Tweet 1039

    Tweet 1039
    April 18, 2025 • Friday
    Post Header

    തിരുനബിﷺയുടെ നിസ്കാരത്തെ കുറിച്ച് വായിക്കുമ്പോൾ പ്രധാനപ്പെട്ട ഒരു അധ്യായമാണ് തിരുനബിﷺയുടെ വെള്ളിയാഴ്ച. അബ്ദുല്ലാഹിബ്നു അഹ്മദ് ബിൻ ഹമ്പലും(റ) ഇമാം ഇബ്നുമാജ(റ)യും റിപ്പോർട്ട് ചെയ്യുന്നു. ഉകബതുൽ ഫാകിഹ്(റ) പറഞ്ഞു. വെള്ളിയാഴ്ച ദിവസം തിരുനബിﷺ കുളിക്കുമായിരുന്നു.

    വെള്ളിയാഴ്ച പ്രത്യേക ദിവസമാണെന്ന് പരിഗണിച്ചുകൊണ്ട് നിർദ്ദേശിക്കപ്പെട്ട ഒരു കർമം പോലെ സവിശേഷമായി കുളിക്കും എന്നാണ് ഈ നിവേദനത്തിന്റെ താല്പര്യം.

    വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് നഖം മുറിക്കുകയും മീശ വെട്ടുകയും ചെയ്യുന്നത് തിരുനബിﷺയുടെ പതിവായിരുന്നു. ഇബ്രാഹിം ഇബ്നു ഖുദാമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഇത് ഉദ്ധരിക്കുന്നുണ്ട്.

    കുളി, നഖം മുറിക്കുക, മീശ വെട്ടുക എന്നിവയൊക്കെ സാധാരണ മനുഷ്യരുടെ മാനുഷികമായ കർമങ്ങളിൽ പെട്ടതാണെങ്കിലും, പ്രത്യേകദിവസം പ്രത്യേക പരിഗണനയോടെ നിർദ്ദേശിക്കപ്പെട്ട രൂപത്തിലാവണം എന്ന ഒരു ചിട്ട ഇസ്ലാമിനുണ്ട്. ഏതൊരു ചെറിയ കാര്യവും അതിനു സമയവും ചിട്ടയും ഉണ്ടാകുമ്പോഴാണ് വ്യവസ്ഥാപിതം എന്ന് പറയുക. മനുഷ്യജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളെയും പരിഗണിക്കുകയും കൃത്യമായ ചിട്ടയോടെ പരിപാലിക്കുകയും ചെയ്യുന്നു എന്നതാണ് ഇസ്‌ലാമിന്റെ വിശേഷം. ഒരു വ്യക്തിയുടെ കുളിയും നഖം മുറിക്കുന്നതും തുടങ്ങിയുള്ള ചെറുതെന്ന് തോന്നുന്ന കാര്യങ്ങളെ പോലും ഇസ്‌ലാം കൃത്യമായ ഒരു വ്യവസ്ഥയിൽ സംബോധന ചെയ്യുന്നു എന്നതാണ് ഇസ്‌ലാം സംഹിതയുടെ സമഗ്രതയും പൂർണ്ണതയും. ഇത്തരമൊരു വീക്ഷണത്തിലൂടെയാണ് മേൽ നിവേദനങ്ങളെ നാം വായിക്കേണ്ടത്.

    അലി(റ) പറയുന്നു. വെള്ളിയാഴ്ച ദിവസം തിരുനബിﷺ തലപ്പാവ് ധരിക്കുമായിരുന്നു. മിമ്പറിൽ അഥവാ ഖുതുബയ്ക്ക് വേണ്ടി നിർമിക്കപ്പെടുന്ന സവിശേഷമായ ഉയർന്ന സ്ഥലത്ത് കയറിയാൽ ജനങ്ങളെ അഭിസംബോധന ചെയ്ത് അഭിവാദ്യം അറിയിച്ചു സലാം ചൊല്ലുമായിരുന്നു. വടി അല്ലെങ്കിൽ തത്തുല്യമായത് കയ്യിൽ കരുതുകയും മിമ്പറിൽ ഊന്നി നിൽക്കുകയും ചെയ്യും.

    വെള്ളിയാഴ്ച ദിവസം കറുത്ത തലപ്പാവ് ധരിച്ചു തിരുനബിﷺ ഖുതുബ നിർവഹിച്ച രംഗം അംറുബിനു ഹുറൈസി(റ)ൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നുണ്ട്. ചുമലുകൾക്കിടയിലൂടെ തിരുനബിﷺയുടെ തലപ്പാവിന്റെ വാല് ഞാൻ നോക്കുന്നത് പോലെ ഇരിക്കുന്നു എന്ന് അംറ് ബിൻ ഉമയ്യ(റ) അവതരിപ്പിക്കുന്നത് ഇമാം നസാഈ(റ) ഉദ്ധരിക്കുന്നുണ്ട്. വെള്ളിയാഴ്ച ദിവസം പ്രത്യേകം അണിയുന്നതിന് വേണ്ടി രണ്ടു വസ്ത്രങ്ങൾ തിരുനബിﷺ കരുതിയിരുന്നു എന്നും ജുമുഅ കഴിഞ്ഞാൽ അത് മടക്കി സൂക്ഷിക്കുമായിരുന്നു എന്നും മഹതി ആഇശ(റ) പറയുന്നു. തലപ്പാവണിയാത്ത ഒരു വെള്ളിയാഴ്ച ദിവസം തിരുനബിﷺക്ക് ഉണ്ടായിരുന്നില്ല എന്ന് മഹാനായ അബൂബക്കർ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. ചിട്ടയൊത്ത തലപ്പാവ് ഉണ്ടായിരുന്നില്ലെങ്കിൽ രണ്ടു തുണി കഷ്ണങ്ങൾ ചേർത്തുവച്ചെങ്കിലും തലപ്പാവായി ഉപയോഗിക്കുമായിരുന്നു.

    വെള്ളിയാഴ്ച രാവും പകലുമുള്ള നിസ്കാരങ്ങളിൽ പ്രത്യേകമായ സൂറത്തുകൾ പരിഗണിച്ച് പാരായണം ചെയ്യാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാവ് മഗ്‌രിബ് നിസ്കരിക്കുമ്പോൾ അല് കാഫിറൂൻ, അൽ ഇഖ്ലാസ് എന്നീ അധ്യായങ്ങളായിരുന്നു പാരായണം ചെയ്തിരുന്നത്. വെള്ളിയാഴ്ച്ച രാത്രി ഇശാഅ് നിസ്കാരത്തിൽ അല് ജുമുഅഃ അല് മുനാഫിഖൂൻ എന്നീ അധ്യയങ്ങളായിരുന്നു പാരായണം ചെയ്തിരുന്നത്.

    ജുമുഅ നിസ്കാരത്തിനു മുമ്പ് നീണ്ട നേരം സുന്നത്ത് നിസ്കരിക്കുകയും ജുമുഅ നിസ്കാരാനന്തരം വീട്ടിലേക്ക് മടങ്ങിയെത്തി രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുകയും ചെയ്തിരുന്നു. ഈ നിവേദനം അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നുണ്ട്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...