന് ഞാൻ പഠിച്ചു. അപ്പോൾ തിരുനബിﷺ ആ വാചകങ്ങൾ ആവർത്തിച്ചു. ഉടനെ ഉബയ്യ്(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, എൻ്റെ പേര് അല്ലാഹുവിങ്കൽ പറയപ്പെട്ടുവോ? നിങ്ങളുടെ പേരും പരമ്പരയും എല്ലാം അത്യുന്നതങ്ങളിൽ പറയപ്പെട്ടിരിക്കുന്നു. അപ്പോൾ ഉബയ്യ്(റ) പറഞ്ഞു. എന്നാൽ അവിടുന്ന് ഓതി കേൾപ്പിച്ചാലും പ്രവാചകരെﷺ! അപ്രകാരം തിരുനബിﷺ ഓതി കേൾപ്പിക്കുകയും ഉബയ്യ്(റ) ആവർത്തിച്ചു അത് പാരായണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു എന്ന് പ്രമുഖ സ്വഹാബി ഇക്രിമ(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട്.
    ഖുർആൻ ഇഷ്ടപ്പെടുകയും പാരായണം ചെയ്യുകയും ഖുർആനുമായി കൂടുതൽ വ്യാപിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ കൂടിയാണ് ഈ നിവേദനങ്ങളിലൂടെ നാം വായിച്ചത്.
    തിരുനബിﷺ ജിബ്‌രീലി(അ)നെ ഖുർആൻ പാരായണം ചെയ്ത് കേൾപ്പിക്കുമായിരുന്നു. പ്രത്യേകിച്ചും വിശുദ്ധ റമളാനിൽ അത് പതിവായിരുന്നു. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. എല്ലാവർഷവും റമളാനിൽ തിരുനബിﷺ ജിബ്‌രീലി(അ)നെ ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കും. തിരുനബിﷺയുടെ അവസാനത്തെ റമളാൻ മാസത്തിൽ രണ്ടുപ്രാവശ്യം പൂർണ്ണമായും ഖുർആൻ ജിബ്‌രീലി(അ)നെ ഓതി കേൾപ്പിച്ചു.
    എല്ലാവർഷവും ഒരു പ്രാവശ്യമാണ് ഖുർആൻ കേൾപ്പിക്കാറുള്ളത് എന്നും തിരുനബിﷺയുടെ അവസാനത്തെ റമളാനിൽ രണ്ടുപ്രാവശ്യം പൂർണ്ണമായും കേൾപ്പിച്ചു എന്നും അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിലുമുണ്ട്.
    അല്ലാഹുവിൽ നിന്ന് ഖുർആൻ തിരുനബിﷺക്ക് എത്തിച്ചു കൊടുക്കുന്നത് ജിബ്‌രീൽ(അ) ആണല്ലോ. ആ തിരുസമക്ഷത്തിൽ ഒരിക്കൽ കൂടി ഓതി കേൾപ്പിക്കുന്നത് തിരുനബിﷺക്ക് ഒരാനന്ദവും ആശ്വാസവുമാണ്. അല്ലാഹുവിൽ നിന്ന് അവതരിച്ചതിൽ യാതൊരു ഭാവഭാഷാ വ്യതിയാനം ഇല്ലാതെയാണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കാനും ആത്മസംതൃപ്തി വർധിപ്പിക്കാനുമുള്ള വഴി കൂടിയായിരുന്നുവല്ലോ ഇത്.
    സ്വന്തം ജീവിതത്തിൽ ഖുർആൻ പാരായണത്തിന് ഏറെ സമയം നീക്കി വെക്കുകയും ആസ്വാദനത്തോടെയും ആനന്ദത്തോടെയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്ത തിരുനബിﷺ, അനുയായികൾ നിർവഹിക്കാനുള്ള സുപ്രധാനമായ ഒരു ആത്മീയ അനുഷ്ഠാനമായി ഖുർആൻ പാരായണത്തെ പഠിപ്പിക്കുന്നുണ്ട്. നിത്യവും ഖുർആൻ പാരായണം ചെയ്യുന്നവർക്ക് പരലോകത്ത് അനുകൂല സാക്ഷിയായി ഖുർആൻ വരുമെന്നും ഇരുലോക വിജയത്തിനും നിതാനമായ ആരാധനയാണ് ഖുർആൻ പാരായണമെന്നും അവിടുന്ന് പഠിപ്പിക്കുന്നുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...