Tweet 1062

    Tweet 1062
    May 11, 2025 • Sunday
    Post Header

    തിരുനബിﷺയുടെ നിശാ നിസ്‌കാരങ്ങൾ സവിശേഷമായ പഠനങ്ങൾക്ക് തന്നെ വിധേയമാക്കേണ്ടതാണ്. നിസ്കാരത്തോടും പ്രത്യേകിച്ചും രാത്രിയിലുള്ള നിസ്കാരങ്ങളോടും തിരുനബിﷺക്ക് പ്രത്യേകമായ ആർത്തിയും താല്പര്യവുമായിരുന്നു. ‘അല്ലാഹുവിനുവേണ്ടി രാത്രിയിൽ അവിടുന്ന് നിസ്കരിക്കുക. അത് ഐച്ഛികമായി നിർദ്ദേശിച്ചിരിക്കുന്നു’ എന്ന് ആശയമുള്ള സൂക്തത്തെ കണിശമായി പാലിക്കാൻ തിരുനബിﷺ പ്രത്യേകം താല്പര്യമെടുത്തിരുന്നു.
    അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തേക്ക് നിസ്കാരത്തോട് വലിയ ഇഷ്ടമാണല്ലോ! അവിടുന്ന് ഇഷ്ടമുള്ളിടത്തോളം നിസ്കരിച്ചു കൊള്ളൂ എന്ന് ജിബ്‌രീൽ(അ) നബിﷺയോട് പറയുന്ന പ്രസ്താവന ഉൾക്കൊള്ളുന്ന ഹദീസ് ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നുണ്ട്.
    നിശാ നിസ്കാരം ഒരിക്കലും തിരുനബിﷺ ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. പരമാവധി നിന്നുകൊണ്ട് തന്നെ നിർവഹിക്കുമായിരുന്നു. രോഗമോ മറ്റോ ഉണ്ടായാൽ ഇരുന്നു നിർവഹിക്കുകയും ചെയ്യുമായിരുന്നു. ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഈ ആശയം ഉദ്ധരിക്കുന്നു.
    അനസു ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം രാവിലെ തിരുനബിﷺയുടെ മുഖത്ത് നല്ല ക്ഷീണം പ്രകടമായി. അവിടുത്തോട് ചോദിച്ചു. നല്ല ക്ഷീണമുണ്ടല്ലോ! എന്തു സംഭവിച്ചു? ഇന്നലെ രാത്രിയിൽ ഞാൻ ഏറ്റവും ദീർഘമായ ഏഴ് അധ്യായങ്ങൾ പാരായണം ചെയ്തു കൊണ്ടാണ് കഴിഞ്ഞുകൂടിയത്. അഥവാ ദീർഘ നേരത്തെ പാരായണവും നിസ്കാരവും നിദ്രാവിഹീനമാക്കിയിരുന്നു എന്നർഥം.
    ഏതു സൽകർമങ്ങളും പതിവായി ചെയ്യുക എന്നത് തിരുനബിﷺയുടെ രീതിയായിരുന്നു. സുന്നത്ത് നിസ്കാരങ്ങളിലും ആ പതിവ് തെറ്റിച്ചിരുന്നില്ല. രാത്രിയിലെ നിസ്കാരം വല്ല കാരണത്താലും മുടങ്ങിപ്പോയാൽ തിരുനബിﷺ പകലിൽ പന്ത്രണ്ട് റക്അത് നിസ്കരിക്കുമായിരുന്നു.
    തിരുനബിﷺയുടെ ജീവിതത്തിൽ നിന്ന് വേറിട്ട ഒരു സന്ദേശം കൂടി മഹതി ആഇശ(റ) പങ്കുവെക്കുന്നുണ്ട്. അതിങ്ങനെയാണ്. തിരുനബിﷺ ഒരിക്കലും ഒരു രാത്രിയിൽ ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തത് എനിക്കറിയില്ല. പ്രഭാതം വരെയും ഉറക്കൊഴിഞ്ഞു പൂർണ്ണമായും രാത്രി നിസ്കരിച്ചതും അറിയില്ല. റമളാനല്ലാത്ത മറ്റേതെങ്കിലും മാസത്തിൽ പൂർണ്ണമായും നോമ്പ് എടുത്തതായും അറിയില്ല.
    സാധാരണക്കാരെ കൂടി പരിഗണിച്ചും പതിവായി പരിപാലിക്കാൻ പറ്റുന്ന വിധത്തിലും ആയിരിക്കട്ടെ എന്ന രീതിയിലാണ് തിരുനബിﷺ ഇത്തരം കർമങ്ങളെ നിർവഹിച്ചു കാണിച്ചുതന്നത്.
    ആരാധനാകർമങ്ങളിലും മറ്റ് പുണ്യകാര്യങ്ങളിലും സ്വയം നിർവഹിച്ചു മാത്രം തൃപ്തിപ്പെടാതെ കുടുംബക്കാരെയും അതിന്റെ ഭാഗമാക്കുന്നതിൽ തിരുനബിﷺക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ആരാധനയ്ക്ക് ഒരു സമയവും അനുവദിക്കാതെ രാത്രി നീളെ ഉറങ്ങുന്നതിനോട് തിരുനബിﷺക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇത്തരം ആശയങ്ങളെല്ലാം ഒരുമിച്ചു കൂടുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. ജാബിർ ബിൻ അബ്ദുല്ലാഹി(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ദാവൂദ് നബി(അ)യുടെ മകൻ സുലൈമാൻ നബി(അ)യുടെ മാതാവ് മകനോട് ഇങ്ങനെ പറഞ്ഞു. രാത്രിയിൽ അധികം ഉറങ്ങരുത്. രാത്രിയിൽ അധികം ഉറങ്ങുന്ന പക്ഷം പരലോകത്ത് ദാരിദ്ര്യം അനുഭവിക്കേണ്ടിവരും.
    രാത്രിയുടെ മുഴുവൻ സമയവും ഉറക്കിന് വേണ്ടി മാത്രം മാറ്റിവെച്ചാൽ ആരാധന നിർവഹിക്കാൻ ഇടവും സമയവുമുണ്ടാവില്ല. പരലോകത്ത് മഹത്വവും സ്ഥാനവും നേടാനുള്ള സുപ്രധാന വഴികളിൽ ഒന്നാണ് രാത്രികാലങ്ങളിൽ അല്ലാഹുവിന് വേണ്ടി നിർവഹിക്കുന്ന ആരാധനകൾ. അതില്ലാത്ത പക്ഷം പരലോകത്ത് അല്ലാഹുവിന്റെ സന്നിധിയിൽ എത്തുമ്പോൾ ഒന്നുമില്ലാത്തവനായി പോകും എന്നാണ് ഈ അധ്യാപനത്തിന്റെ സാരം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...