Tweet 1109

    Tweet 1109
    June 27, 2025 • Friday
    Post Header

    തൽബിയത്ത് ഹാജിയുടെ അടയാളവും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഒരു ചിഹ്നവുമാണ്. തൽബിയത്തിന്റെ വാചകം ഇപ്രകാരമാണല്ലോ. “ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബെക്, ഇന്നൽ ഹംദ വന്നിഅ്മത ലക വൽ മുൽക്, ലാ ശരീക ലക. ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. അധികാരവും നിന്റേത് തന്നെ. നിനക്കാരും കൂറുകാരോ പങ്കുകാരോ ഇല്ല.
    തിരുനബിﷺ സ്വഹാബികൾക്ക് തൽബിയത്ത് ചൊല്ലിക്കൊടുത്തു. അവർ നബിﷺയോടൊപ്പം ചൊല്ലിക്കൊണ്ടേയിരുന്നു. എന്നാൽ, തൽബിയത്ത് ഉച്ചത്തിൽ ചൊല്ലണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജിബ്‌രീൽ(അ) നബിﷺയുടെ അടുക്കൽ വന്നു. ഉടനെ നബിﷺ അനുയായികളോട് കാര്യം പറഞ്ഞു. മുഴങ്ങുന്ന ശബ്ദത്തിൽ അവർ തൽബിയത്ത് ചൊല്ലാൻ തുടങ്ങി.
    തിരുനബിﷺയും അനുയായികളും ചേർന്നു നടക്കുന്ന ഒന്നാമത്തെ ഹജ്ജിലേക്ക് ചുവടുവെക്കാൻ ആരംഭിച്ചത് മുതൽ വേറിട്ട മുഹൂർത്തങ്ങളും സന്ദർഭങ്ങളും ഉണ്ടായിക്കൊണ്ടേയിരുന്നു. കൂട്ടത്തിൽ ഒരു രംഗം ഇതായിരുന്നു. വയോധികനായ ഒരു മനുഷ്യൻ രണ്ടു മക്കളുടെ തോളിൽ താങ്ങി എത്തിയിരിക്കുന്നു. നബിﷺ അവരോട് കാര്യമന്വേഷിച്ചു. കാൽനടയായി ഹജ്ജ് നിർവഹിക്കാൻ ഇദ്ദേഹം നേർച്ച ചെയ്തിരിക്കുന്നു എന്നായിരുന്നു മറുപടി. നബിﷺ അവരോട് ഇങ്ങനെ പ്രതികരിച്ചു. സ്വന്തം ശരീരത്തിന് പീഡനം ഏൽപ്പിക്കുന്ന ഇത്തരം കാര്യങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല. തുടർന്ന് അദ്ദേഹത്തോട് വാഹനപ്പുറത്ത് യാത്ര ചെയ്യാൻ നബിﷺ നിർദ്ദേശിച്ചു. ഇമാം ബുഖാരി(റ) അനസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഈ സംഭവം കാണാം.
    ഇമാം മുസ്‌ലിം(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു രംഗം കൂടി വായിച്ചു നോക്കാം. റൗഹാഅ് എന്ന സ്ഥലത്ത് വെച്ചു കൊണ്ട് തിരുനബിﷺ ഒരു സംഘത്തെ കണ്ടു. അവിടുന്ന് ചോദിച്ചു. നിങ്ങൾ ആരാണ്? അവർ പറഞ്ഞു. ഞങ്ങൾ മുസ്‌ലിംകളാണ്. നിങ്ങളാരാണ്? തിരുനബിﷺ പറഞ്ഞു. ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അപ്പോൾ ഒരു സ്ത്രീ തന്റെ കുട്ടിയെ ഉയർത്തിക്കാണിച്ചു കൊണ്ട് തിരുനബിﷺയോട് ചോദിച്ചു. ഈ കുട്ടിക്ക് ഹജ്ജുണ്ടോ അഥവാ ഈ കുട്ടിക്ക് ഹജ്ജ് നിർവഹിക്കാമോ? ചെയ്യാം. നിങ്ങൾക്കും അതിന്റെ പ്രതിഫലമുണ്ട്. തിരുനബിﷺ പ്രതികരിച്ചു.
    ദുൽഹുലൈഫയിൽ വച്ച് തന്നെയുണ്ടായ മറ്റൊരു സംഭവം ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂബക്കറി(റ)ന്റെ ഭാര്യ അസ്മാഅ് ബിൻത് ഉമൈസ്(റ) പ്രസവിച്ചു. ആ കുട്ടിയാണ് മുഹമ്മദ് ബ്നു അബീബക്കർ(റ). അവരോട് കുളിക്കുവാനും ഇഹ്റാമിൽ പ്രവേശിക്കുവാനും ആവശ്യപ്പെടാൻ വേണ്ടി തിരുനബിﷺ അബൂബക്കര്‍(റ)വിനോട് പറഞ്ഞു.
    തിരുനബിﷺയുടെയും സംഘത്തിന്റെയും ഈ ഹജ്ജ് യാത്ര അന്ത്യനാൾ വരെയുള്ള ഹാജിമാർക്ക് അധ്യാപനം നേടാനും ഹജ്ജിന്റെ സഞ്ചാരങ്ങൾ ക്രമപ്പെടുത്താനുമുള്ള മാതൃകയാണ്. യാത്രയിലെ ഓരോ നിമിഷവും സന്ദർഭവും ഹജ്ജിന്റെ കർമശാസ്ത്രവും അനുഷ്ഠാന നിയമങ്ങളും പഠിപ്പിച്ചു തന്നുകൊണ്ടേയിരുന്നു. സന്ദർഭങ്ങളെ പകർത്തി വെച്ച പണ്ഡിതന്മാർ ഗവേഷണ സ്വഭാവത്തോടെ നിരീക്ഷിച്ചു നിയമങ്ങളും നിർദ്ദേശങ്ങളും പകർത്തിയെടുത്തു. ലോകത്തിന് പ്രയോഗിക്കാവുന്ന വിധത്തിൽ അവയെ ചിട്ടപ്പെടുത്തി. ഹജ്ജിന്റെ കർമശാസ്ത്രമായി അത് രൂപപ്പെടുകയും ലോകം അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മക്കയിലേക്കുള്ള യാത്ര തുടർന്നു കൊണ്ടിരുന്നു. അബവാഅ്/വദ്ദാൻ എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഅ്ബുബ്നു ജുസാമ എന്ന വ്യക്തി നബിﷺക്ക് വേട്ടമൃഗത്തിന്റെ കൂട്ടത്തിൽപ്പെട്ട ഒരു കാട്ടു കഴുതയെ സമ്മാനമായി നൽകി. പക്ഷേ അത് അദ്ദേഹത്തിന് തിരിച്ചു കൊടുത്തു. അത് അദ്ദേഹത്തെ പ്രയാസപ്പെടുത്തി. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോൾ തിരുനബിﷺ വിശദീകരണം നൽകി. ഞങ്ങൾ ഇഹ്‌റാമിൽ ആയതുകൊണ്ട് മാത്രമാണ് കേട്ടോ സ്വീകരിക്കാത്തത്. നിങ്ങൾക്ക് അത് തിരിച്ചു നൽകിയത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...