Tweet 1064

    Tweet 1064
    May 13, 2025 • Tuesday
    Post Header

    തിരുനബിlﷺ പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത വളരെ ശ്രേഷ്ഠമായ ഒരു സുന്നത്ത് നിസ്കാരമാണ് ളുഹാ നിസ്കാരം. നബിﷺ അത് സ്ഥിരമായി നിർവഹിക്കുകയും പല സ്വഹാബിളോടും നിങ്ങള്‍ നി൪വ്വഹിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.
    ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. എന്റെ കൂട്ടുകാരനായിരുന്ന റസൂൽﷺ മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയത്ത് നല്‍കിയിരുന്നു. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കല്‍, രണ്ട് റക്അത്ത് ളുഹാ നിസ്‌കാരം നിർവ്വഹിക്കല്‍, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്‌കരിക്കല്‍.
    ആഇശ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം(റ) തന്നെ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. മുഴുവന്‍ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ശരീരത്തിൽ 360 സന്ധികളോട് കൂടിയാണ്.
    തുടർന്ന് അബുദാവൂദ്(റ) നിവേദനം ചെയ്ത ഈ ഹദീസ് കൂടി വായിക്കുക. നബിﷺ പറഞ്ഞു. മനുഷ്യ ശരീരത്തിൽ 360 സന്ധികളുണ്ട്. ഓരോന്നിനുമുള്ള സ്വദഖ അവൻ കൊടുക്കേണ്ടതുണ്ട്. സ്വഹാബികൾ ചോദിച്ചു. ആർക്കാണതിനു കഴിയുക? നബിﷺ പറഞ്ഞു. പള്ളിയിൽ കഫം കണ്ടാൽ അത് മണ്ണിട്ട് മൂടൽ, വഴിയിലെ തടസ്സം ഓരങ്ങളിലേക്ക് മാറ്റൽ, ഇത് രണ്ടും കഴിഞ്ഞില്ലെങ്കിൽ രണ്ട് റക്അത്ത് ളുഹാ നിസ്കാരം. അത് നിനക്ക് മതിയാവും.
    അപ്പോൾ മനുഷ്യ ശരീരത്തിലെ മുഴുവൻ ജോയിന്റുകളുടെയും ആത്മീയമായ ധർമം നിർവഹിക്കാനുള്ള നിസ്കാരമാണ് ളുഹാ നിസ്കാരം.
    ഇമാം മുസ്‌ലിം(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. പ്രഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും ധർമമുണ്ട്. എല്ലാ തസ്ബീഹും സ്വദഖയാണ്. എല്ലാ തഹ്മീദും ധർമമാണ്. എല്ലാ തഹ്ലീലും ധർമമാണ്. എല്ലാ തക്ബീറും ധർമമാണ്. നൻമ കൽപിക്കലും തിന്മ വിരോധിക്കലും ധർമമാണ്. എന്നാല്‍, ളുഹാ സമയത്ത് നിർവ്വഹിക്കുന്ന രണ്ട് റക്അത്ത് നിസ്‌കാരം ഇതിനെല്ലാം മതിയാകുന്നതാണ്.
    ഇമാം തുർമുദി(റ) അബൂദർറില്‍(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഉന്നതനും പ്രതാപവാനുമായ അല്ലാഹുവില്‍ നിന്ന്. അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യരെ, എനിക്ക് വേണ്ടി നിങ്ങള്‍ പകലിന്റെ ആദ്യത്തില്‍ നാല് റക്അത്ത് നിസ്കാരം നിർവ്വഹിക്കുക. എങ്കില്‍ ആ ദിവസത്തിന്റെ അവസാനം വരെ അത് മതിയാകുന്നതാണ്.
    അബൂ മൂസൽ അശ്അരി(റ) റിപ്പോർട്ട് ചെയ്യുന്നു. ആരെങ്കിലും നാല് റക്അത്ത് ളുഹാ നിസ്കരിക്കുകയും ആദ്യത്തെ നിസ്കാരമായ ളുഹ്റിന് മുമ്പുള്ള 4 റക്അത്ത് നിസ്കരിക്കുകയും ചെയ്താൽ അവന് സ്വർഗത്തിൽ ഒരു ഭവനം നിർമിക്കപ്പെടും.
    ളുഹാ നിസ്കാരത്തിലെ ഏറ്റവും കുറഞ്ഞ റക്അത്തുകളുടെ എണ്ണം രണ്ടാണ്. അബൂഹുറൈറ(റ)വിന് നബിﷺ നൽകിയ വസ്വിയത്ത് രണ്ട് റക്അത്ത് ളുഹാ നിസ്‌കരിക്കണമെന്നായിരുന്നല്ലോ! എന്നാൽ ഹദീസുകളിൽ അതിനേക്കാൾ ഉയർന്ന എണ്ണങ്ങളെ പരാമശിക്കുന്നുണ്ട്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ നാല് റക്അത്ത് ളുഹാ നിസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്ന് അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തില്‍ വര്‍ദ്ധിപ്പിക്കാറുമുണ്ട്. മറ്റൊരു റിപ്പോർട്ടില്‍ നബിﷺ ഉദ്ദേശിക്കുന്നത്ര എന്നാണ് ഉള്ളത്.
    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഉമ്മുഹാനിഅ്‌(റ) പറഞ്ഞു. മക്കാവിജയ വര്‍ഷം തിരുനബിﷺയുടെ അടുത്ത്‌ ഞാന്‍ ചെന്നു. അവിടുന്ന് കുളിക്കുകയായിരുന്നു. ഫാത്വിമ(റ) നബിﷺക്ക്‌ ഒരു മറ പിടിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ നബിﷺക്ക്‌ സലാം പറഞ്ഞു. ഇതാരെന്ന്‌ അവിടുന്ന് ചോദിച്ചു. അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിആ(റ)ണെന്ന്‌ ഞാന്‍ മറുപടി പറഞ്ഞു. ഉമ്മുഹാനിഇ(റ)ന് സ്വാഗതം എന്ന്‌ തിരുനബിﷺ അരുളി. കുളി കഴിഞ്ഞപ്പോൾ എട്ട്‌ റക്‌അത്ത് നിന്ന്‌ നിസ്കരിച്ചു. ഉമ്മു ഹാനിഅ്‌(റ) പറയുന്നു. അത് ളുഹാ നിസ്കാരമായിരുന്നു.
    എട്ട് റക്അത്ത് വരെ നിസ്കരിച്ചാലും ഈരണ്ട് റക്അത്തുകൾ വീതമായിട്ടാണ് നിസ്കരിക്കുക.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...