Tweet 1049

    Tweet 1049
    April 28, 2025 • Monday
    Post Header

    ജംഅ്, ഖസ്ർ എന്നിവ നിസ്കാരത്തിൽ അനുവദിക്കപ്പെട്ട രണ്ട് ആനുകൂല്യങ്ങളാണ്. ജംഅ് എന്ന പദത്തിനർഥം ചേർക്കുക, സംയോജിപ്പിക്കുക എന്നൊക്കെയാണ്. സാങ്കേതികമായി ജംഅ് എന്നാൽ രണ്ട് നിസ്കാരങ്ങൾ ഒരു നിസ്കാരത്തിന്റെ സമയത്ത് യോജിപ്പിച്ച് റക്അതുകള്‍ ചുരുക്കാതെ പൂര്‍ണമായും നിസ്കരിക്കലാണ്. ളുഹറും അസറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും മാത്രമേ കൂട്ടി നിസ്കരിക്കാൻ പാടുള്ളൂ. അതു മാത്രമേ മതനിയമങ്ങളിൽ സ്ഥിരപ്പെട്ടു വന്നിട്ടുള്ളൂ.

    ജംഉം ഖസ്റും അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ ദാനമാണ്. ഖസ്റിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബിﷺ പറഞ്ഞു. അല്ലാഹു ദാനമായി നിങ്ങൾക്ക് നൽകിയതാണത്. അവന്റെ ദാനം നിങ്ങൾ സ്വീകരിച്ചു കൊള്ളുക എന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസിൽ ഇത് സംബന്ധമായി നമുക്ക് വായിക്കാൻ കഴിയും. അല്ലാഹു അവൻ്റെ അടിമകൾക്ക് ആയാസമായി അനുവദിച്ചിട്ടുള്ള സൗകര്യങ്ങളാണിത്.

    ജംഅ് ചെയ്യൽ അനുവദനീയമായ രണ്ട് നിസ്കാരങ്ങളെ ആദ്യത്തെ നിസ്കാരത്തിന്റെ സമയത്ത് കൂട്ടി നിർവഹിക്കുന്നതിനാണ് ജംഅ് തഖ്ദീം അഥവാ മുന്തിച്ച് ജംആക്കുക എന്ന് പറയുന്നത്. ഉദാഹരണമായി ളുഹറും അസ്വറും ജംഅ് ആക്കുമ്പോൾ ആ രണ്ട് നിസ്കാരങ്ങളും ളുഹറിന്റെ സമയത്ത് ഒന്നിച്ച് നിർവ്വഹിക്കുക. അല്ലെങ്കിൽ മഗ്‌രിബും ഇശാഉം ജംഅ് ആക്കുമ്പോൾ മഗ്‌രിബിന്റെ സമയത്ത് ഇശാഉം കൂട്ടി നിസ്കരിക്കുക.

    അപ്രകാരം രണ്ട് നിസ്കാരങ്ങളെയും രണ്ടാമത്തെ നിസ്കാരത്തിന്റെ സമയത്തേക്ക് പിന്തിപ്പിച്ച് നിസ്കരിക്കുന്നതിനാണ് ‘ജംഅ് തഅ്ഖീർ’ എന്ന് പറയുന്നത്. അഥവാ ളുഹറും അസ്വറും നിസ്കരിക്കുമ്പോൾ അസ്വറിന്റെ സമയത്തേക്ക് ളുഹറിനെ പിന്തിപ്പിച്ചുകൊണ്ട് നിസ്കരിക്കുക. മഗ്‌രിബും ഇശാഉം നിസ്കരിക്കുമ്പോൾ ഇശാഇന്റെ സമയത്തേക്ക് മഗ്‌രിബിനെ പിന്തിപ്പിച്ചുകൊണ്ട് നിർവഹിക്കുക. ഈ രണ്ട് രീതികളും പ്രാമാണികമാണ്.

    ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. മുആദ് ബ്നു ജബൽ(റ) പറഞ്ഞു. നബിﷺ തബൂഖ് യുദ്ധത്തിലായിരുന്ന സന്ദർഭത്തിൽ യാത്രക്ക് മുമ്പ് സൂര്യൻ മധ്യത്തിൽ നിന്നും തെറ്റിയിട്ടുണ്ടെങ്കിൽ ളുഹറും അസ്വറും തമ്മിൽ കൂട്ടി നിസ്കരിക്കുമായിരുന്നു. സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പാണ് യാത്ര പുറപ്പെടുന്നതെങ്കിൽ ളുഹറിനെ അസ്വറിലേക്ക് പിന്തിപ്പിച്ച് നിസ്കരിക്കും. മഗ്‌രിബിനും അപ്രകാരംതന്നെ. യാത്രക്ക് മുമ്പാണ് സൂര്യൻ അസ്തമിക്കുന്നതെങ്കിൽ മഗ്‌രിബും ഇശാഉം കൂട്ടി നിസ്കരിക്കുകയും സൂര്യൻ അസ്തമിക്കുന്നതിന് മുമ്പാണ് യാത്ര പുറപ്പെടുന്നതെങ്കിൽ മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിപ്പിച്ച് നിസ്കരിക്കുകയും ചെയ്യുമായിരുന്നു.

    രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കാണ് ഖസ്‌റും ജംഉം അനുവദനീയമാകുന്നത്. രണ്ട് മര്‍ഹല എന്നു പറയുന്നത് ഏകദേശം 132 കിലോമീറ്ററാണ്. മൂന്നു മര്‍ഹലയോ (198 കി.മീ) അതിലധികമോ യാത്ര ചെയ്യുന്നവര്‍ക്ക് ഖസ്‌റാക്കലാണ് ഉത്തമം.

    ദീർഘദൂര യാത്രയായിരിക്കുക, നിർണിതമായ ലക്ഷ്യം ഉണ്ടായിരിക്കുക, കുറ്റകരമായ യാത്ര അല്ലാതിരിക്കുക, യാത്ര തുടങ്ങുന്ന പ്രദേശത്തിന്റെ പരിധി വിട്ടിരിക്കുക, മടങ്ങിയെത്തുമ്പോൾ സ്വന്തം നാടിന്റെ പരിധിയിലേക്ക് പ്രവേശിക്കാതിരിക്കുക തുടങ്ങി നിബന്ധനകൾ പാലിച്ചിരിക്കണം.

    നിസ്കാരം തീരുന്നതുവരെ യാത്രയിലായിരിക്കേണ്ടതും പൂർണ്ണമായി നിസ്കരിക്കുന്ന ആളെ പിന്തുടർന്ന് നിസ്കരിക്കാതിരിക്കേണ്ടതും ഖസ്റാക്കി നിസ്കരിക്കുന്നയാൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

    പിന്തിച്ച് ജംഅ് ആക്കുമ്പോള്‍ ആദ്യ നിസ്‌ക്കാര ശേഷം രണ്ടാം നിസ്‌ക്കാരം എന്ന ക്രമം പാലിക്കേണ്ടതും ഒന്നാം നിസ്‌ക്കാരം കഴിഞ്ഞ ഉടനെ രണ്ടാം നിസ്‌ക്കാരം നിര്‍വ്വഹിക്കലും ആദ്യ നിസ്‌ക്കാരത്തില്‍ പിന്തിച്ചു ജംഅ് ആക്കുന്നു എന്ന കരുതലും സുന്നത്താണ്, നിര്‍ബന്ധമില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...