
തിരുനബിﷺ നിർവഹിച്ചു കാണിച്ചുതന്ന മറ്റൊരു സുജൂദാണ് തിലാവത്തിന്റെ സുജൂദ്. ‘തിലാവത്ത്’ എന്ന പദത്തിന് ‘പാരായണം’ എന്നാണർഥം. പാരായണത്തിന്റെ സുജൂദിന് ‘സുജൂദുത്തിലാവത്ത്’ എന്നു പറയുന്നു. വിശുദ്ധ ഖുര്‍ആനില്‍ ‘സജദഃ’യുടെ സവിശേഷമായ ചില ആയത്തുകളുണ്ട്. പ്രസ്തുത സൂക്തങ്ങൾ ഓതുമ്പോഴും കേള്‍ക്കുമ്പോഴും സുജൂദ് ചെയ്യല്‍ സുന്നത്താണ്. നിസ്ക്കാരത്തിലാണെങ്കിലും അല്ലെങ്കിലും സുജൂദ് നിർവഹിക്കണം. എന്നാല്‍, ഇമാം പാരായണത്തിന് സുജൂദ് ചെയ്യുന്നില്ലെങ്കില്‍ മഅ്‌മൂമിന് അത് ചെയ്യാന്‍ പാടില്ല. ഇമാം സുജൂദ് ചെയ്യുന്നുണ്ടെങ്കില്‍ മഅ്‌മൂമിന് അതു ചെയ്യാതിരിക്കാനും നിവൃത്തിയില്ല. ഈ സുജൂദ് ഒന്നേയുള്ളൂ. നിസ്ക്കരിക്കുന്നയാള്‍ സജദഃയുടെ ആയത്ത് ഓതിയാല്‍ ഉടനെ തക്‌ബീര്‍ ചൊല്ലിക്കൊണ്ട് സുജൂദിലേക്ക് പോവുക. സുജൂദില്‍ നാം പതിവായി ചൊല്ലാറുള്ള ദിക്‌റുകള്‍ ചൊല്ലുക. പിന്നീട് തക്‌ബീര്‍ ചൊല്ലിക്കൊണ്ടു തന്നെ സുജൂദില്‍നിന്ന് ഉയരുകയും ഖുര്‍ആന്‍ പാരായണം തുടരുകയും ചെയ്യുക.
നിസ്ക്കാരത്തിലല്ലാതെ ഒരാള്‍ സജഃദയുടെ ആയത്ത് ഓതുകയോ ഓതുന്നത് കേള്‍ക്കുകയോ ചെയ്താല്‍, ആയത്ത് ഓതിയ ഉടനെ തക്‌ബീറതുല്‍ ഇഹ്‌റാം ചൊല്ലുക. പിന്നീട് സുജൂദ് ചെയ്യുക. സുജൂദില്‍ നിന്ന് എഴുന്നേറ്റിരുന്നുകൊണ്ട് തന്നെ സലാം വീട്ടുകയും ചെയ്യുക. എന്നാല്‍, മറ്റൊരാള്‍ ഓതുന്നത് കേട്ട് നിസ്ക്കരിക്കുന്നവര്‍ സുജൂദ് ചെയ്യാന്‍ പാടില്ല. ഖുര്‍ആനില്‍ സജദഃയുടെ പതിനാല് ആയത്തുകളാണുള്ളത്.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ സഈദ് അൽ ഖുദരി(റ) പറഞ്ഞു. തിരുനബിﷺ ഒരിക്കൽ മിമ്പറിൽ വച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ സ്വാദ് അദ്ധ്യായം പാരായണം ചെയ്തു. സജദയുടെ സൂക്തം എത്തിയപ്പോൾ താഴേക്കിറങ്ങി സുജൂദ് ചെയ്തു. അത് കണ്ട സദസ്സിലുള്ളവരും സുജൂദ് നിർവഹിച്ചു. മറ്റൊരിക്കൽ തിരുനബിﷺ സജദയുടെ സൂക്തം ഓതിയപ്പോൾ അശ്രദ്ധരായിരുന്ന സദസ്സിനെ ഉണർത്തുകയും നബിﷺയും സദസ്സും സുജൂദ് ചെയ്യുകയും ചെയ്തു.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഒരുദ്ധരണിയിൽ ഇങ്ങനെ കാണാം. അബൂ സഈദ്(റ) പറഞ്ഞു. അദ്ദേഹം ഒരു സ്വപ്നം കണ്ടുവത്രെ. സ്വാദ് അദ്ധ്യായം പകർത്തിക്കൊണ്ടിരുന്നപ്പോൾ സജദയുടെ ആയത്ത് എത്തിയപ്പോൾ പേനയും മഷിക്കുപ്പിയും എല്ലാം സാഷ്ടാംഗം ചെയ്യുന്നു. ഇക്കാര്യം തിരുനബിﷺയോട് പങ്കുവെക്കുകയും ചെയ്തു. പിന്നീട് എല്ലായിപ്പോഴും സ്വാദ് അദ്ധ്യായം പാരായണം ചെയ്യുമ്പോൾ സജദയുടെ സൂക്തം എത്തിയാൽ സുജൂദ് മുടക്കാറുണ്ടായിരുന്നില്ല.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബൂ സഈദ് അൽഖുദരി(റ) പറഞ്ഞു. ഞാൻ ഒരു സ്വപ്നം ദർശിച്ചു. ഞാൻ ഒരു മരച്ചുവട്ടിലാണ്. മരം വിശുദ്ധ ഖുർആനിലെ സൂറത്ത് സ്വാദ് പാരായണം ചെയ്യുന്നു. സജദയുടെ സൂക്തം എത്തിയപ്പോൾ മരം സുജൂദ് ചെയ്തു. മരം സുജൂദിൽ ഇങ്ങനെ ചൊല്ലുന്നുണ്ട്. അല്ലാഹുവേ എനിക്ക് പാപങ്ങൾ പൊറുത്തു തരേണമേ. കുറ്റങ്ങൾ മായിച്ചു തരേണമേ. എന്നെ നന്ദിയുള്ളവൻ ആക്കേണമേ. ദാവൂദ് നബി(അ)യുടെ സുജൂദിനെ സ്വീകരിച്ചതുപോലെ എൻ്റെ സാഷ്ടാംഗത്തേയും സ്വീകരിക്കേണമേ. മരത്തിന്റെ സുജൂദിന്റെ കാര്യം ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു. അപ്പോൾ നബിﷺ എന്നോട് ചോദിച്ചു. അല്ലയോ അബൂ സഈദ്(റ), നിങ്ങൾ സുജൂദ് ചെയ്തുവോ? ഞാൻ പറഞ്ഞു ഇല്ല. ആ മരത്തെക്കാൾ സുജൂദ് ചെയ്യാൻ കടമപ്പെട്ട ആളാണല്ലോ നിങ്ങൾ. ശേഷം, നബിﷺ സ്വാദ് അദ്ധ്യായം പാരായണം ചെയ്തു. സുജൂദിന്റെ ആയത്ത് എത്തിയപ്പോൾ സുജൂദ് നിർവഹിച്ചു. മരം ചൊല്ലിയതായി സ്വപ്നത്തിൽ ഞാൻ കേട്ട പ്രാർഥനാ വാചകങ്ങൾ തന്നെ തിരുനബിﷺ സുജൂദിൽ ചൊല്ലി.
മരങ്ങളുടെ തസ്ബീഹിനെക്കുറിച്ച് നാം അത്ഭുതപ്പെടേണ്ടതില്ല. ലോകത്തുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നു എന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തിയതാണല്ലോ! നബിﷺക്ക് സലാം ചൊല്ലിയ മരങ്ങളെക്കുറിച്ചും കല്ലുകളെ കുറിച്ചും നാം വായിച്ചു പോയിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
