Tweet 1012

    Tweet 1012
    March 22, 2025 • Saturday
    Post Header

    തിരുനബിﷺയുടെ നിസ്കാരത്തിന്റെ ആഖ്യാനങ്ങൾ വിവിധ രൂപങ്ങളിൽ ഹദീസുകളിൽ വന്നിട്ടുണ്ട്. നിസ്കാരത്തിലേക്ക് പ്രവേശിച്ചതിനു ശേഷം പ്രാഥമിക പ്രാർഥന, സൂറത്തുൽ ഫാത്തിഹ, ഖുർആനിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യായങ്ങളോ സൂക്തങ്ങളോ തുടർന്ന് റുകൂഇലേക്ക്. അല്ലാഹുവിന്റെ മുമ്പിൽ നമ്രശിരസ്കനാവുക എന്ന വലിയ ഒരു ആശയമാണ് നിസ്കാരത്തിലെ ഈ ഭാഗം നിർവഹിക്കുന്നത്. പ്രസ്തുത കർമത്തിൽ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന സവിശേഷമായ ഒരു മന്ത്രം ഉരുവിടും. സുബ്ഹാന റബ്ബി അൽ അളീം വബി ഹംദിഹി… എന്നാണ് സാധാരണയിൽ ചൊല്ലുന്ന വാചകങ്ങൾ. ഉന്നതനായ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു എന്നാണ് ആശയം. എന്നാൽ ആശയവ്യാപ്തിയുള്ള ചെറുതും വലുതുമായ മറ്റു പല മന്ത്രങ്ങളും വ്യത്യസ്ത സന്ദർഭങ്ങളിൽ തിരുനബിﷺ ചൊല്ലിയിരുന്നതായി ഹദീസുകളുടെ നിവേദനങ്ങളിൽ വന്നിട്ടുണ്ട്.

    ഇമാം നസാഈ(റ) ഉദ്ധരിക്കുന്നു. ഇമാം ശാഫിഈ(റ) അബൂഹുറൈറ(റ) എന്ന സ്വഹാബിയിൽ നിന്ന് ഉദ്ധരിക്കുന്നു. റുകൂഇൽ തിരുനബിﷺ ഇങ്ങനെ ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുമ്മ ലക്ക റകഅതു… അല്ലാഹുവേ നിന്നെ ഞാൻ വിശ്വസിച്ചു. നിനക്കുവേണ്ടി ഞാൻ ശിരസ്സു കുനിച്ചു. നിന്റെ കൽപ്പനകളെ ഞാൻ അനുസരിച്ചു. നിന്നിൽ ഞാൻ ഭരമേൽപ്പിച്ചു. അല്ലയോ പരിപാലകനായ പടച്ചവനെ, എൻ്റെ കാഴ്ചയും കേൾവിയും നിനക്ക് വിധേയപ്പെട്ടു. എൻ്റെ രക്തവും മാംസവും എൻ്റെ രോമവും എന്റെ മേനിയും എൻ്റെ പാദങ്ങൾ വഹിക്കുന്നതും എല്ലാം അല്ലാഹുവേ നിനക്ക് വേണ്ടി വിനയാന്വിതമായി.

    തിരുനബിﷺ ചൊല്ലിയിരുന്ന മന്ത്രത്തിന്റെ ഏകദേശം സാരമാണിത്. എല്ലാ അർത്ഥത്തിലും അല്ലാഹുവിന്റെ മുമ്പിൽ വിനീതവിധേയനാണ് എന്ന് മനസ്സുകൊണ്ടും നാവുകൊണ്ടും പ്രഖ്യാപിക്കുന്ന ആശ്ചര്യകരമായ ആശയങ്ങളാണ് നാം വായിച്ചത്. ഇതേ ആശയമുള്ള ഹദീസ് മഹാനായ ജാബിറി(റ)ൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

    നിസ്കാരത്തിലെ ഓരോ കർമങ്ങളും അല്ലാഹുവിലേക്ക് കൂടുതൽ കൂടുതൽ ഞാൻ വിധേയനാകുന്നു എന്ന് ആവിഷ്കരിക്കുന്ന ആത്മീയമായ അനുഷ്ഠാനങ്ങളാണ്. ശാരീരികമായ ഒരു വ്യവഹാരമോ ചൊല്ലിപ്പറഞ്ഞു തീർക്കുന്ന ചില വാചകങ്ങളോ ചടങ്ങായി നിർവഹിക്കാനുള്ള ചില ചേഷ്ടകളോ ആചാരത്തിനു വേണ്ടി ഉരുവിടുന്ന ചില വചനങ്ങളോ ഒന്നുമല്ല. അടിമയായ മനുഷ്യൻ ഉടമയായ അല്ലാഹുവിന്റെ മുന്നിൽ സർവ്വതും സമർപ്പിച്ചുകൊണ്ട് വിനീത വിധേയനാകുന്ന ഒരു അത്ഭുതകരമായ അനുഷ്ഠാനമാണ്. ചൊല്ലും ചിന്തയും ഹൃദയവും ശരീരവും ആഹാരവും ആത്മാവും ഉള്ളും പുറവും എല്ലാം ഒരേസമയം സമർപ്പിക്കപ്പെടുന്ന, ലോകത്ത് തന്നെ നിർവഹിക്കപ്പെടുന്ന ഏറ്റവും അത്ഭുതകരമായ ഒരു അനുഷ്ഠാനം. സമാനമായ ഒരു ആരാധനാ രീതിയോ ഒരനുഷ്ഠാന സമ്പ്രദായമോ ഒരു മതത്തിലും ഒരു ആചാരത്തിലും പരിചയപ്പെടാൻ കഴിയില്ല.

    ശരിയായ വിധത്തിൽ അഞ്ചുനേരം നിസ്കാരം നിർവഹിക്കുന്ന ഒരു വിശ്വാസിക്ക് അതുല്യമായ ഒരു ആത്മീയ അനുഭൂതിയെ കുറിച്ചായിരിക്കും പറയാനുണ്ടാവുക. മനസ്സും ശരീരവും നിരന്തരമായി ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയിലായിരിക്കും അയാൾ വ്യാപൃതനായിരിക്കുന്നത്. മുഖവും കൈകാലുകളും മറ്റു പ്രത്യക്ഷ അവയവങ്ങളും അഞ്ചുനേരവും സവിശേഷമായ രൂപത്തിൽ കഴുകി വൃത്തിയാക്കുക കൂടി ചെയ്യുന്നുണ്ടല്ലോ! അതിനനുസൃതമായ ഒരു തെളിച്ചം മുഖത്തും ഹൃദയത്തിലും ഉണ്ടാവുകയും ചെയ്യും. തിരുനബിﷺ സ്വന്തം സമുദായത്തെ തിരിച്ചറിയാനുള്ള ഒരു അടയാളമായി പ്രഖ്യാപിച്ചതും നാളെ പരലോകത്ത് ഒരു വിലാസമായി അടയാളപ്പെടുത്തുന്നതും ഈ വെളിച്ചവും പ്രകാശവുമായിരിക്കും.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...