
ഫർള് നിസ്കാരങ്ങൾ ജമാഅത്തായി നിസ്കരിക്കുന്നതിൽ തിരുനബിﷺ വളരെ കണിശത കാണിച്ചിരുന്നു. ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ സംഘമായി നിസ്കരിക്കുന്നതിൽ 27 ഇരട്ടി പ്രതിഫലമുണ്ട് എന്നാണ് അവിടുത്തെ അധ്യാപനം. എപ്പോഴെങ്കിലും ജമാഅത്തിന്റെ സമയം കഴിഞ്ഞിട്ടാണ് തിരുനബിﷺ എത്തുന്നതെങ്കിൽ പ്രത്യേകമായി ജമാഅത്ത് സംഘടിപ്പിച്ച് നിസ്കരിക്കുമായിരുന്നു. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബൂബക്കർ (റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ മദീനയുടെ ഒരു പ്രവിശ്യയിൽ നിന്ന് വരികയായിരുന്നു. അപ്പോഴേക്കും പള്ളിയിലുള്ള എല്ലാവരും നിസ്കരിച്ചു കഴിഞ്ഞു. ഉടനെ വീട്ടിലേക്ക് പോയി വീട്ടുകാരെ ഒരുമിച്ചുകൂട്ടി ജമാഅത്തായി നിസ്കരിച്ചു.
ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്നു. അബൂ സഈദ് അൽഖുദരി(റ) പറഞ്ഞു. തിരുനബിﷺയുടെ നിസ്കാരം കഴിഞ്ഞപ്പോൾ ഒരാൾ നിസ്കരിക്കാൻ പള്ളിയിലേക്ക് വന്നു. അപ്പോൾ നബിﷺ മറ്റുള്ളവരോട് ചോദിച്ചു. ഇദ്ദേഹത്തോട് വ്യാപാരം നടത്താൻ ആരാണുള്ളത്? അപ്പോൾ ഒരാൾ വന്നു. അദ്ദേഹത്തോടൊപ്പം നിസ്കരിച്ചു.
ആത്മീയമായി പ്രതിഫലം ലഭിക്കുന്ന പുണ്യകർമത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഒറ്റയ്ക്ക് നിസ്കരിക്കാൻ നിൽക്കുന്ന ആൾക്ക് കൂട്ടിന് ഒരാളെ ചേർത്തു കൊടുക്കാനുള്ള ജാഗ്രതയും ശ്രദ്ധയും ജമാഅത്തായി നിസ്കരിക്കുന്നതിന്റെ പ്രാധാന്യം പഠിപ്പിക്കുകയാണ്. സമാനമായ ഒരു രംഗം അനസുബ്നു മാലികും(റ) നിവേദനം ചെയ്യുന്നുണ്ട്.
ജമാഅത്തായി നിസ്കരിക്കുമ്പോൾ നേതൃത്വം കൊടുക്കുന്ന ആളും പിൻപറ്റുന്ന ആളും പാലിക്കേണ്ട നിബന്ധനകളും ചിട്ടകളും ഇസ്ലാമിക കർമശാസ്ത്രത്തിലെ വലിയ ഒരു അധ്യായമാണ്. അതിശാസ്ത്രീയമായ ഒരു സംഘാടനത്തിന്റെ അത്ഭുതകരമായ ഒരു പ്രയോഗം ലോകത്ത് മുഴുവനും അഞ്ചുനേരം മുടങ്ങാതെ നടന്നുകൊണ്ടിരിക്കുന്നു. ഇത്ര വിസ്മയകരമായ ഒരു കർമസാക്ഷ്യത്തെ അടയാളപ്പെടുത്താൻ ലോകത്ത് ഒരു ദർശനത്തിനും സാധിച്ചിട്ടില്ല. മനുഷ്യൻ പരസ്പരം പോരടിക്കാൻ മാനദണ്ഡമാക്കുന്ന ഒരു വൈജാത്യങ്ങളെയും ഇസ്ലാം ഇവിടെ പരിഗണിക്കുകയേ ചെയ്യുന്നില്ല.
ഉടമയായ മുതലാളിക്ക് മുന്നിൽ അടിമയായ തൊഴിലാളിക്ക് ഇമാമായി നിൽക്കാം. നിസ്കാരത്തിന്റെ പൂർത്തീകരണം ഉണ്ടാകുന്നതുവരെ അടിമയായ ഇമാമിനെ പരിഗണിക്കുകയും അദ്ദേഹത്തോട് ആവശ്യമായ പ്രോട്ടോക്കോളുകൾ പാലിക്കുകയും ചെയ്യുക മുതലാളിക്കും നിർബന്ധമാണ്. ഒരു രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യൻ ഇമാമായി നിസ്കരിക്കുമ്പോൾ രാജ്യത്തെ ഭരണാധികാരി തന്നെ പിന്നിൽ വന്ന് അദ്ദേഹത്തെ തുടർന്നു നിസ്കരിക്കുന്നുണ്ടായേക്കാം. ഏറ്റവും വിരൂപിയായ മനുഷ്യന്റെ പിന്നിൽ ഇമാമിന്റെ ചലനങ്ങളെ സസൂക്ഷ്മം അനുകരിച്ചുകൊണ്ട് ആ രാജ്യത്തെ അതീവ സുന്ദരനായ മനുഷ്യൻ പിന്തുടരുന്നുണ്ടാവാം. ഇങ്ങനെ എല്ലാ വൈജാത്യങ്ങളെയും നിഷ്പ്രഭമാക്കുന്ന അത്ഭുതകരമായ മനുഷ്യ സംവേദനത്തിന്റെയും സമ്പർക്കത്തിന്റെയും തുല്യതയില്ലാത്ത ആവിഷ്കാരമാണ് സംഘടിത നിസ്കാരം.
അല്ലാഹുവിന്റെ മുമ്പിൽ നമ്മളെല്ലാവരും അടിമകൾ എന്ന തുല്യതയിൽ നിന്നുകൊണ്ടാണ് കറുത്തവൻ, വെളുത്തവൻ, സമ്പന്നൻ, ദരിദ്രൻ, ഭരണാധികാരി, ഭരണീയൻ, പിതാവ്, മകൻ, പണ്ഡിതൻ, പാമരൻ എന്നീ വ്യത്യാസങ്ങൾ മുഴുവനും മാറ്റിവെച്ചുകൊണ്ട് ഒരേ ദിശയിലേക്ക് ഒരേ ചിട്ടയിൽ ആത്മീയമായ ഒരു ഒഴുക്കും ശാരീരികമായ വഴക്കങ്ങളും അടയാളപ്പെടുത്തുന്നത്. ഒരു പ്രദേശത്തെ മുഴുവൻ സത്യവിശ്വാസികളും ഓരോ ദിവസവും അഞ്ചുതവണ ഈ വൈവിധ്യങ്ങളെ മറന്നു ഒത്തുകൂടുന്നുണ്ട്. വൈരാഗ്യങ്ങളെ മാറ്റിവെച്ച് ഒരേ ചിട്ടയിൽ ചലിക്കുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
