
അഞ്ചുനേരത്തെ നിസ്കാരത്തിലും ഖുനൂത്ത് ഓതിയ സന്ദർഭം തിരുനബിﷺയുടെ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട്. അത് ഒരു ചരിത്രവും അധ്യാപനവും എക്കാലത്തേക്കും ആലോചിക്കാനുള്ള ചില സന്ദേശങ്ങളും നിറഞ്ഞതാണ്. തപിക്കുന്ന മനസ്സോടെ, ഹൃദയം കുറച്ചുകൂടി അല്ലാഹുവിലേക്ക് ചേർത്തുവച്ചു, ഉള്ളറിഞ്ഞ് നടത്തുന്ന പ്രാർഥനയാണല്ലോ ഖുനൂത്തിന്റെ സ്വഭാവം. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ ഒരു മാസം തുടർച്ചയായി അഞ്ചുനേരത്തെ നിസ്കാരത്തിലും ഖുനൂത്ത് നിർവഹിച്ചു. ചില ഗോത്രങ്ങൾ കാണിച്ച ക്രൂരതയിൽ നൊമ്പരപ്പെട്ടു കൊണ്ടും ഇരകളോടുള്ള സഹതാപവും പ്രതികളോടുള്ള വിദ്വേഷവും അടയാളപ്പെടുത്തുന്നതുമായിരുന്നു അത്.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഖുർആൻ പാരായണത്തിൽ പ്രഗൽഭരായ 70 പേരെ തിരുനബിﷺ ഒരു വഴിക്ക് നിയോഗിച്ചു. സത്യനിഷേധികളായ ആളുകൾ അവരെ വധിച്ചു കളഞ്ഞു. ക്രൂരന്മാരായ കൊലപാതകികൾക്കെതിരെ തിരുനബിﷺ പ്രാർഥന നിർവഹിച്ചു. ക്രൂരമായ നടപടികൾ സ്വീകരിച്ച ചില ഗോത്രങ്ങളോടുള്ള പ്രതിഷേധമായിരുന്നു അത്.
ഓരോ നിസ്കാരത്തിലെയും അവസാനത്തെ റക്അത്തിൽ റുകൂഇന് ശേഷമായിരുന്നു ഖുനൂത്ത് നിർവഹിച്ചിരുന്നത്. റുകൂഇലേക്ക് പോകുന്നതിനു മുമ്പ് നിർത്തത്തിൽ തന്നെ ഖുർആൻ പാരായണത്തിന് ശേഷമായിരുന്നു എന്നും അഭിപ്രായമുണ്ട്. ഹദീസുകളിൽ വന്ന ഈ വ്യാഖ്യാനങ്ങളാണ് പിൽക്കാലത്ത് മദ്ഹബുകളിൽ വന്ന വൈവിധ്യത്തിന്റെ അടിസ്ഥാനം.
റുകൂഇന് ശേഷമുള്ള നിർത്തത്തിൽ നിന്ന് നിസ്കാരത്തിന്റെ ഏറ്റവും ആത്മീയാനന്ദദായകമായ സുജൂദ് അഥവാ സാഷ്ടാംഗത്തിലേക്കാണ് പോവുക. നെറ്റിത്തടം, രണ്ട് കൈപ്പത്തികൾ, രണ്ട് കാൽമുട്ടുകൾ, കാല് വിരലുകളുടെ അഗ്രങ്ങൾ എന്നിവ നല്ല സ്പർശിച്ചു കൊണ്ടുള്ള സവിശേഷമായ ഒരു കർമമാണിത്. അടിമയ്ക്ക് ഉടമയെ വാഴ്ത്തുന്നതിൽ ഏറ്റവും ഉന്നതമായ കർമരൂപം. അല്ലാഹുവേ നീ എത്ര ഉന്നതനാണ് എന്ന് ഉള്ളറഞ്ഞുകൊണ്ട് അവനോട് അടക്കം പറയുന്ന നിമിഷങ്ങൾ. മനുഷ്യന്റെ നിസ്സാരതയും അല്ലാഹുവിന്റെ മഹത്വവും ചൊല്ലുകൊണ്ടും ചേലുകൊണ്ടും അടയാളപ്പെടുത്തുന്ന സമാനതകളില്ലാത്ത അനുഷ്ഠാനം. ഒരു കൈക്കുഞ്ഞിന് മാതാവിന്റെ കരങ്ങളിൽ ഒതുങ്ങിക്കിടക്കുമ്പോഴുള്ള സുരക്ഷിതത്വബോധം അടിമയ്ക്ക് ഉടമയുടെ മുന്നിൽ സുജൂദ് ചെയ്യുമ്പോഴുണ്ട്.
സുജൂദിലേക്ക് പോകുമ്പോൾ രണ്ടു കാൽമുട്ടുകൾ സ്പർശിക്കുന്നതിന് മുമ്പ് രണ്ട് കൈപ്പത്തികളിൽ നിലത്തു സ്പർശിക്കുമായിരുന്നു. മൂക്ക് നേരിയ തോതിൽ നിലത്തോട് സ്പർശിച്ചിരിക്കും. ചുമലുകൾക്ക് നേരെയായിരിക്കും നിലത്ത് കൈവെള്ള ഉണ്ടാവുക. വിനയത്തിന്റെയും വിധേയത്വത്തിന്റെയും സൃഷ്ടി നിസാരതയുടെയും ഏറ്റവും ഉജ്വലമായ ആവിഷ്കാരം.
സുജൂദിൽ ലഭിക്കുന്ന അനുഭവാനന്ദങ്ങളെക്കുറിച്ച് തിരുനബിﷺ പലതവണയും പറഞ്ഞിട്ടുണ്ട്. വിഷമഘട്ടങ്ങളിൽ നീണ്ട നേരം സുജൂദിൽ കിടന്ന് പ്രാർഥിക്കുക തിരുനബിﷺയുടെ പതിവായിരുന്നു. ഏറ്റവും സന്നിഗ്ധമായ ബദ്ർ രണഭൂമിയിൽ പലതവണയും നബിﷺയെ കാണാൻ ചെന്നവർ അവിടുന്ന് സുജൂദിൽ കിടക്കുന്ന രംഗമാണ് കണ്ടത്. നബിﷺയുടെ സുജൂദിന്റെ ദൈർഘ്യം കണ്ടുകൊണ്ട് അവിടുന്ന് ഈ ലോകത്ത് നിന്ന് യാത്രയായോ എന്ന് പോലും സ്വഹാബികൾ സംശയിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. സാധാരണയിൽ നിസ്കാരത്തിൽ നിർവഹിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചില സന്ദർഭങ്ങളെയും ആശയങ്ങളെയും ഉണർത്തുന്ന സുജൂദുകൾ അനുഷ്ഠാനതലത്തിൽ നമുക്ക് പഠിക്കാനും പ്രയോഗിക്കാനുമുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
