
തിരുനബിﷺയും നിസ്കാരവും എന്ന അധ്യായത്തിലെ അനുബന്ധമായ ചില സന്ദർഭങ്ങളെയാണ് നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നത്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. സെയ്ദു ബിനു സാബിത്(റ) പറഞ്ഞു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം ജമാഅത് നിസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടി നടന്നുപോയി. അവിടുത്തെ കാൽ ചുവടുകൾ അടുത്തടുത്താണ് വെച്ചിരുന്നത്. അഥവാ കാലുവലിച്ച് ധൃതിയിൽ നടന്നിരുന്നില്ല. അപ്പോൾ എന്നോട് ചോദിച്ചു. ഞാനെന്തുകൊണ്ടാണ് ഇങ്ങനെ ചുവടുകൾ അടുപ്പിച്ചു വച്ച് നടക്കുന്നത് എന്നറിയാമോ? ഞാൻ പറഞ്ഞു. അല്ലാഹുവിനും അവന്റെ തിരുദൂതനുംﷺ ആണ് അറിയുക. നിസ്കാരത്തിനു വേണ്ടി നടന്നു പോകുന്ന ഒരാൾ നിസ്കാരത്തിലായിരിക്കെ ലഭിക്കുന്ന പ്രതിഫലത്തിന് അർഹനാണ്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ നടക്കുന്നത് എന്ന് സാരം. മറ്റൊരു നിവേദനപ്രകാരം ഇങ്ങനെയാണ്. നിസ്കാരത്തിലേക്കുള്ള ഓരോ ചുവടുകളും അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെടാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ നടക്കുന്നത്. സ്റ്റെപ്പുകൾ അടുപ്പിച്ചു വെക്കുമ്പോൾ ചുവടുകളുടെ എണ്ണം കൂടുമല്ലോ!
നിസ്കാരവും അതിനുവേണ്ടി ഒരുങ്ങുന്നതും അതിനുവേണ്ടി സഞ്ചരിക്കുന്നതും അതുമായി ബന്ധപ്പെട്ട എന്തും ഏതും മഹത്വമുള്ളതാണ് എന്ന് പഠിപ്പിക്കാൻ ഇതിലേറെ അധ്യാപനങ്ങളുടെ ആവശ്യമില്ല.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബീ ഔഫ്(റ) പറഞ്ഞു. തിരുനബിﷺ ളുഹർ നിസ്കാരം അഥവാ മധ്യാഹ്ന നിസ്കാരത്തിലെ ഒന്നാമത്തെ റക്അത്തിൽ നിർത്തത്തിന്റെ ദൈർഘ്യം വർദ്ധിപ്പിച്ചിരുന്നു.
സാലിം ബിൻ അബീ ഉമയ്യ(റ) പറഞ്ഞതായി ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ജമാഅത്തായി നിസ്കരിക്കാൻ വേണ്ടി കാത്തിരിക്കുമ്പോൾ ആളുകളുടെ എണ്ണം വർദ്ധിക്കാൻ വേണ്ടി പ്രത്യേകം പ്രതീക്ഷിക്കുമായിരുന്നു. കുറഞ്ഞ ആളുകളെ ഉള്ളൂ എങ്കിൽ കൂടുതൽ ആളുകൾ എത്താൻ വേണ്ടിയുള്ള അല്പസമയം അവിടെ കാത്തിരിക്കും.
ആളുകളുടെ എണ്ണം കൂടുതലുള്ള ജമാഅത്തിന് മൂല്യം കൂടുതലുണ്ട് എന്ന് പഠിപ്പിക്കുകയാണ്. സംഘടിതമായ നിസ്കാരം ലോകത്തിനു മുമ്പിൽ സമർപ്പിക്കുന്ന ഒരു സംഘബോധം വേറെ ഒരു ദർശനത്തിനും കാണാനാവാത്ത വിധമുള്ള സൗകുമാര്യതകൾ നിറഞ്ഞതാണ്.
ചില സന്ദർഭങ്ങളിൽ തിരുനബിﷺ ശിഷ്യന്മാരായ സ്വഹാബികൾക്ക് പിന്നിൽ നിന്ന് നിസ്കരിച്ചിട്ടുണ്ട്. അവരിൽ പ്രധാനപ്പെട്ടവരെ നാം നേരത്തെ എണ്ണി പോയിട്ടുമുണ്ട്. അത്തരമൊരു സംഭവത്തിലേക്ക് വിരൽ ചൂണ്ടുന്ന നിവേദനം ഇങ്ങനെയാണ്. ഇമാം മാലികും(റ) അഹ്മദും(റ) നിവേദനം ചെയ്യുന്നു. മുഗീറത്തുബിന് ശുഅ്ബ(റ) പറയുന്നു. അദ്ദേഹം തിരുനബിﷺയോടൊപ്പം തബൂഖ് യുദ്ധത്തിൽ സംബന്ധിച്ചപ്പോൾ തിരുനബിﷺക്ക് പ്രാഥമികാവശ്യ നിർവഹണത്തിനുള്ള വെള്ളവും കൊണ്ട് കൂടെ ചെന്നു. അംഗസ്നാനം ഒക്കെ നിർവഹിച്ച് നബിﷺയോടൊപ്പം തിരിച്ചു വന്നപ്പോൾ. സ്വഹാബികളുടെ ജമാഅത്ത് സുജൂദിൽ എത്തിയിരുന്നു. അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) ആയിരുന്നു ഇമാമായി ഉണ്ടായിരുന്നത്. തിരുനബിﷺയുടെ ആഗമനമറിഞ്ഞപ്പോൾ അദ്ദേഹം പിൻവാങ്ങാൻ ശ്രമിച്ചു. അവിടെത്തന്നെ തുടരാനും നിസ്കാരം പൂർത്തിയാക്കാനും തിരുനബിﷺ ആംഗ്യം കാണിച്ചു. അദ്ദേഹം തന്നെ ഇമാമായി നിസ്കാരം പൂർത്തീകരിച്ചു.
അനുയായികളുടെ പിന്നിൽ നിന്ന് നിസ്കരിക്കുന്നതിൽ തിരുനബിﷺ പുലർത്തിയ താഴ്മയും നിസ്കാരത്തിന്റെ ജമാഅത്തിനോട് കാണിക്കേണ്ട ബഹുമാനവും പാലിക്കേണ്ട ചിട്ടകളും വളരെ മനോഹരമായി അവിടുന്ന് ആവിഷ്കരിക്കുകയായിരുന്നു. ഇസ്ലാമിനെയും ഇസ്ലാമിക ദർശനങ്ങളെയും മനോഹരമായ ഒരു ജീവിതമായി അവതരിപ്പിച്ചു എന്നതാണ് ഇസ്‌ലാം വ്യവസ്ഥിതിയുടെ സമ്പൂർണ്ണതയുടെ അടിസ്ഥാനം. മറ്റെല്ലാ ദർശനങ്ങൾക്കും മത വീക്ഷണങ്ങൾക്കും ഗ്രന്ഥങ്ങളോ സിദ്ധാന്തങ്ങളോ ഉണ്ടാവാം. എന്നാൽ ആവിഷ്കരിക്കപ്പെട്ട സമ്പൂർണ്ണമായ ഒരു ജീവിതത്തെ പകർത്താനോ വായിക്കാനോ അവിടെ ഉണ്ടാവില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
