
തിരുനബിﷺയും മസ്ജിദും വായിച്ചു കൊണ്ടിരിക്കുമ്പോൾ മനോഹരമായ ചില സന്ദർഭങ്ങളെ നമുക്ക് കാണാൻ കഴിയും. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബൂ രിഫാഅ(റ) എന്നവർ പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നപ്പോൾ അവിടുന്ന് മിമ്പറിന്റെ മുകളിൽ നിന്നുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. പരദേശിയായ ഒരാൾ ദീനിന്റെ അഥവാ മതത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്താണ് ദീൻ എന്ന് അദ്ദേഹത്തിന് അറിയില്ല. നടന്നുകൊണ്ടിരുന്ന സംഭാഷണം ഉപേക്ഷിച്ച് നബിﷺ താഴേക്ക് ഇറങ്ങിവന്നു. എനിക്ക് അഭിമുഖമായി നിന്നു. അപ്പോഴേക്കും ഒരു കസേര കൊണ്ടുവന്നു. ഇരുമ്പിന്റെ കാലുകളായിരുന്നു അതിന് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്മേൽ ഇരുന്നുകൊണ്ട് തിരുനബിﷺ ദീനിനെ കുറിച്ച് എനിക്ക് പഠിപ്പിച്ചു തന്നു. ശേഷം മടങ്ങിപ്പോയി നിർവഹിച്ചുകൊണ്ടിരുന്ന സംഭാഷണം തുടർന്നു.
പള്ളിയിലുണ്ടായിരുന്ന മിമ്പറിന് മുകളിൽ വച്ചുകൊണ്ട് വെള്ളിയാഴ്ചയിലെയും പെരുന്നാൾ ദിവസത്തെയും സവിശേഷമായ ആരാധനയാകുന്ന ഖുത്വുബ മാത്രമായിരുന്നില്ല തിരുനബിﷺ നിർവഹിച്ചിരുന്നത്. പൊതുവായി ആളുകൾക്ക് നിർദ്ദേശങ്ങളോ ഉപദേശങ്ങളോ നൽകാനും മിമ്പറിന് മുകളിൽ കയറുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
സവിശേഷമായ ഖുത്വുബ നിർവഹിക്കുമ്പോൾ തന്നെ അനിവാര്യമായ ചില ഘട്ടങ്ങളിൽ വന്നുചേരുന്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കുന്ന കർമശാസ്ത്ര വീക്ഷണങ്ങളുമുണ്ട്. അവ അടിയന്തര പ്രാധാന്യങ്ങൾ പരിഗണിച്ചുകൊണ്ട് മാത്രമായിരിക്കും.
തിരുനബിﷺയുടെ വിനയവും താഴ്മയും മതം അന്വേഷിച്ചു വരുന്നവരോടുള്ള താൽപര്യവും ഏറെ ബോധ്യപ്പെടുത്തുന്ന ഒരു സന്ദർഭം കൂടിയാണല്ലോ ഇത്. ഒരുപാട് ആളുകൾക്ക് വേണ്ടി പ്രാധാന്യമുള്ള പലതും ഉപദേശിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരാൾക്കുവേണ്ടി അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ വിനയപുരസരം മിമ്പറിന് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരികയും സൗമനസ്യത്തോടുകൂടി അദ്ദേഹത്തെ സ്വീകരിക്കുകയും ആവശ്യമായ കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നിർവഹിച്ചു കൊടുക്കുകയും വീണ്ടും നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്ന മദീന പള്ളിയിലെ ചിത്രം പ്രവാചക പ്രഭുﷺവിൽ നിറഞ്ഞുനിൽക്കുന്ന എത്ര ഉത്തമ ഗുണങ്ങളുടെ പ്രകാശനങ്ങളായിട്ടാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
പള്ളിയിൽ താമസിക്കുന്ന സമയത്ത് അനിവാര്യമായ ഘട്ടങ്ങളിൽ മസ്ജിദിൽ ഇരുന്നുകൊണ്ടു തന്നെ വുളൂഅ് ചെയ്തിരുന്നു എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ കാണാം. പള്ളിയിൽ വെച്ച് വുളൂഅ് ചെയ്യാൻ പറ്റുമോ എന്ന് പിൽക്കാലത്ത് ഒരു അന്വേഷണം വന്നാൽ അനിവാര്യ ഘട്ടങ്ങളിൽ അനുവദനീയമാണ് എന്ന് പഠിപ്പിക്കേണ്ട ഒരു അധ്യാപനം കൂടിയായിരുന്നു അത്.
പള്ളിയിൽ ഇഇ്തികാഫ് ഇരിക്കുന്ന സമയത്തും അല്ലാതെയും പള്ളിയിൽ കിടക്കുകയും പള്ളിയിൽ വച്ച് തന്നെ ഭക്ഷണപാനീയങ്ങൾ കഴിക്കുകയും ചെയ്തത് അബ്ദുല്ലാഹിബ്നു ഹാരിസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്തിട്ടുണ്ട്.
ബിലാൽ(റ) വാങ്ക് വിളിക്കുന്നതിന് സമ്മതം ചോദിച്ചു വരുമ്പോൾ അത്താഴം കഴിക്കുന്ന തിരുനബിﷺയെ കണ്ടിരുന്നു എന്ന് ഇമാം അഹ്മദ്(റ) തന്നെ നിവേദനം ചെയ്തിട്ടുണ്ട്.
ഒരിക്കൽ തിരുനബിﷺ പള്ളിയിൽ ഇരിക്കുമ്പോൾ ഈത്തപ്പഴവും ചൂടുവെള്ളവും ചേർത്ത് ഉണ്ടാക്കുന്ന അൽ ഫളീഖ് എന്ന പ്രത്യേക പലഹാരം ഒരാൾ തിരുനബിﷺക്ക് കൊണ്ടുവന്നു കൊടുത്തു. പിന്നീട് ആ പള്ളിക്ക് തന്നെ മസ്ജിദുൽ ഫളീഖ് എന്ന പേര് വീണു. മദീനയിലെ അവാലി ഭാഗത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മസ്ജിദ് ശംസ് എന്നും ഈ പള്ളിക്ക് പേരുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
