
നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാൽ അതിവേഗം നിർവഹിക്കുക എന്നത് തിരുനബിﷺയുടെ പതിവായിരുന്നു. ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറയുന്നു. തിരുനബിﷺ ഭക്ഷണത്തിനു വേണ്ടിയോ മറ്റോ ഒന്നും നിസ്കാരം പിന്തിക്കുന്നത് പതിവുണ്ടായിരുന്നില്ല
മഹതിയായ ആഇശ(റ)യുടെ പ്രസ്താവന ഇങ്ങനെയാണ്. തിരുനബിﷺ ഒരു നിസ്കാരവും അതിന്റെ അവസാനത്തെ സമയത്തു നിർവഹിച്ചിട്ടില്ല. ഈ ലോകത്ത് നിന്ന് വിട പറയുന്നത് വരെയും അതായിരുന്നു തിരുനബിﷺയുടെ പതിവ്. ഇമാം തുർമുദി(റ)യുടെ നിവേദനത്തിൽ രണ്ടുപ്രാവശ്യമൊഴികെ എന്നുകൂടി ഒരു അനുബന്ധമുണ്ട്.
അഥവാ അനിവാര്യമായ രണ്ട് ഘട്ടങ്ങളിലല്ലാതെ ഒരിക്കലും തിരുനബിﷺ സമയത്തിന്റെ അവസാനത്തിൽ നിസ്കരിച്ചിട്ടില്ല. സമയമായാൽ അതിവേഗം നിസ്കരിക്കുക എന്നതായിരുന്നുവല്ലോ തിരുനബിﷺയുടെ പതിവ്.
മഹതിയായ ആഇശ(റ)യുടെ തന്നെ മറ്റൊരു നിവേദന ഉള്ളടക്കം ഇങ്ങനെയാണ്. തിരുനബിﷺയോളം അതിവേഗം ളുഹർ നിസ്കരിക്കുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. അഥവാ സമയം പ്രവേശിച്ചാൽ ഉടനെ തന്നെ നിസ്കരിക്കുമായിരുന്നു. അബൂബക്കറി(റ)നെയും ഉമറി(റ)നെയും പോലും എന്നുകൂടി മഹതിയായ ആഇശ(റ) ചേർത്ത് പറയുന്നുണ്ട്. ഇമാം മുസ്ലിം(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തത്.
സൂര്യൻ തെളിഞ്ഞു പ്രകടമായി തന്നെ നിൽക്കുകയും ഒരാൾക്ക് അവാലിയിൽ പോയി വരാൻ മാത്രം വിശാലമായ സമയമുണ്ടായിരിക്കുകയും ചെയ്തപ്പോഴാണ് തിരുനബിﷺ സാധാരണയിൽ അസ്വർ നിസ്കരിച്ചിരുന്നത്. അഥവാ അസ്തമയത്തിലേക്ക് അധികം അടുക്കുകയോ ഏറെ വൈകിയോ ചെയ്തിരുന്നില്ല എന്നാണ് പറഞ്ഞതിന്റെ സാരം. ഏകദേശം നാലുമൈൽ ദൂരത്തെ കുറിച്ചാണ് അവാലിയിൽ പോയി വരുന്നതുവരെ എന്ന് പ്രയോഗിച്ചിട്ടുള്ളത്.
മഹാനായ അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺയോളം അതിവേഗം അസ്വർ നിസ്കരിച്ച മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. അഥവാ സമയമായാൽ ഉടനെ അസ്വർ നിസ്കരിക്കുമായിരുന്നു. അബൂലുബാബ(റ)യും അബൂഅബസും(റ) തിരുനബിﷺയുടെ പള്ളിയിൽ നിന്ന് ഏറെ അകലെയുള്ളവരായിരുന്നു. അഥവാ അബൂലുബാബ(റ)യുടെ വീട് ഖുബാ പള്ളിയുടെ അടുത്തായിരുന്നു. അബൂഅബസി(റ)ന്‍റെ വീട് ബനൂഹാരിസയിലുമായിരുന്നു. അവർ രണ്ടുപേരും നബിﷺയോടൊപ്പം നിസ്കരിച്ചിട്ട് വീടിന്റെ അടുത്തേക്ക് എത്തിയാൽ നാട്ടുകാർ നിസ്കരിച്ചിട്ടുണ്ടാകുമായിരുന്നില്ല. കാരണം തിരുനബിﷺ അത്രമേൽ നേരത്തെ തന്നെ നിർവഹിക്കുമായിരുന്നു.
മഹതിയായ ഉമ്മു സലമ(റ) പറയുന്നത്. അസ്വറിന്റെ സമയമായാൽ ഏറ്റവും ധൃതിയിൽ അസ്വർ നിസ്കരിക്കുന്ന ആളും ളുഹറിൻ്റെ സമയം പ്രവേശിച്ചാൽ ഉടനെ നിസ്കരിക്കുന്ന ആളും തിരുനബിﷺ തന്നെയായിരുന്നു.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി അസ്വർ നിസ്കരിച്ചു. അപ്പോൾ ബനൂ സലമാ ഗോത്രത്തിലെ ഒരാൾ വന്നു കൊണ്ട് പറഞ്ഞു. ഞങ്ങൾക്കൊരു ഒട്ടകത്തെ അറുക്കാനുണ്ട്. ആ സമയത്ത് തങ്ങൾ അവിടെ ഹാജരായിരുന്നുവെങ്കിൽ നന്നായിരുന്നു. തിരുനബിﷺ അവിടേക്ക് പുറപ്പെട്ടു. ഞങ്ങളും തിരുനബിﷺയോടൊപ്പം തന്നെ പോയി. അവിടെ ചെന്നപ്പോൾ ഒട്ടകത്തെ അറുത്തിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ എത്തിയശേഷം ഒട്ടകത്തെ അറുക്കുകയും അതിനെ ഭാഗം വെക്കുകയും ചെയ്തു. അസ്തമയത്തിനു മുമ്പ് തന്നെ അത് പാകം ചെയ്യുകയും ഞങ്ങൾ അതിൽ നിന്ന് അല്പം കഴിക്കുകയും ചെയ്തു.
അറുക്കപ്പെട്ട ഒട്ടകത്തെ ഞങ്ങൾ 10 ഭാഗം ആക്കി ഭാഗം ചെയ്തു എന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.
അസ്വർ നിസ്കാരാനന്തരം ഇത്ര സമയം ലഭിച്ചു എന്ന് അറിയിക്കുന്നത് സമയമായ ഉടനെ തന്നെ തിരുനബിﷺ നിസ്കരിച്ചു എന്ന് വിശദമായി പറഞ്ഞു തരാൻ വേണ്ടിയാണ്. തിരുനബിﷺയുടെ പള്ളിയിൽ നിന്ന് അസ്വർ നിസ്കരിച്ച ശേഷം ദുൽ ഹുലൈഫായിലെത്തിയാലും സൂര്യൻ അസ്തമിക്കാറുണ്ടായിരുന്നില്ല എന്നൊരു നിവേദനം കൂടി കാണാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
