Tweet 1018

    Tweet 1018
    March 28, 2025 • Friday
    Post Header

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. സൂറത്തുന്നസ്ർ അവതരിച്ചതിനുശേഷം എല്ലാ നിസ്കാരത്തിനും തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു. സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബി ഹംദിക് അല്ലാഹുമ്മഗ്ഫിർലീ… അല്ലാഹുവേ നിന്റെ മഹത്വത്തെ ഞാൻ വാഴ്ത്തുന്നു. നീ എനിക്ക് പൊറുത്തു തരേണമേ!

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ബനൂ കിനാനയിൽ പെട്ട ഒരു വ്യക്തി പറഞ്ഞു. മക്കാ വിജയ വർഷം ഞാൻ തിരുനബിﷺയുടെ പിന്നിൽ നിസ്കരിച്ചു. അല്ലാഹുവേ പരലോകത്ത് നീയെന്നെ പരാജയപ്പെടുത്തരുതേ എന്ന് അവിടുന്ന് പ്രാർഥിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ്(റ) തന്നെ നിവേദനം ചെയ്യുന്നു. അൻസ്വാരികളിലെ ഒരു വ്യക്തി പറഞ്ഞു. അല്ലാഹുവേ എനിക്ക് പൊറുത്തു തരണമേ! പശ്ചാത്താപം സ്വീകരിക്കേണമേ! നീയാണല്ലോ ഏറ്റവും കൂടുതൽ പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും. എന്നിങ്ങനെ 100 പ്രാവശ്യം തിരുനബിﷺ നിസ്കാരത്തിൽ പറയുമായിരുന്നു.

    ദീനിൽ സുരക്ഷയും വിഭവങ്ങളിൽ വിശാലതയും തേടുന്ന പ്രാർഥനകൾ നിസ്കാരത്തിൽ തിരുനബിﷺ നിർവഹിച്ചിരുന്നതായി പ്രമുഖ സ്വഹാബി അബൂമൂസൽ അശ്അരി(റ) പറഞ്ഞിരുന്നതായി ഇമാം അഹ്മദ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

    ജിബ്‌രീലി(അ)ന്റെയും മീകാഈലി(അ)ന്റെയും മുഹമ്മദ് നബിﷺയുടെയും സ്രഷ്ടാവായ അല്ലാഹുവേ എന്നെ നരകത്തിൽ നിന്ന് നീ കാത്തുരക്ഷിക്കേണമേ എന്നിങ്ങനെ ആശയമുള്ള പ്രാർഥന തിരുനബിﷺ നിസ്കാരത്തിൽ നിർവഹിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു എന്ന് അബുൽ മലിഹ് ബിൻ ഉസാമ(റ) അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നുണ്ട്.

    നിസ്കാരം പൂർണമാകുന്ന നേരത്ത് സലാം വീട്ടുമ്പോൾ അവിടുത്തെ കവിൾത്തടത്തിന്റെ പ്രകാശം പിന്നിലുള്ളവർക്ക് കാണാവുന്ന വിധത്തിൽ വലത്തോട്ട് പിരടി തിരിക്കുമായിരുന്നു. അത് പ്രകാരം തന്നെ ഇടതുഭാഗത്തേക്കും രണ്ടാമത്തെ സലാം വീട്ടുമ്പോൾ പിരടി തിരിക്കുമായിരുന്നു.

    നാം വായിച്ച നിവേദനങ്ങൾ ഓരോന്നും എപ്രകാരമാണ് ലോകം ഏറ്റെടുത്തത് എന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോഴും അനുഗമിച്ചു വരുന്ന വിശ്വാസി ലോകത്തിന്റെ ജീവിതം വിലയിരുത്തുമ്പോഴും അനുഷ്ഠാനങ്ങളിൽ അവർ പാലിക്കുന്ന ചിട്ടകളെ കുറിച്ച് അവതരിപ്പിക്കുമ്പോഴും നമുക്ക് ബോധ്യമാകും. അനുകരണം എങ്ങനെ നിയമമായി എന്നും അനുഗമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ആൽക്കമി എന്താണെന്നും മനുഷ്യകത്തെ മുഴുവനും ആശ്ചര്യപ്പെടുത്തുന്ന ഒരു പ്രതിഭാസമായി നമുക്ക് വായിക്കാൻ കഴിയും.

    ഇസ്‌ലാമിന്റെ ആത്മസത്തയും അടിസ്ഥാനവും നബി ജീവിതത്തിന്റെ പകർപ്പുകളാവുക എന്നതാണ്. ആ ജീവിതം വ്യക്തമായും ചരിത്രപരമായും പ്രാമാണികമായി സ്ഥിരപ്പെടുമ്പോൾ മാത്രമാണ് ഇത്ര ദീർഘമായ ഒരു കാലത്തും ഇത്ര വിശാലമായ ഒരു അനുവാചക ലോകത്തതും തെളിമായാർന്ന ഒരു ജീവിതം നിലനിൽക്കുകയുള്ളൂ.

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്… അല്ലാഹുവിന്റെ രക്ഷയും സമാധാനവും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്ന് അർഥമുള്ള ഈ പ്രാർഥന നിർവഹിച്ചുകൊണ്ട് വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും മുഖം തിരിക്കുന്നതോടെ നിസ്കാരം പൂർത്തിയാകുന്നു. അല്ലാഹുവുമായുള്ള ആത്മീയ സംഭാഷണത്തിന് വിരാമം കുറിക്കുന്നത് ലോകത്തിനു മുഴുവനും സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർഥിച്ചു കൊണ്ടാണ്. വിസ്മയകരമായ ഒരു പ്രാർഥനയുടെ ഏറെ കൗതുകമാർന്ന ഒരു വിരാമം. ഒരു വ്യക്തി അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുകയും അവനോട് ഹൃദയം കൊണ്ട് ചേരുകയും ചെയ്യുമ്പോൾ അവനിൽ നിന്ന് ലഭിക്കുന്ന ഗുണവും രക്ഷയും ലോകത്തിനു മുഴുവനും സമാധാനത്തിന് കാരണമായി മാറുന്നു. അല്ലാഹുവിന്റെ ഒരു അടിമ അല്ലാഹുവുമായി അടുക്കുംതോറും ലോകത്തോട് മുഴുവൻ നന്മ ചെയ്തു കൊണ്ടേയിരിക്കുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...