
മഗ്‌രിബ് നിസ്കാരത്തിന്റെ സമയത്തെക്കുറിച്ച് പറയുമ്പോൾ തിരുനബിﷺയോട് ചേർന്നുനിന്ന ചില അനുഭവങ്ങളും സന്ദർഭങ്ങളും ഇങ്ങനെ വായിക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ തുറൈഫ്(റ) എന്നവർ പറഞ്ഞു. ത്വാഇഫ് ഉപരോധസമയത്ത് ഞാൻ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി മഗ്‌രിബ് നിസ്കരിച്ചു. ഒരാൾ അമ്പെയ്താൽ അമ്പ് പതിച്ച സ്ഥലം കാണാവുന്ന വിധത്തിൽ നേരിയ വെളിച്ചം അപ്പോഴുമുണ്ടായിരുന്നു.
അസ്തമയം കഴിഞ്ഞ ഉടനെയുള്ള വെളിച്ചത്തെ സൂചിപ്പിക്കാനാണ് ഇത്തരമൊരു പ്രയോഗം സ്വഹാബി നടത്തിയത്. ഇമാം ബുഖാരി(റ), ഇമാം മുസ്ലിം(റ), ഇമാം അഹ്മദ്(റ), ഇമാം അബൂ ദാവൂദ്(റ) തുടങ്ങി നിരവധി പണ്ഡിതന്മാർ നിവേദനം ചെയ്യുന്നു. സലമത്തുബിന് അക്’വ(റ) പറഞ്ഞു. നേരം അസ്തമിക്കുകയും ഇരുട്ടു പടർന്നു തുടങ്ങുകയും ചെയ്തപ്പോഴായിരുന്നു തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി മഗ്‌രിബ് നിസ്കരിച്ചത്.
ഇമാം അഹ്മദ്(റ), ബസാർ(റ) എന്നിവർ നിവേദനം ചെയ്യുന്നു. മഹാനായ ജാബിർ(റ) പറഞ്ഞു. ഞങ്ങൾ തിരുനബിﷺയോടൊപ്പം മഗ്‌രിബ് നിസ്കരിക്കാറുണ്ടായിരുന്നു. ശേഷം, ഞങ്ങൾ ഒരു മൈൽ ദൂരമുള്ള വീട്ടിലേക്ക് എത്തിയാലും അമ്പു പതിഞ്ഞ സ്ഥലം കാണാനാകുമായിരുന്നു. അഥവാ ഒരു പരന്ന വെളിച്ചം അപ്പോഴും ഉണ്ടാകുമായിരുന്നു.
ഇതേ ആശയത്തിൽ തന്നെയുള്ള മറ്റ് ഹദീസുകളും നമുക്ക് വായിക്കാം. സൂര്യാസ്തമയത്തിന്റെ ഉടനെ ആയിരുന്നു മഗ്‌രിബ് നിസ്കാരം എന്നറിയിക്കാനുള്ള വ്യത്യസ്ത ശൈലിയിലെ നിവേദനങ്ങളും റിപ്പോർട്ടുകളുമാണ് ഈ അധ്യായത്തിൽ ഇമാമുകൾ ഉദ്ധരിച്ചത്.
ഇമാം ഇബ്നു അബീശൈബ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ), ജാബിർ(റ) എന്നിവർ നിവേദനം ചെയ്തു. മൂന്നു ദിവസങ്ങളിൽ തിരുനബിﷺ രാത്രിയുടെ മൂന്നിലൊന്നു വരെ ഇശാഅ് പിന്തിച്ചു. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു. കുറച്ചുകൂടി നേരത്തെ നിസ്കരിച്ചിരുന്നെങ്കിൽ രാത്രി നിസ്കാരത്തിന് ഒന്നുകൂടി നല്ലതായിരുന്നല്ലോ. അതിനുശേഷം കുറച്ചുകൂടി നേരത്തെ നിസ്കരിക്കാൻ തുടങ്ങി.
മഹാനായ ജാബിറി(റ)ൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) തന്നെ നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ സൈന്യത്തെ സജ്ജീകരിച്ചപ്പോൾ ഇശാഅ് നിസ്കാരം കുറച്ചു വൈകി. രാത്രിയുടെ പകുതിയോളം എത്തുകയോ അല്പം കൂടി കഴിയുകയോ ചെയ്തു. അപ്പോൾ നബിﷺ ചോദിച്ചു. അല്ല ജനങ്ങൾ നിസ്കാരം കഴിഞ്ഞു മടങ്ങിപ്പോയോ? നിങ്ങൾ നിസ്കാരം പ്രതീക്ഷിച്ചിരിക്കുകയാണോ? നിസ്കാരം പ്രതീക്ഷിച്ചിരിക്കുന്ന സമയം മുഴുവൻ നിസ്കാരത്തിലായിരിക്കുന്നതു പോലെയാണ്.
അഥവാ നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുന്ന സമയം നിസ്കാരം നിർവഹിക്കുന്ന സമയം പോലെ മൂല്യത്തോടു കൂടി അല്ലാഹു ഔദാര്യം ചെയ്യുന്നതാണ്.
ഇശാഅ് നിസ്കാരത്തിന്റെ സമയം എത്രമേൽ വിശാലമാണെന്നും ആവശ്യമെങ്കിൽ പിന്തിക്കാമെന്നും നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുന്ന സമയം മുഴുവനും നിസ്കാരത്തോളം മൂല്യമുള്ള ആരാധനാകർമമാണെന്നും പഠിപ്പിക്കുകയായിരുന്നു.
ഒരിക്കൽ ഇശാഅ് നിസ്കാരത്തിനു വേണ്ടി തിരുനബിﷺ അല്പം വൈകിയപ്പോൾ കുട്ടികളും സ്ത്രീകളും എല്ലാം ഉറങ്ങിപ്പോയി എന്നും നിസ്കരിക്കുന്നില്ലെന്നും ഉമർ(റ) അന്വേഷിച്ചു. നിങ്ങളല്ലാതെ ഭൂലോകത്താരും ഈ നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുന്നില്ല എന്ന വിശാലമായ അർത്ഥത്തിലുള്ള മറുപടിയായിരുന്നു തിരുനബിﷺയുടേത്.
എല്ലാ നിസ്കാരവും സംഘമായി നിസ്കരിക്കുന്നതിന് പ്രത്യേകമായ മൂല്യമുണ്ട്. ഓരോ നിസ്കാരവും ജമാഅത്തായി നിസ്കരിക്കുന്നതിന്റെ സവിശേഷമായ പ്രതിഫലവും തിരുനബിﷺ പഠിപ്പിച്ചു. അതിൽ എടുത്തു പറയുകയാണ് ഇശാഅ് നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നവരുടെ പ്രത്യേകതകൾ.
ഒരു മനുഷ്യന്റെ ജീവിതം പ്രഭാതത്തിൽ ആരംഭിച്ചു പ്രദോഷം വരെയുള്ള വ്യത്യസ്ത കർമങ്ങൾക്ക് ശേഷം സാധാരണയിൽ വിശ്രമത്തിലേക്ക് കടക്കുന്നതിന് മുമ്പാണല്ലോ ഇശാഅ് നിസ്കരിക്കുന്നത്. രാവിന്റെ നിസ്കാരം എന്ന പ്രത്യേക പ്രാധാന്യത്തോടുകൂടി തന്നെയാണ് ഇശാഇനെക്കുറിച്ച് തിരുനബിﷺ പഠിപ്പിക്കുകയും അധ്യാപനങ്ങൾ പകർന്നു നൽകുകയും ചെയ്തത്.
