
ഇസ്‌ലാമിലെ ആരാധനാക്രമങ്ങളിൽ ഇഴചേർന്ന് നിൽക്കുന്ന മറ്റൊരു പ്രണയമാണ് മനുഷ്യർ തമ്മിലുള്ള ബന്ധം. നിസ്കാരം സംഘടിതമായി നിർവഹിക്കുമ്പോൾ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു പ്രദേശത്തെ പരമാവധി ആളുകൾ ഒരുമിച്ചുകൂടി ജുമുഅ നിർവഹിക്കുമ്പോൾ അത് ഹജ്ജും പെരുന്നാളും പോലെ പുണ്യമുള്ളതായി മാറുന്നു. ഇതുപോലെ വ്രതകാലത്തും മറ്റൊരാൾക്കും കൂടി നോമ്പുതുറക്കാൻ സൗകര്യം ചെയ്തു കൊടുത്താൽ അതിന് പുണ്യം വേറെ. ആതിഥ്യം സ്വീകരിക്കുന്നവൻ ആതിഥേയന് വേണ്ടി പ്രത്യേകം പ്രാർഥിക്കുന്നു. അബ്ദുല്ലാഹിബിന് സുബൈറി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ സഅദ് ബിൻ മുആദി(റ)ന്റെ പക്കൽ നിന്ന് നോമ്പുതുറ നിർവഹിച്ചു. ശേഷം ഇങ്ങനെ ആശംസിച്ചു. നിങ്ങളുടെ പക്കൽ നിന്ന് നോമ്പുകാർ നോമ്പുതുറ നിർവഹിച്ചിരിക്കുന്നു. നിങ്ങളുടെ ഭക്ഷണം ഗുണവാന്മാർ ഭക്ഷിച്ചിരിക്കുന്നു. മലക്കുകൾ നിങ്ങൾക്ക് വേണ്ടി അനുഗ്രഹം നേർന്നിരിക്കുന്നു.
ഒരാൾ മറ്റൊരാളെ നോമ്പുതുറപ്പിച്ചാൽ അയാൾക്കുള്ള പുണ്യം പ്രത്യേകമായി തന്നെ ഹദീസിൽ പറയുന്നുണ്ട്. സയ്യിദ് ബിൻ ഖാലിദ് അൽ ജുഹനീ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒരാൾ മറ്റൊരാളെ നോമ്പുതുറപ്പിച്ചാൽ നോമ്പുകാരന് ലഭിക്കുന്നതിന് സമാനമായ ഒരു പ്രതിഫലം അദ്ദേഹത്തിനൊട്ടും കുറയാതെ തന്നെ നോമ്പുതുറപ്പിച്ചവനും ലഭിക്കും.
നോമ്പുതുറ സൽക്കാരങ്ങളും സംഗമങ്ങളും കുടുംബങ്ങളിലും സമൂഹങ്ങളിലും സ്നേഹ കുടുംബ സൗഹൃദബന്ധങ്ങളെ പുനസ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. സാമൂഹികമായ ഒരു പരിപാലനത്തിന്റെയും നിർമാണത്തിന്റെയും ഭാഗമായി അവ മാറുന്നു. നോമ്പുകാരൻ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ നോമ്പുതുറപ്പിച്ചവർക്ക് വേണ്ടി മലക്കുകൾ പ്രത്യേകം പ്രാർഥിച്ചു കൊണ്ടിരിക്കുമെന്ന് തിരുനബിﷺ പറഞ്ഞ സന്ദേശം ഉമ്മു ഉമാറ അൽ അൻസാരിയ്യ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) തന്നെ നിവേദനം ചെയ്തിട്ടുണ്ട്.
വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നോമ്പുകാരൻ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യമാണ് അത്താഴം. നോമ്പ് ആരംഭിക്കുന്ന സമയത്തിന് കുറച്ചുമുമ്പ് മിതമായ ഭക്ഷണം കഴിക്കേണ്ടത് നിർദ്ദേശിക്കപ്പെട്ട പുണ്യകർമമാണ്. സുഹൂര്‍ അഥവാ അത്താഴം എന്നാണ് അതിനെ പരിചയപ്പെടുത്തിയത്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് ചെല്ലുമ്പോൾ അവിടുന്ന് അത്താഴം കഴിക്കുകയായിരുന്നു. അപ്പോൾ ഇങ്ങനെ പറഞ്ഞു. ഈ അത്താഴം കഴിക്കുന്നതിൽ അനുഗ്രഹങ്ങളുണ്ട്. അല്ലാഹു നിങ്ങൾക്ക് അത് അനുവദിച്ചു തന്നതാണ്. നിങ്ങൾ അതിനെ ഒഴിവാക്കരുത്.
അനുഗ്രഹീതമായ ഭക്ഷണത്തിലേക്ക് വരൂ എന്നു പറഞ്ഞുകൊണ്ടാണ് തിരുനബിﷺ എന്നെ അത്താഴത്തിലേക്ക് ക്ഷണിച്ചത് എന്ന് ഇർബാള് ബിനു സാരിയ(റ) പറയുന്നു. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഞങ്ങൾ അമ്പിയാക്കൾക്ക് അത്താഴം വൈകി കഴിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു.
തിരുനബിﷺ അത്താഴം കഴിച്ചു കഴിഞ്ഞാൽ നിന്ന് 50 സൂക്തം പാരായണം ചെയ്യുന്ന സമയമാണ് പിന്നീട് ബാങ്ക് വിളിക്കാനുണ്ടായിരുന്നത്. ലളിതമായ ഭക്ഷണമായിരുന്നു തിരുനബിﷺ അത്താഴത്തിനും കഴിച്ചിരുന്നത്. തിരുനബിﷺയോടൊപ്പം അത്താഴം കഴിച്ച പല സ്വഹാബികളുടെയും അനുഭവങ്ങളും സാക്ഷ്യങ്ങളും ഹദീസുകളിൽ നിന്നും നമുക്ക് വായിക്കാം. തിരുനബിﷺയോടൊപ്പം അവർ നിസ്കരിക്കാൻ പോയതും അവിടുത്തെ നിസ്കാരത്തിന്റെ ദൈർഘ്യവും അത്തരം നിവേദനങ്ങളിലെല്ലാം വിശദമായി വന്നിട്ടുണ്ട്.
