
ദൈനംദിനം നടക്കുന്ന ഒരു പ്രക്രിയയാണ് സംഘടിതമായ നിസ്കാരമെങ്കിലും പട്ടാള ചിട്ടയെ വെല്ലുന്ന ക്രമീകരണങ്ങളും നിയമ നിർദ്ദേശങ്ങളും നിസ്കാരത്തിലുണ്ട്. ഒരാൾ ഇമാമായും മറ്റൊരാൾ മാത്രം മഅ്മൂമായും നിസ്കരിക്കുമ്പോൾ ഇമാമിന്റെ നേരെ പിന്നിലോ ഇടതുഭാഗത്തോ നിൽക്കുന്നതിനു പകരം വലതുഭാഗത്ത് അല്പം പിന്നിലായി നിൽക്കുകയാണ് വേണ്ടത്. നിർദ്ദേശിക്കപ്പെട്ട ഈ രീതിയിൽ നിന്ന് വ്യത്യസ്തമായി നിർവഹിച്ചാൽ, അനുഭാവപൂർവം അദ്ദേഹത്തെ നിർദിഷ്ട രീതിയിൽ കൊണ്ടുവരിക എന്നത് പ്രവാചകനുംﷺ പ്രേരിപ്പിക്കുകയും നിർവഹിക്കുകയും ചെയ്ത കാര്യമാണ്.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം നിസ്കരിക്കുമ്പോൾ ഇടതുഭാഗത്ത് ചേർന്ന് നിന്നു. എൻ്റെ ശിരസ്സിൽ പിടിച്ച് പിൻഭാഗത്ത് കൂടി വലതു ഭാഗത്തേക്ക് തിരുനബിﷺ എന്നെ ചേർത്തു നിർത്തി.
നിർദ്ദേശിച്ചു നിർവഹിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പ്രായോഗികമായി തന്നെ തിരുനബിﷺ അത് ഏറ്റെടുക്കുകയായിരുന്നു എന്ന് സാരം.
ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. ജാബിർ ബിൻ അബ്ദുല്ലാഹ് (റ) പറഞ്ഞു. ഒരു യാത്രയ്ക്കിടയിൽ ഞാൻ തിരുനബിﷺയോടൊപ്പം നിസ്കരിക്കാൻ നിന്നു. നബിﷺയുടെ ഇടതുഭാഗത്ത് ചേർന്നാണ് ഞാൻ നിന്നിരുന്നത്. തിരുനബിﷺ എൻ്റെ കയ്യിൽ പിടിച്ചു പിൻഭാഗത്ത് കൂടി വലയം ചെയ്തു വലതുഭാഗത്ത് ചേർത്തു നിർത്തി.
ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. ജാബിർ ബിനു സഖ്ർ(റ) പറഞ്ഞു. ഒരിക്കൽ മക്കയിലേക്കുള്ള വഴിയിൽ ഞാൻ തിരുനബിﷺക്കൊപ്പമുണ്ടായിരുന്നു. യാത്രാമധ്യേ തിരുനബിﷺ വെള്ളപ്പാത്രവുമെടുത്ത് തിരുനബിﷺയോടൊപ്പം ചെല്ലാൻ പറഞ്ഞു. ഞാൻ വെള്ളപ്പാത്രവുമായി നബിﷺയെ പിന്തുടർന്നു. നബിﷺ ആ വെള്ളം ഉപയോഗിച്ച് വുളൂഅ് നിർവഹിച്ചു. ഏറ്റവും പരിപൂർണ്ണമായ വുളൂഅ്. ഞാനും അതുപ്രകാരം തന്നെ അനുകരിച്ചു. ശേഷം, നബിﷺ നിസ്കരിക്കാൻ നിന്നപ്പോൾ നബിﷺയുടെ ഇടതുഭാഗത്ത് പോയി ഞാൻ നബിﷺയെ തുടർന്നു. അവിടുന്ന് എന്റെ കൈപിടിച്ച് വലതുഭാഗത്തേക്ക് കൊണ്ടു നിർത്തിയിട്ട് നിസ്കാരം ആരംഭിച്ചു.
വലതുഭാഗത്ത് ചേർത്തുനിർത്തി നിസ്കരിച്ച അനുഭവം അനസുബ്നു മാലികി(റ)നും പറയാനുണ്ട്.
അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. തിരുനബിﷺ ഒരിക്കൽ ഒറ്റ വസ്ത്രം അണിഞ്ഞു കൊണ്ട് നിസ്കരിക്കുകയായിരുന്നു. ഞാനും നബിﷺയോടൊപ്പം ചേർന്ന് ഇടതുഭാഗത്തു നിന്നു. നബിﷺ എന്നെ വലയം ചെയ്യിച്ച് വലതുഭാഗത്തേക്ക് ചേർത്ത് നിർത്തി.
എല്ലാ നല്ല കാര്യങ്ങളിലും വലതുഭാഗത്തിന് പ്രാധാന്യം നൽകുക എന്നത് നബിﷺയുടെ പ്രത്യേക ചിട്ടയാണ്. സംഘമായി നിസ്കരിക്കുമ്പോൾ ഒരാൾ മുന്നിൽ ഇമാമായും മറ്റുള്ളവർ പിന്നിൽ അനുകരിക്കുന്നവരായും നിൽക്കുക എന്നത് പ്രത്യേകമായ ഒരു സംവിധാനമാണ്. കേവലം സംഘമായി നിസ്കരിക്കുക എന്നതിനപ്പുറം നയിക്കുന്ന ആളും നയിക്കപ്പെടുന്ന ആളുകളും പരസ്പരം പാലിച്ചിരിക്കേണ്ട നിരവധി ചിട്ടകളും മര്യാദകളുമുണ്ട്. അത് പാലിക്കപ്പെടുമ്പോൾ മാത്രമാണ് സംഘമായി നിസ്കരിച്ചതിന്റെ പ്രതിഫലം ലഭിക്കുക. ചിലപ്പോൾ ആ നിസ്കാരം തന്നെ സ്വീകരിക്കപ്പെടുന്നത് പ്രസ്തുത ചിട്ടകളുടെ അടിസ്ഥാനത്തിലായിരിക്കും.
ഇത്രയും ശാസ്ത്രീയമായ ഒരു സംഘടനാ രീതി നിരന്തരമായി ഒരു സമൂഹത്തിൽ പാലിക്കപ്പെടുന്നു എന്നത് ഇഴപിരിച്ചു പഠിക്കുമ്പോഴാണ് അതിന്റെ ആശ്ചര്യം വ്യക്തമാവുക. ഒരു സംഘത്തിന്റെയും സംഘാടനത്തിന്റെയും പ്രാഥമികവും സമഗ്രവുമായ എല്ലാ തലങ്ങളെയും ഈ സംഘമായുള്ള നിസ്കാരം നമുക്ക് പകർന്നു തരുന്നുണ്ട്. ഇമാമത് നിർവഹിക്കുന്നതിന് പ്രത്യേകമായ യോഗ്യതകൾ ഉണ്ടായിരിക്കണം. അവ മുഴുവനും ആരാധനയുമായി ബന്ധപ്പെട്ട യോഗ്യതകളാണ്. കുടുംബം, തറവാട്, നിറം, രാജ്യം ഇതൊന്നും അവിടെ പരിഗണനീയമല്ല. ആരാധനയുടെ ആത്മാവുമായി ബന്ധപ്പെട്ട മൂല്യങ്ങളോട് ചേർന്ന് നിൽക്കുന്ന ഗുണങ്ങളെയാണ് പരിഗണിക്കപ്പെടുക.
ഒരു സംഹിതയോ പ്രമാണമോ മുന്നിൽ വച്ചുകൊണ്ടുള്ള സംഘാടനങ്ങളിൽ പരിഗണനാക്രമങ്ങൾ എങ്ങനെയായിരിക്കണം എന്ന് പഠിപ്പിക്കുന്ന ഒരു മഹത്തായ അധ്യാപനം കൂടിയാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
