Tweet 1015

    Tweet 1015
    March 25, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ സുജൂദിന്റെ രൂപത്തെക്കുറിച്ച് വിവിധങ്ങളായ നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. സുജൂദിലേക്ക് പോകുമ്പോൾ കാൽമുട്ടുകൾ നിലത്തു വെക്കുന്നതിന് മുമ്പ് കൈപ്പത്തികളായിരുന്നു വെച്ചിരുന്നത് എന്ന ഹദീസ് അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ദാറഖുത്നീ(റ) നിവേദനം ചെയ്തതാണ്. എന്നാലും വാഇൽ ബിനു ഹുജ്റി(റ)ൽ നിന്ന് ഇമാം ദാറഖുത്നി(റ) തന്നെ നിവേദനം ചെയ്തതും ഇമാം തുർമുദി(റ) ഹസ്സൻ ആണെന്ന് പറഞ്ഞതും ആറു ഹദീസ് ഗ്രന്ഥങ്ങളിൽ നാലുപേർ നിവേദനം ചെയ്തതും ഇപ്രകാരമാണ്. വാഇൽ(റ) പറയുന്നു. തിരുനബിﷺ സുജൂദിലേക്ക് വരുമ്പോൾ രണ്ട് കൈകൾക്ക് മുമ്പേ രണ്ട് കാൽമുട്ടുകൾ നിലത്ത് സ്പർശിക്കുമായിരുന്നു. രണ്ട് കൈകൾ നിലത്തു പതിക്കും മുമ്പ് കാൽമുട്ടുകൾ പതിക്കുമായിരുന്നു എന്ന പ്രയോഗമാണ് ഇമാം അബൂദാവൂദ്(റ) ഉപയോഗിച്ചിട്ടുള്ളത്. രണ്ടു കൈകൾക്കിടയിൽ നെറ്റി നിലത്തുചേർത്തു വയ്ക്കുകയും കൈമുട്ടുകള്‍ വിടർത്തി വെക്കുകയും ചെയ്യുമായിരുന്നു.

    അനുഷ്ഠാനപരമായി നാം സ്വീകരിക്കേണ്ട മാർഗത്തെ ഇമാം ശാഫിഈ(റ) വിശദീകരിച്ചത് ഇങ്ങനെയാണ്. നിന്നുകൊണ്ടുതന്നെ തക്ബീർ ആരംഭിക്കുക. സുജൂദിന്റെ സ്ഥാനത്തേക്ക് കുനിയുക. ആദ്യം കാൽമുട്ടുകൾ നിലത്ത് വെക്കുക. പിന്നീട് കൈകളും തുടർന്നു നെറ്റിത്തടവും. കൈകൾക്കു മുമ്പേ നെറ്റിത്തടമോ കാലുകൾക്കു മുമ്പേ കൈകളോ നിലത്ത് വെക്കുന്ന രീതി കറാഹത്താണ്. ഒരുപക്ഷേ അങ്ങനെ ചെയ്തു പോയാൽ മടക്കി നിർവഹിക്കുകയോ പകരമായി മറവിയുടെ സുജൂദ് ചെയ്യുകയോ ആവശ്യമില്ല.

    മദ്ഹബിന്റെ ഇമാമുകൾക്കും ഗവേഷകന്മാരായ പണ്ഡിതന്മാർക്കും ലഭ്യമായ ഹദീസുകൾ മുഴുവൻ വച്ചുകൊണ്ട് അനുഷ്ഠാനപരമായ വീക്ഷണങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. നിവേദനങ്ങൾ മാത്രം വായിച്ചു പോകുമ്പോൾ കർമശാസ്ത്ര വിധികളിൽ മാത്രം ഊന്നി സഞ്ചരിക്കാനാവില്ല. നാം വായിക്കുന്ന ഹദീസുകളിൽ നിന്ന് നേരിട്ട് കർമശാസ്ത്ര വിധികൾ നമുക്ക് കണ്ടെത്താനും കഴിയില്ല. നാം ജീവിതത്തിൽ പകർത്തേണ്ട ചിട്ടകളും ആദാബുകളും ചര്യകളും നിയമങ്ങളും കർമശാസ്ത്ര ഗ്രന്ഥങ്ങളെ അവലംബിച്ചു കൊണ്ടാണ് നാം സ്വീകരിക്കേണ്ടത്.

    ഇമാം അഹ്മദ്(റ), മുസ്ലിം(റ), അബൂദാവൂദ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. മൈമൂന ബീവി(റ) പറഞ്ഞു. തിരുനബിﷺ സുജൂദ് ചെയ്യുമ്പോൾ കക്ഷം വെളിവാകുന്ന വിധത്തിൽ രണ്ട് കൈകളും വിടർത്തി വെക്കുമായിരുന്നു. വേണമെങ്കിൽ ഒരു കുഞ്ഞാടിന് കൈത്തണ്ടയുടെ ഉള്ളിലൂടെ കടന്നുപോകാൻ മാത്രം കൈകൾ ഉയർന്നുനിൽക്കുമായിരുന്നു.

    സുജൂദിൽ കിടക്കുമ്പോൾ നിലത്ത് വച്ചിരിക്കുന്ന കൈകളുടെ വിരലുകൾ നേരെ തന്നെയാവുമുണ്ടാവുക. മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു.

    സുജൂദിൻ്റെ മറയുണ്ടാക്കുന്നതൊന്നും ഉണ്ടാവരുത് എന്ന നിർബന്ധം പാലിച്ചിരുന്നു. നിസ്കരിക്കുന്ന വ്യക്തിയോടൊപ്പം ചലിക്കുന്ന വസ്ത്രതിൻ്റെയോ മറ്റു വസ്തുക്കളുടെയോ മുകളിൽ സുജൂദ് ചെയ്യാതിരിക്കാനും കണിശതയോടുകൂടി ശ്രദ്ധിച്ചിരുന്നു.

    ഇസ്ലാമിലെ കർമശാസ്ത്ര നിയമങ്ങൾ നബി ജീവിതത്തെയും ചലനങ്ങളെയും എത്രമേൽ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടാണ് രൂപപ്പെടുത്തിയത് എന്നറിയാൻ ഇത്തരം ചർച്ചകൾ വളരെ പ്രധാനമാണ്. ലോകത്ത് ഒരു വ്യക്തിയുടെയും ജീവിതത്തിന്റെ ചലനങ്ങളെ ഇത്രമേൽ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവകളിൽ നിന്ന് നിയമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവില്ല. എന്നുമാത്രമല്ല നിയമ രൂപീകരണത്തിന് വേണ്ടി ഒരു വ്യക്തി ജീവിതത്തെ നിരീക്ഷിക്കുക എന്നതും ഒരുപക്ഷേ ചരിത്രത്തിൽ തിരുനബിﷺക്ക് മാത്രമുള്ളതായിരിക്കും. ഒരു വ്യക്തിയുടെ ചരിത്രത്തിന്റെ ഭാഗമായി ആ വ്യക്തിയെ സംബന്ധിച്ച ചില കാര്യങ്ങളൊക്കെ രേഖപ്പെടുത്തി പോയിട്ടുണ്ടാവാം. എന്നാൽ ഒരു ജീവിതത്തെ മുഴുവനും പഠിച്ച് നിയമസംഹിതകൾ രൂപപ്പെടുത്തുക എന്നത് തിരുനബിﷺക്ക് മാത്രം ബന്ധപ്പെട്ടതായി നമുക്ക് വായിക്കാൻ കഴിയും.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...