Tweet 1009

    Tweet 1009
    March 19, 2025 • Wednesday
    Post Header

    നിസ്കാരത്തിനു വേണ്ടി കൈ കെട്ടിയ ശേഷം ചൊല്ലുന്ന പ്രത്യേകമായ പ്രാർഥനയ്ക്ക് ദുആഉൽ ഇഫ്തിതാഹ് അഥവാ പ്രാരംഭ പ്രാർഥന എന്നു പേരുണ്ട്. എല്ലാം അല്ലാഹുവിന് സമർപ്പിക്കുന്നു എന്നർഥമുള്ള വാചകങ്ങളാണ് പ്രസ്തുത പ്രാർഥന ഉൾക്കൊള്ളുന്നത്. വജ്ജഹ്ത്തു വജ്ഹി യലില്ലദി….. എന്ന് തുടങ്ങുന്ന ഈ പ്രാർഥനയുടെ ആശയം വളരെ വിശാലമാണ്. ഒരു ലളിതസാരം ഇങ്ങനെ വായിക്കാം. ആകാശഭൂമികളെ ന്യൂനതയില്ലാത്ത വിധം സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനു മുന്നിൽ ഞാൻ എന്നെ സമർപ്പിക്കുന്നു. ഞാൻ ഒരു ബഹുദൈവവിശ്വാസി അല്ല. എൻ്റെ നിസ്കാരവും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും മരണവും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സമർപ്പിക്കുന്നു. ഞാൻ സത്യവിശ്വാസിയായ മുസ്ലിമാകുന്നു. അല്ലാഹുവിന് പങ്കുകാർ ഇല്ല. ആവിധം വിശ്വസിക്കാനാണ് ഞാൻ കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

    നിസ്കാരം കേവലമായ ഒരു ആചാരമോ അനുഷ്ഠാനമോ അല്ല. അടിമ ഉടമയുടെ മുന്നിൽ എല്ലാം സമർപ്പിക്കുകയും ഏറ്റവും വിനീതനാവുകയും ചെയ്യുന്ന തുല്യതയില്ലാത്ത ഒരു ആത്മീയ പ്രക്രിയയാണ്. നിസ്കരിച്ചു കഴിയുമ്പോൾ ഒരു കർമം നിർവഹിച്ചു എന്നതിനപ്പുറം സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവിനോട് ആത്മീയ സമ്പർക്കം നടത്തിയതിന്റെ ആധ്യാത്മിക സംതൃപ്തിയാണ് ഒരു വിശ്വാസി കൈവരിക്കേണ്ടത്. ഉള്ളു തുറന്നു ഉടമസ്ഥനോട് ഹൃദയം ചേർത്തുവെക്കുന്ന ഒരു ആധ്യാത്മിക സംലയനമായി വരുമ്പോഴാണ് നിസ്കാരം അതിന്റെ ശരിയായ അർഥത്തിലേക്കും ലക്ഷ്യത്തിലേക്കും എത്തുന്നത്. ശാരീരികമായ ചലനങ്ങൾക്കപ്പുറം മാനസിക സാന്നിധ്യവും അല്ലാഹുവിലേക്ക് മാത്രം ആലോചിച്ചു നിൽക്കുന്ന ഏകാഗ്ര ധ്യാനവും നിസ്കാരത്തിന്റെ ആത്മാവാണ്. ഉള്ളു തൊടാതെയുള്ള ശാരീരിക ചേഷ്ടകളെ ഇസ്ലാം അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല.

    തിരുനബിﷺ നിർവഹിച്ചിരുന്ന പ്രാരംഭ പ്രാർഥനകൾ സംബന്ധിച്ച ഹദീസുകളിലും മറ്റും വ്യത്യസ്ത വാചകങ്ങളും മന്ത്രങ്ങളും കാണാം. എല്ലാത്തിന്റെയും ആത്മാവ് അല്ലാഹുവിലേക്കുള്ള സമർപ്പണവും അവനു മുന്നിൽ വിനയാന്വിതമായി നിൽക്കുന്ന ആത്മീയഭാവവുമാണ്. ഉടമയായ അല്ലാഹുവിനോട് അടിമക്ക് ഉണ്ടായിരിക്കേണ്ട വിനയഭാവങ്ങളുടെ വാചകരൂപങ്ങളുമാണ്.

    നിസ്കാരത്തിൽ ഖുർആൻ പാരായണം നിർവഹിക്കുമ്പോഴും തിരുനബിﷺ ‘അഊദു’.. അഥവാ പിശാചിൽ നിന്ന് കാവൽ തേടുന്ന പ്രത്യേക വാചകം പാരായണം ചെയ്യുമായിരുന്നു. ഖുർആൻ ശബ്ദത്തിൽ ഓതി നിസ്കരിക്കേണ്ട നിസ്കാരങ്ങളിലും അല്ലാത്ത നിസ്കാരങ്ങളിലും ശബ്ദമുയർത്താതെയാണ് ‘അഊദു’ പാരായണം ചെയ്തിരുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് വിദൂരത്താക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു എന്നാണ് പ്രസ്തുത വാചകത്തിന്റെ ആശയം.

    ഖുർആൻ പാരായണം ചെയ്യുന്ന നേരത്ത് പിശാചിൽ നിന്ന് കാവൽ തേടുക എന്ന ആത്മീയ നിർദ്ദേശത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് നിസ്കാരത്തിലും ഈ സൂക്തം പാരായണം ചെയ്യാറുള്ളത്.

    നന്മകളുടെയും തിന്മകളുടെയും ഇടയിൽ സൃഷ്ടിക്കപ്പെട്ടവനാണല്ലോ മനുഷ്യൻ. അതിൽ നിന്ന് നന്മയെ തെരഞ്ഞെടുത്ത് അതിന് പിന്നിൽ സഞ്ചരിക്കുന്നവനാണ് മനുഷ്യനിൽ ഉത്തമൻ. എന്നാൽ അധമ വിചാരങ്ങളിലേക്കും കേവലമായ ആസ്വാദന ആർഭാടങ്ങളിലേക്കും മാത്രം നയിക്കുകയും പിഴവിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന സൃഷ്ടിയാണ് പിശാച്. പിശാചിൽ നിന്ന് നിരന്തരമായി മനുഷ്യൻ കാവൽ തേടുകയും പിശാചിന്റെ വിരുദ്ധ ചേരിയിൽ നിലകൊള്ളുകയും ചെയ്യേണ്ടത് ആത്യന്തികമായ വിജയത്തിന് അനിവാര്യമാണ്. ഈ വിചാരത്തെ നിരന്തരമായി ഉദ്ബോധിപ്പിക്കുകയും പ്രധാന കർമങ്ങൾക്ക് മുമ്പ് പിശാചിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഉണർത്തലുകൾ നൽകുകയും ചെയ്യുമായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 4
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...