
അഞ്ചുനേരത്തെ നിസ്കാരം അല്ലാഹു സമ്മാനമായി നൽകിയത് തിരുനബിﷺക്കാണല്ലോ. അവ എപ്പോൾ നിർവഹിക്കണം? എങ്ങനെ നിർവഹിക്കണം? ഏതെല്ലാം നിബന്ധനകൾ പാലിക്കണം? എല്ലാം അല്ലാഹു തന്നെ തിരുനബിﷺക്ക് ബോധനം നൽകിയിട്ടുണ്ട്. പ്രവാചകർﷺ അനുയായികളോട് പറഞ്ഞത് ഇപ്രകാരമാണ്. ഞാൻ എപ്രകാരമാണോ നിസ്കരിക്കുന്നത് അപ്രകാരം നിങ്ങൾ നിസ്കരിക്കുക.
തിരുനബിﷺയുടെ ജീവിതത്തെ നിരീക്ഷിച്ച് ഓരോ ജീവിതഘട്ടങ്ങളെയും പഠിക്കുന്നതുപോലെ ഏറ്റവും സവിശേഷമായ നിസ്കാരത്തെയും പഠിക്കുക. അതുപ്രകാരം അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുക. ഇതാണ് വിശ്വാസികളുടെ ബാധ്യത.
ഇമാം അഹ്മദ്(റ), തുർമുദി(റ), നസാഈ(റ) തുടങ്ങി പ്രമുഖരായ മുഴുവൻ ഹദീസ് പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. ബുറൈദത്ത് ബിൻ അൽ ഖുസൈബ്(റ) പറഞ്ഞു. ഒരാൾ നിസ്കാരത്തിന്റെ സമയം അന്വേഷിച്ചുകൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു. തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. രണ്ടുദിവസം നിങ്ങൾ ഞങ്ങളുടെ കൂടെ കൂടിക്കോളൂ. സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് നീങ്ങിയപ്പോൾ നബിﷺ ബിലാലി(റ)നോട് പറഞ്ഞു. ബാങ്ക് കൊടുക്കൂ. അദ്ദേഹം അത് നിർവഹിച്ചു.
ശേഷം മധ്യാഹ്ന നിസ്കാരം അഥവാ ളുഹർ നിസ്കരിച്ചു. സൂര്യൻ മുന്നോട്ടു നീങ്ങി വെളിച്ചം നിലനിൽക്കുമ്പോൾ തന്നെ സായാഹ്നമായപ്പോൾ അസ്വർ നിസ്കരിച്ചു. സൂര്യൻ അസ്തമിച്ചപ്പോൾ സന്ധ്യാ നിസ്കാരം അഥവാ മഗ്‌രിബ് നിസ്കാരവും നിർവഹിച്ചു. രാത്രിയുടെ മൂന്നിലൊന്ന് ഭാഗം കഴിഞ്ഞപ്പോൾ ഇശാഅ് നിസ്കരിച്ചു. അടുത്ത പ്രഭാതത്തിൽ നേരം ഉദിക്കുന്നതിന് മുമ്പ് പ്രഭാത നിസ്കാരം അഥവാ സുബ്ഹിയും നിസ്കരിച്ചു. ശേഷം നബിﷺ ചോദിച്ചു. നിസ്കാരത്തെക്കുറിച്ച് അന്വേഷിച്ച ആൾ എവിടെ? അദ്ദേഹം പറഞ്ഞു. ഇതാ ഞാൻ ഇവിടെത്തന്നെയുണ്ട്. നിങ്ങൾ ഇപ്പോൾ കണ്ട സമയങ്ങളുണ്ടല്ലോ അതുതന്നെയാണ് നിസ്കാര സമയം.
ചെറിയ വ്യത്യാസങ്ങളോടെ പല നിവേദനങ്ങളും ഈ വിഷയത്തിൽ വന്നിട്ടുണ്ട്. തിരുനബിﷺയുടെ രണ്ട് ദിവസത്തെ നിസ്കാരത്തിൽ ഓരോ നിസ്കാരത്തിന്റെയും സമയവിശാലതയെ അറിയിക്കുന്ന മാറ്റങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വ്യത്യസ്തങ്ങളായ മാനങ്ങളോടെ ഓരോ നിസ്കാര സമയങ്ങളെയും പരിചയപ്പെടുത്തിയിട്ടുമുണ്ട്. നിസ്കാരങ്ങളുടെ സമയം ഏതു മുതൽ ആരംഭിച്ചു ഏതു മുതൽ നീണ്ടുനിൽക്കും എന്നറിയിക്കുന്ന അധ്യാപനങ്ങളും തിരുനബിﷺ തന്നെ അറിയിച്ചു തന്നു.
സമയം നിശ്ചയിക്കപ്പെട്ട ആരാധനയായി നിസ്കാരത്തെ അല്ലാഹു നിർണയിച്ചിരിക്കുന്നു എന്ന് പരിശുദ്ധ ഖുർആൻ തന്നെ പരിചയപ്പെടുത്തുന്നുമുണ്ട്.
മേൽ പറയപ്പെട്ട വിധത്തിലുള്ള നിവേദനങ്ങൾ മുന്നിൽ വച്ചുകൊണ്ടാണ് ഗവേഷണ യോഗ്യരായ മദ്ഹബിന്റെ ഇമാമുകൾ നിസ്കാര സമയത്തെക്കുറിച്ച് ഇഴകീറിയുള്ള പരിശോധനകൾ നടത്തിയത്. കാലങ്ങളുടെയും ദേശങ്ങളുടെയും വ്യത്യാസത്തിനനുസരിച്ച് ഏതൊക്കെ വിധത്തിൽ വായിക്കണമെന്നും വ്യാപ്തിയോടെ അറിയണമെന്നും ഇമാമുകൾ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ഉദയാസ്തമനങ്ങൾ വ്യത്യാസപ്പെട്ടു വരുന്ന നാടുകളിൽ എങ്ങനെയൊക്കെയാണ് സമയഭേദങ്ങൾ അടയാളപ്പെടുത്തേണ്ടത് എന്ന് ഇസ്ലാമിക കർമശാസ്ത്രം വിശദമായിത്തന്നെ സ്വതന്ത്ര പഠനങ്ങൾ അറിയിച്ചിട്ടുണ്ട്.
പ്രാമാണികരായ പണ്ഡിതന്മാരുടെ ഗവേഷണങ്ങളെയും മദ്ഹബിന്റെ ഇമാമുകളുടെയും തുടർന്നുള്ള മദ്ഹബ് പിൻപറ്റി ഗവേഷണം നടത്തിയ യോഗ്യരുടെയും വാചകങ്ങളെ മാറ്റിവെച്ചുകൊണ്ട് ലഭ്യമായ ഹദീസുകളുടെ പ്രത്യക്ഷ വാചകങ്ങൾ മാത്രം പരിശോധിച്ചാൽ കാലവും ദേശവും വ്യത്യാസങ്ങൾ അടയാളപ്പെടുത്തുന്ന കർമശാസ്ത്ര നിയമങ്ങളെ പൂർണമായും വായിക്കാനോ കണ്ടെത്താനോ കഴിയില്ല. സമഗ്രമായ ഇസ്ലാമിന്റെ വിശാല തലങ്ങളെ എന്നും കൃത്യമായി ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത് കർമശാസ്ത്ര പണ്ഡിതന്മാരും അവരുടെ ഗവേഷണങ്ങളുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
