Tweet 1074

    Tweet 1074
    May 23, 2025 • Friday
    Post Header

    ഗ്രഹണ നിസ്കാരത്തിന് നിയതമായ ഒരു രൂപമുണ്ട്. തിരുനബിﷺ അത് നിർവഹിക്കുകയും അനുബന്ധമായ കാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. കർമശാസ്ത്ര പണ്ഡിതന്മാർ അതിനെ കൃത്യമായി നിരീക്ഷിച്ചു ചിട്ടപ്പെടുത്തി. ചരിത്ര വായനയുടെ ഭാഗമായി കർമശാസ്ത്ര അധ്യായങ്ങൾ ആ വിധത്തിൽ നാം ചർച്ച ചെയ്യുന്നില്ലെങ്കിലും സവിശേഷമായ ഒരു നിസ്കാരമായതുകൊണ്ട് ലളിതമായി അതിന്റെ രൂപം നാം വായിക്കുകയാണ്.
    ഗ്രഹണം മുതല്‍ പൂര്‍ണമായും നീങ്ങുന്നത് വരെയാണ് നിസ്‌കാര സമയം. ഗ്രഹണം നിങ്ങള്‍ കണ്ടാല്‍ അല്ലാഹു അത് നീക്കുന്നതു വരെ നിങ്ങള്‍ നിസ്കരിക്കുക. ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ തന്നെ ഈ ആശയമുണ്ട്.
    തിരുനബിﷺ ഗ്രഹണ നിസ്‌കാരത്തിന് ബാങ്കോ ഇഖാമത്തോ നിര്‍വ്വഹിക്കുകയോ നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. പകരം അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ വ്യക്തമായി തന്നെ അത് പറയുന്നുണ്ട്. ഒറ്റക്ക് നിസ്കരിക്കൽ അനുവദനീയമാണെങ്കിലും ജമാഅത്തായി നിർവഹിക്കലാണ് ശ്രേഷ്ഠം.
    നിസ്കാരത്തിന്റെ പ്രാഥമികമായ ഒരു രൂപം ഇങ്ങനെയാണ്. നിയ്യത്തോടു കൂടി തക്ബീറതുല്‍ ഇഹ്‌റാം ചെയ്തു ആരംഭിക്കുക. ശേഷം, പ്രാരംഭ പ്രാര്‍ഥന അഥവാ വജ്ജഹ്ത്തു ചൊല്ലുക. ഫാതിഹ പാരായണം ചെയ്യുക. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുക. ദീര്‍ഘമായി റുകൂഅ് ചെയ്യുക. അതിൽ റുകൂഇൽ തന്നെ സാധാരണ ചൊല്ലാറുള്ള പ്രാര്‍ഥനകള്‍ ആവര്‍ത്തിച്ചു നിര്‍വഹിക്കാവുന്നതാണ്. ശേഷം, റുകൂഇല്‍ നിന്ന് ഉയരുകയും സുജൂദിലേക്ക് പോകാതെ വീണ്ടും ഫാത്തിഹ ഓതി ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുക. ആദ്യ തവണത്തെ പാരായണത്തെക്കാള്‍ രണ്ടാമത്തെ തവണ ഖുര്‍ആന്‍ പാരായണം ചുരുക്കലാണ് നബിﷺ പഠിപ്പിച്ചത്. ശേഷം ദീര്‍ഘമായി റുകൂഅ് ചെയ്യുക. ആദ്യ റുകൂഇനെക്കാള്‍ രണ്ടാമത്തെ റുകൂഅ് അല്‍പം കുറയലാണ് തിരുനബിﷺയുടെ മാതൃക. റുകൂഇല്‍ നിന്ന് ഉയര്‍ന്ന് ഇഅ്തിദാല്‍ നിര്‍വഹിക്കുക. ശേഷം ദീര്‍ഘമായി സുജൂദ് ചെയ്യുക. രണ്ടാമത്തെ സുജൂദ് ആദ്യ സുജൂദിനെക്കാള്‍ അല്‍പം ചുരുക്കുക. രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം ഏകദേശം സുജൂദിന്റെ അത്ര തന്നെ ദൈര്‍ഘ്യമുള്ളതാകണം. ഇപ്പോള്‍ ഒരു റക്അത് പൂര്‍ത്തിയായി. രണ്ടാമത്തെ റക്അതിലും ആദ്യ റക്അതിലെ പോലെ തന്നെ നിർവഹിക്കുക. എന്നാൽ, ദൈർഘ്യം മുൻപുള്ളതിനെക്കാൾ കുറക്കുകയും വേണം. ശേഷം, അത്തഹിയ്യാത്ത് നിര്‍വഹിച്ച് രണ്ട് സലാം വീട്ടുക.
    സ്ത്രീകളും ഗ്രഹണ നിസ്കാരം നിർവഹിക്കേണ്ടതുണ്ട്. മറ്റു നിസ്കാരങ്ങൾക്കും ജുമുഅക്കും പെരുന്നാളിനും എന്നപോലെ പരപുരുഷന്മാരോടൊപ്പം സ്ത്രീകൾ നിസ്കരിക്കുന്നതിന് അടിസ്ഥാനപരമായി നിയമം ഒന്നുതന്നെയാണ്.
    അഞ്ചുനേരത്തെ നിർബന്ധ നിസ്കാരത്തിനു പോലുമില്ലാത്ത വിധം സവിശേഷമായ സുന്നത്ത് നിസ്കാരങ്ങളിലേക്ക് അന്യപുരുഷന്മാരോടൊപ്പം ഇസ്‌ലാം നിർദ്ദേശിക്കുന്ന അടിസ്ഥാന നിയമങ്ങളെ മുഴുവനും മറന്നു സ്ത്രീകൾ നിർബന്ധമായും പങ്കെടുത്തിരിക്കണം എന്ന വിചാരവും പ്രചാരണവും പ്രമാണങ്ങൾക്ക് നിരക്കുന്നതല്ല. അത്തരമൊരു പ്രത്യേകമായ അംഗീകാരവും ഹദീസുകളിലോ പ്രമാണങ്ങളിലോ പ്രമാണങ്ങളെ ശരിയാംവിധം വിലയിരുത്തി നമുക്ക് പറഞ്ഞുതന്ന ഇമാമുകളുടെ ഗ്രന്ഥങ്ങളിലോ നമുക്ക് കാണാനാവുന്നില്ല. സ്ത്രീകളുടെ ഏറ്റവും ഉത്തമമായ പള്ളി അവരുടെ സ്വകാര്യ മുറിയാണെന്നത് സ്ത്രീകളോട് എല്ലാ നിസ്കാരങ്ങൾക്കുമായി തന്നെ സമഗ്രമായി തിരുനബിﷺ പഠിപ്പിച്ച അധ്യായമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...