Tweet 997

    Tweet 997
    March 7, 2025 • Friday
    Post Header

    തിരുനബിﷺയുടെ നിസ്കാരവും അനുബന്ധ വായനകളും നിർവഹിക്കുമ്പോൾ വാങ്കുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ കൂടി നമുക്ക് അറിയാനുണ്ട്. തിരുനബിﷺ വാങ്ക് കൊടുത്തിരുന്നു എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. തിരുനബിﷺ വാങ്ക് കൊടുത്തിട്ടുണ്ട് എന്ന അഭിപ്രായമാണ് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറഞ്ഞത്. ഒരിക്കൽ തിരുനബിﷺ വാങ്ക് കൊടുത്തിരുന്നു എന്ന അഭിപ്രായത്തോട് ഇമാം ഇബ്നു രിഫ്അ(റ)യും ഇമാം സുബുഖി(റ)യും യോജിക്കുന്നുണ്ട്. തിരുനബിﷺ ഈ ചര്യ പഠിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. സ്വയമായി അവിടുന്ന് വാങ്ക് കൊടുക്കുക എന്ന കർമം നിർവഹിച്ചിട്ടില്ല എന്നു പറഞ്ഞവർ പ്രമാണങ്ങളിൽ അശ്രദ്ധരാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്.
    ഇമാം അഹ്മദും(റ) തുർമുദി(റ)യും മറ്റും നിവേദനം ചെയ്യുന്നു. യഅ്ല ബിൻ മുർറ(റ) എന്ന സ്വഹാബി പറഞ്ഞു. ഒരിക്കൽ ഞങ്ങൾ ഒരു യാത്രയിലായിരുന്നു. മളീഖ് പ്രദേശത്തേക്ക് എത്തിയപ്പോൾ ആകാശം മേഖാവൃതമാവുകയും മഴ പെയ്യുകയും ചെയ്തു. നിലത്തു നിന്ന് നനവും കയറാൻ തുടങ്ങി. തിരുനബിﷺ അവിടുത്തെ വാഹനപ്പുറത്തിരുന്ന് വാങ്ക് കൊടുത്തു. ഇഖാമത്ത് കൊടുത്ത ശേഷം വാഹനത്തിൽ തന്നെ അല്പം മുന്നോട്ട് നിന്ന്, വാഹനപ്പുറത്ത് വച്ചുതന്നെ നിസ്കരിച്ചു. പല അനുഷ്ഠാനങ്ങളും ആംഗ്യം കാണിച്ചുകൊണ്ടാണ് പൂർത്തീകരിച്ചത്. സുജൂദിന്റെ സമയമായപ്പോൾ പരമാവധി കുനിയുകയും ചെയ്തു.
    തിരുനബിﷺ വാങ്ക് കൊടുത്ത ഒരു സന്ദർഭത്തെ ഉദ്ധരിക്കുകയാണ് ചെയ്തത്. ഈ നിവേദനം ഇമാം നവവി(റ)യും ശറഫുൽ മുഹദ്ദബിൽ ഉദ്ധരിച്ചിട്ടുണ്ട്.
    ബാങ്ക് കൊടുക്കുന്നതിന്റെ മഹത്വം തിരുനബിﷺ പഠിപ്പിക്കുകയും ആ മഹത്വത്തിലേക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇമാമത്ത് നിൽക്കുക എന്നതിൽ അതിനേക്കാൾ ശ്രേഷ്ഠമായ കർമം നിർവഹിക്കുകയായിരുന്നു തിരുനബിﷺ ഏറ്റെടുത്തിരുന്നത്. തിരുനബിﷺയുടെ വാങ്ക്കാരായി അഥവാ മുഅദ്ദിൻമാരായി പ്രഗൽഭരായ നാലുപേരുണ്ടായിരുന്നു. ആദ്യമായി വാങ്ക് കൊടുത്ത ബിലാലു ബിൻ റബാഹും(റ) അന്ധത ബാധിച്ചിരുന്ന മഹാനായ അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമും(റ) മദീനയിലും സഅദ് ബിൻ ഖറള്(റ) ഖുബ പള്ളിയിലും ഔസ് ബിൻ മുഗീറ(റ) അഥവാ അബു മഹ്ദൂറ(റ) മക്കയിലും എന്നിങ്ങനെയായിരുന്നു തിരുനബിﷺയുടെ മുഅദ്ദിൻമാർ ഉണ്ടായിരുന്നത്. അബു മഹ്ദൂറ(റ) വാങ്ക് കൊടുക്കുമ്പോൾ വാങ്കിലെയും ഇഖാമത്തിലെയും വാചകങ്ങൾ രണ്ടു പ്രാവശ്യം വീതം ചൊല്ലിയിരുന്നു. എന്നാൽ ബിലാൽ(റ) വാങ്ക് കൊടുത്തപ്പോൾ വാങ്കിലെ വാചകങ്ങൾ രണ്ടുപ്രാവശ്യവും ഇഖാമത്തിലെ വാചകങ്ങൾ ഒരു പ്രാവശ്യവുമാണ് ചൊല്ലിയിരുന്നത്. സ്വഹാബികൾക്കിടയിലുണ്ടായിരുന്ന ഈ വ്യത്യാസങ്ങൾ പിൽക്കാലത്ത് മദ്ഹബുകളിലെ വ്യത്യാസങ്ങളായി നിലനിൽക്കുന്നു.
    തിരുനബിﷺയുടെ നിസ്കാരങ്ങളിൽ പതിവായി ആരൊക്കെയായിരുന്നു വാങ്കും ഇഖാമതും കൊടുത്തിരുന്നത് എന്നതിൽ വിശദമായ പഠനങ്ങളുണ്ട്. മദീനയിലായിരിക്കെ കൂടുതൽ സമയവും ബിലാൽ(റ) തന്നെയായിരുന്നു. അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമി(റ)ന്റെ വാങ്കിനെക്കുറിച്ചും സുബ്ഹിക്ക് മുമ്പ് തഹജ്ജുദിന് സമയത്തു കൊടുത്തിരുന്ന വാങ്കിനെക്കുറിച്ചും എല്ലാം ഗ്രന്ഥങ്ങളിൽ വിശദമായ പരാമർശങ്ങളുണ്ട്.
    ഇസ്ലാമിന്റെ സവിശേഷമായ ഒരു അടയാളമായി ലോകത്തു മുഴുവനും നിലനിൽക്കുന്ന പ്രകടമായ ഒരു കർമമാണല്ലോ വാങ്ക്. അതിന്റെ വാചകങ്ങളും അതുൾക്കൊള്ളുന്ന ആശയ വ്യാപ്തിയും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെയും പ്രാഥമിക വാചകങ്ങളെയും നിരന്തരമായി ഓർമപ്പെടുത്തുന്നതാണ്. ദിനചര്യകളിലും നിത്യ ജോലികളിലും വ്യാപൃതരായിരിക്കുന്ന ആളുകളെ നിത്യേന അഞ്ചുതവണ സവിശേഷമായ ഒരു ആരാധനയിൽ ചിട്ടപ്പെടുത്തുക എന്നത് ലോകത്ത് തന്നെ അത്ഭുതമായി നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ലോകത്ത് മറ്റൊരു മതത്തിനും ദർശനത്തിനും ഇത്രയും കൃത്യവും നിരന്തരവുമായ ഒരു പിന്തുടർച്ച കാണാനാവില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...