Tweet 1073

    Tweet 1073
    May 22, 2025 • Thursday
    Post Header

    ഗ്രഹണ നിസ്കാരവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ വായിക്കാം. മഹതി ആഇശ(റ) പറഞ്ഞു. ഒരു ജൂതസ്ത്രീ ആയിശ(റ)യുടെ അടുത്തേക്ക് സഹായം തേടി വന്നു. അവൾ ആയിശ(റ)യോട് പറഞ്ഞു. അല്ലാഹു നിങ്ങളെ ഖബർ ശിക്ഷയിൽ നിന്ന് രക്ഷിക്കുമാറാകട്ടെ! അപ്പോൾ ആഇശ(റ) അല്ലാഹുവിൻ്റെ റസൂലിﷺനോട് ചോദിച്ചു. ജനങ്ങൾ അവരുടെ ഖബറുകളിൽ വെച്ച് ശിക്ഷിക്കപ്പെടുമോ? അപ്പോൾ തിരുനബിﷺ ആ ശിക്ഷയിൽ നിന്ന് അല്ലാഹുവിൽ അഭയം തേടിക്കൊണ്ട് പ്രാർഥിക്കുകയുണ്ടായി.
    ശേഷം അവിടുന്ന് ഒരു പ്രഭാതത്തിൽ വാഹനമേറി പുറപ്പെട്ടപ്പോൾ സൂര്യഗ്രഹണമുണ്ടായി. അങ്ങനെ ളുഹാ സമയത്ത് മടങ്ങി. വീടുകൾക്കിടയിലൂടെ നടന്നുവന്ന് നിസ്കാരത്തിനായി നിന്നു. ജനങ്ങളും തിരുനബിﷺയുടെ പിറകിൽ നിന്നു. അവിടുന്ന് നിസ്കാരത്തിലെ നിർത്തം ദീർഘനേരം തുടർന്നു. പിന്നെ ദീർഘമായി റുകൂഅ് ചെയ്തു. പിന്നെ നിവർന്നു ദീർഘമായി നിന്നു. അത് ആദ്യത്തെ നിർത്തത്തേക്കാൾ കുറവായിരുന്നു. പിന്നെ ദീർഘമായി റുകൂഅ് ചെയ്‌തു. അത് ആദ്യത്തെ റുകൂഇനേക്കാൾ ദൈർഘ്യം കുറഞ്ഞതായിരുന്നു. പിന്നെ തല ഉയർത്തി നിവർന്നുനിന്നു. ശേഷം, സുജൂദ് ചെയ്തു. പിന്നെയും എഴുന്നേറ്റുനിന്നു. ദീർഘമായി നിന്നു. അത് ആദ്യത്തെ നിർത്തത്തേക്കാൾ കുറവായിരുന്നു. തുടർന്ന് ദീർഘമായി റുകൂഅ് ചെയ്തു. അത് ആദ്യത്തെ റുകൂഇനേക്കാൾ കുറവായിരുന്നു. പിന്നെ നിവർന്നു ദീർഘമായി നിന്നു. വീണ്ടും റുകൂഅ് ചെയ്‌തു. ദീർഘമായി റുകൂഅ് ചെയ്‌തു. അത് ആദ്യത്തെ റുകൂഇനേക്കാൾ കുറവായിരുന്നു. പിന്നെ തല ഉയർത്തി നിവർന്നു നിന്നു. എന്നിട്ട് സുജൂദ് ചെയ്‌തു. നിസ്‌കാരത്തിൽ നിന്ന് വിരമിച്ചു. തുടർന്ന് പറയാൻ ഉദ്ദേശിച്ചതെല്ലാം അവിടുന്ന് പറഞ്ഞു. പിന്നീട് ജനങ്ങളോട് ഖബർ ശിക്ഷയിൽ നിന്ന് അഭയം തേടാൻ കൽപിച്ചു.
    ഗ്രഹണനിസ്‌കാരം പ്രബലമായ സുന്നത്താണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടേയും അഭിപ്രായം. സുന്നത്താണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവി(റ) ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തുന്നു. നബിﷺ അത് നിര്‍വ്വഹിക്കുകയും നിസ്‌കരിക്കാന്‍ കല്‍പിക്കുകയും ചെയ്തു എന്നതാണ് സുന്നത്താണ് എന്നതിന് പ്രമാണം. ചില പണ്ഡിതന്മാര്‍ ഹദീസിന്റെ പദപ്രയോഗങ്ങളുടെ ശൈലിയും പ്രത്യക്ഷ അർഥങ്ങളും മുന്നിൽ വച്ച് അത് നിര്‍ബന്ധമാണെന്നുവരെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
    ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിച്ച മറ്റൊരു നിവേദനം കൂടി ഇങ്ങനെ വായിക്കാം. ആഇശ(റ) പറയുന്നു. ഗ്രഹണ നിസ്‌കാരത്തിൽ നബിﷺ ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്തു. ശേഷം തക്ബീർ ചൊല്ലി റുകൂഅ് ചെയ്തു. റുകൂഇൽനിന്ന് തല ഉയർത്തിയപ്പോൾ “സമിഅല്ലാഹുലിമൻഹമിദഹു റബ്ബനാവലകൽഹംദു” എന്നു പറഞ്ഞു. ഗ്രഹണനമസ്‌കാരത്തിൽ വീണ്ടും ഖുർആൻ ഓതി, രണ്ട് റക്അത്തിലായി നാല് റുകൂഉം നാല് സുജൂദും നിർവ്വഹിച്ചു.
    ഗ്രഹരാനന്തരം ഖുത്തുബ അഥവാ സവിശേഷമായ ഉപദേശമുണ്ട്. തിരുനബിﷺ അപ്രകാരം നിർവഹിക്കുകയും ഭൗതികലോകത്തിന്റെ യാഥാർത്ഥ്യവും പരലോക ജീവിതത്തിന്റെ നിതാന്തതയെക്കുറിച്ചും ഒക്കെ ജനങ്ങളെ ബോധ്യപ്പെടുത്തി. ഹദീസുകളിൽ വന്ന ആശയങ്ങളെ സംരക്ഷിച്ചാൽ ഇങ്ങനെയാണ്. തിരുനബിﷺയുടെ ഖുത്വുബയില്‍ അവിടുന്ന് ഖബ്ര്‍ ശിക്ഷ, മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന എന്നിവയെ കുറിച്ച് താക്കീത് ചെയ്യുകയും സ്വദഖ, അടിമമോചനം, പാപമോചനം തേടൽ, പ്രാർഥന തുടങ്ങിയവ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വ്യഭിചാരത്തിന്റെ ഗൗരവം, നരക സ്വര്‍ഗങ്ങളിലെ കാഴ്ചകള്‍, ബഹുദൈവ വിശ്വാസത്തിന്റെ ഗൗരവം, മക്കയില്‍ ആദ്യമായി ശിര്‍ക്ക് കൊണ്ടുവന്ന അംറ് ബ്‌നു ലുഹയ്യിന് നരകത്തില്‍ ലഭിക്കുന്ന ശിക്ഷ, നബിﷺയുടെ ഒട്ടകത്തെ മോഷ്ടിച്ചവന്റെ അവസ്ഥ, പരലോകത്തെ വിചാരണ തുടങ്ങിയ ധാരാളം കാര്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു.
    ഗ്രഹണം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെയായിരുന്നു നിസ്കാരം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...