Tweet 1016

    Tweet 1016
    March 26, 2025 • Wednesday
    Post Header

    തിരുനബിﷺയുടെ സുജൂദിനെ കുറിച്ചു വായിക്കുമ്പോൾ കൗതുകകരമായ ഒരു അധ്യായം കൂടി നമുക്ക് കടന്നുപോകാനുണ്ട്. ഇമാം അഹ്മദ്(റ), നസാഈ(റ) എന്നിവർ നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബിന് ശദ്ദാദ് ബിൻ അല് ഹാദ്(റ) അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഒരു ദിവസം തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. രാത്രിയോ പകലോ ഉള്ള ഒരു നിസ്കാരത്തിന്റെ സമയത്തായിരുന്നു അത്. തിരുനബിﷺയുടെ ഒപ്പം പേരക്കുട്ടികളിൽ ഒരാളായ ഹസനോ(റ) ഹുസൈനോ(റ) ഉണ്ടായിരുന്നു.

    പേരക്കുട്ടിയെ അടുത്ത് നിർത്തി തിരുനബിﷺ നിസ്കാരത്തിലേക്ക് പ്രവേശിച്ചു. നിസ്കാര മദ്ധ്യേ സുജൂദിലെത്തി. പതിവില്ലാത്ത വിധം സുജൂദിന്റെ സമയം ദീർഘിച്ചു. ഞാൻ മെല്ലെ ശിരസ്സുയർത്തി നോക്കി. അപ്പോഴതാ നബിﷺയുടെ പുറത്തിരിക്കുന്നു പേരക്കുട്ടി. ഞാൻ സുജൂദിലേക്ക് മടങ്ങി. നിസ്കാരാനന്തരം ജനങ്ങൾ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് ഞങ്ങൾക്കൊപ്പം സുജൂദ് നിർവഹിക്കുമ്പോൾ എന്ത് സംഭവിച്ചു. എന്തോ പുതിയ കാര്യം സംഭവിച്ച മാതിരി നീട്ടിയല്ലോ? എന്തെങ്കിലും പറ്റിയിരുന്നുവോ? അതല്ല, അല്ലാഹുവിൽ നിന്നുള്ള വഹ്യ് അഥവാ സന്ദേശം വല്ലതും ലഭിച്ചോ? തിരുനബിﷺ പറഞ്ഞു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എൻ്റെ പേരക്കുട്ടി എൻ്റെ മുകളിൽ വാഹനം കയറിയതാണ്. തിരക്കാക്കിയവനെ മാറ്റാൻ ഞാൻ ആഗ്രഹിച്ചില്ല. കാര്യം കഴിയട്ടെ എന്ന് കരുതി.

    തിരുനബിﷺയിൽ നിറഞ്ഞിരുന്ന കാരുണ്യത്തിന്റെയും മക്കളോടുണ്ടായിരിക്കേണ്ട വാത്സല്യത്തിന്റെയും ആരാധനാകർമങ്ങൾക്കിടയിലും പാലിക്കേണ്ട പരിസരവിചാരങ്ങളുടെയും വായിച്ചും പറഞ്ഞും തീരാനാവാത്ത വലിയ സന്ദേശങ്ങളുടെ ചിത്രീകരണമാണ് നാം ഉദ്ധരിച്ചത്.

    ആത്മീയ വിചാരങ്ങളോടെ ദീർഘനേരം സുജൂദിൽ കിടന്ന രംഗങ്ങളും നാം പരാമർശിച്ചു പോയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഒപ്പം കിടക്കുന്ന നബിﷺയെ കാണാതാകുമ്പോൾ എഴുന്നേറ്റ് നോക്കിയാൽ തിരുനബിﷺ സുജൂദിൽ കിടക്കുന്ന രംഗം കണ്ടിട്ടുണ്ടായിരുന്നു. മഹതി ആഇശ(റ)യുടേതാണ് ഈ പരാമർശം. സുജൂദിൽ ചൊല്ലുന്നത് ശ്രദ്ധിച്ചു നോക്കിയാൽ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുകയും അവന്റെ അധികാരത്തെ പുകഴ്ത്തുകയും ചെയ്യുന്ന വാചകങ്ങളായിരുന്നു ചൊല്ലിക്കൊണ്ടിരുന്നത്.

    എന്നോടൊപ്പം കഴിഞ്ഞ ഒരു രാത്രിയിൽ ഇടയിൽ വെച്ച് ഉണർന്നപ്പോൾ തിരുനബിﷺയെ കാണാതായി. തപ്പിത്തടഞ്ഞു നോക്കിയപ്പോൾ തിരുനബിﷺയുടെ കാലുകളിൽ കൈ തട്ടി. അവിടുന്ന് സുജൂദിൽ കിടന്നു പ്രാർഥിക്കുകയാണ്. അല്ലാഹുവിനോട് മാപ്പിരക്കുകയും ഹൃദയം ചേർത്തുവെച്ച് പ്രാർഥിക്കുകയും ചെയ്യുന്ന ആശ്ചര്യകരമായ വാചകങ്ങളാണ് തിരുനബിﷺ ചൊല്ലിക്കൊണ്ടിരുന്നത്. നിസ്കാരം കഴിഞ്ഞപ്പോൾ ഞാൻ നബിﷺയോട് പറഞ്ഞു. ഞാൻ ഇടയ്ക്ക് ഉണർന്ന് അവിടുത്തെ സാന്നിധ്യം ഇല്ലെന്നറിഞ്ഞപ്പോൾ ചിലത് ചിന്തിച്ചു പോയി. അഥവാ അവിടുന്ന് മറ്റു ഭാര്യമാരുടെ വീട്ടിലേക്ക് പോയോ എന്ന്. അപ്പോൾ നബിﷺ പറഞ്ഞു. ചില ധാരണകൾ ശരിയല്ല. അല്ലാഹുവിനോട് മാപ്പിരന്നോളൂ. എന്നിട്ട് നബിﷺ ഇങ്ങനെ കൂടി വിശദീകരിച്ചു. ഞാനിപ്പോൾ ചൊല്ലി പ്രാർഥിച്ച വാചകങ്ങൾ ചൊല്ലി അല്ലാഹുവിന് സുജൂദ് ചെയ്യാൻ എന്നോട് ജിബിരീൽ(അ) വന്നു സന്ദേശം നൽകി. നിങ്ങളും അതേ വാചകം ചൊല്ലി സുജൂദ് ചെയ്തോളൂ. എന്നാൽ ശിരസ്സുയർത്തുന്നതിനു മുമ്പ് പാപങ്ങൾ പൊറുക്കപ്പെടും.

    മഹതി തന്നെ മറ്റൊരു നിവേദനത്തിൽ പറയുന്നു. ഒരിക്കൽ തിരുനബിﷺ സുജൂദിൽ കിടന്നുകൊണ്ട് പ്രാർഥിച്ച വാചകങ്ങളുടെ ആശയം ഇങ്ങനെയായിരുന്നു. അല്ലാഹുവേ എൻ്റെ ആത്മാവിന് നീ തഖ്‌വ നൽകേണമേ. ആത്മാക്കളുടെ മുഴുവനും അധിപനും ഉടമസ്ഥനുമായ അല്ലാഹുവേ ആത്മാവിനെ സംരക്ഷിക്കാൻ ഏറ്റവും ഉന്നതനും നീ തന്നെയാണ്.

    എൻ്റെ ഉള്ളും ശരീരവും മുഴുവൻ നിന്റെ മുന്നിൽ സുജൂദ് ചെയ്തിരിക്കുന്നു. എൻ്റെ ഹൃദയം നിന്നെ വിശ്വസിക്കുന്നു. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെ ഞാൻ അറിയുന്നു. എൻ്റെ കൈകൾ നിന്നിലേക്ക് സമർപ്പിക്കുകയും ഞാൻ ചെയ്തു പോയതിൽ നിന്നോട് മാപ്പ് തേടുകയും ചെയ്യുന്നു. ഈ ആശയമുള്ള മന്ത്രം ചൊല്ലി സുജൂദിൽ കിടന്ന അനുഭവം അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...