Tweet 1051

    Tweet 1051
    April 30, 2025 • Wednesday
    Post Header

    തിരുനബിﷺയുടെ നിസ്കാരവുമായി ബന്ധപ്പെട്ട വായനകളിലെ ഒരു അധ്യായമാണ് ഭയം നേരിട്ട ഘട്ടങ്ങളിലെ നിസ്കാരം. ഏത് അവസ്ഥയിലും നിസ്കാരം നഷ്ടപ്പെടാതെ പരിപാലിക്കണമെന്നും നേരിടേണ്ടിവരുന്ന ഏത് അവസ്ഥയെക്കുറിച്ചും മതത്തിന് സമഗ്രമായ കാഴ്ചപ്പാടുണ്ടെന്നും പഠിപ്പിക്കുന്ന അധ്യായമാണിത്.
    യുദ്ധം, ആക്രമണം തുടങ്ങി ഭയം നേരിടുന്ന ഘട്ടങ്ങളിൽ ഏകാഗ്രതയോടെയും സ്വസ്ഥതയോടെയും നിസ്‌കാരം പൂർണമായി നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ സാധിക്കുന്ന വിധത്തിൽ നിർവഹിക്കാനാണ് മതത്തിന്റെ നിർദ്ദേശം.
    “നിങ്ങള്‍ ശത്രുവിന്റെ ആക്രമണം ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ നിങ്ങള്‍ക്ക് നിസ്കരിക്കാം. എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്‌.” വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായം അൽ ബഖറയിലെ 239 ആം സൂക്തത്തിന്റെ പ്രാഥമിക ആശയമാണിത്.
    വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ 101 ആം സൂക്തത്തിന്റെ ആശയം കൂടി നമുക്ക് വായിക്കാം.” നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നിസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.”
    നിസ്കാരം ഖസ്റാക്കി അഥവാ ചുരുക്കിയും ഖിബ്‌ലക്ക് തിരിയാതെയും റുകൂഉ്, സുജൂദ് മുതലായവ പൂര്‍ത്തിയാക്കാതെയും നടത്തത്തിലും ഓട്ടത്തിലും എന്നിങ്ങനെ സാധാരണ രൂപത്തില്‍ നിന്നും വ്യത്യസ്തമായ പല കുറവുകളും വന്നാലും നിസ്കാരം നിർവഹിക്കുക എന്നതാണ് ഇതിന്റെ സന്ദേശം.
    ഇത്തരം സന്ദർഭങ്ങളിലെ നിസ്കാരത്തിന്റെ ഒരു ഏകദേശ രൂപവും ഖുർആൻ തന്നെ പറയുന്നുണ്ട്. “അല്ലയോ പ്രവാചകരെﷺ, തങ്ങൾ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നിസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം അവിടുത്തെ ഒപ്പം നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നിസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് തങ്ങളുടെ ഒപ്പം നിസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്‌.
    നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കിൽ നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരു മിന്നലാക്രമണം നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്‌. എന്നാല്‍, മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍, നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌.” സൂറത്തുന്നിസാഇലെ 102ആം സൂക്തത്തിന്റെ ആശയമാണ് ഇപ്പോൾ നാം വായിച്ചത്.
    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്‌ദുല്ലാഹിബ്‌നു ഉമർ(റ) പറയുന്നു: നബിﷺയുടെ കൂടെ നജ്ദ് ഭാഗത്ത് വെച്ച് ഞാനും യുദ്ധം ചെയ്തു. ശത്രുക്കൾക്കഭിമുഖമായി ഞങ്ങൾ അണിയായി നിന്നു. അപ്പോൾ നബിﷺ ഞങ്ങൾക്ക് ഇമാമായി നിസ്‌കരിച്ചു. ഞങ്ങളിൽ ഒരുവിഭാഗം പ്രവാചകനോﷺടൊപ്പം നിസ്‌കരിക്കാൻ നിന്നു. മറ്റൊരു വിഭാഗം ശത്രുസേനക്കഭിമുഖമായി നിന്നു. അല്ലാഹുവിൻ്റെ റസൂലുംﷺ കൂടെയുള്ളവരും ഒരു റക്‌അത് നിസ്കരിച്ചു. രണ്ടു സൂജൂദും ചെയ്തു. പിന്നീട് കൂടെയുണ്ടായിരുന്നവർ പിരിഞ്ഞുപോയി. നിസ്‌കരിക്കാതെ സൈന്യത്തിനഭിമുഖമായി നിന്നവരുടെ സ്ഥാനത്ത് നിന്നു. നേരത്തെ നിസ്കരിക്കാതെ നിന്നവർ നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺ അവരോടൊപ്പം ഒരു റക്അത് നിസ്‌കരിച്ചു. രണ്ടു സുജൂദ് ചെയ്‌തു. നബിﷺ സലാം വീട്ടി. ഓരോ വിഭാഗവും എഴുന്നേറ്റു സ്വന്തമായി ഒരു റക്‌അതും രണ്ടു സുജൂദും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...